Headlines
Loading...
അശ്ലീല ഉള്ളടക്കം ഒരാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യണമെന്ന് ട്വിറ്ററിനോട് ദേശീയ വനിത കമ്മീഷന്‍

അശ്ലീല ഉള്ളടക്കം ഒരാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യണമെന്ന് ട്വിറ്ററിനോട് ദേശീയ വനിത കമ്മീഷന്‍

ന്യൂഡൽഹി: ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല ഉള്ളടക്കങ്ങൾ പൂർണമായും നീക്കംചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ ട്വിറ്ററിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ പത്രക്കുറിപ്പിൽ പറഞ്ഞു.

ട്വിറ്റർ ഇന്ത്യ മേധാവിക്ക് ദേശീയ വനിതാ കമ്മീഷൻ രേഖ ശർമ കത്തെഴുതി. ട്വിറ്ററിൽ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്ന അശ്ലീല സ്വഭാവമുള്ള എല്ലാ ഉള്ളടക്കങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ നീക്കംചെയ്യണമെന്നാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം ഉള്ളടക്കങ്ങൾ സംബന്ധിച്ച വിവരങ്ങളും കമ്മീഷൻ കൈമാറിയിട്ടുണ്ട്. വിഷയത്തിൽ കമ്പനി എടുത്ത നടപടികൾ സംബന്ധിച്ച് 10 ദിവസത്തിനകം മറുപടി നൽകാനും നിർദേശിച്ചിട്ടുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.
വിഷയത്തിൽ ട്വിറ്ററിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർക്കും വനിതാ കമ്മീഷൻ കത്തെഴുതിയിട്ടുണ്ട്. ട്വിറ്ററിനെതിരേ നേരത്തെയും ഇത്തരം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ നടപടി സ്വീകരിക്കാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നിയമങ്ങൾക്കും ട്വിറ്ററിന്റെ തന്നെ നയങ്ങൾക്കും വിരുദ്ധമാണിതെന്നും കമ്മീഷൻ കത്തിൽ വ്യക്തമാക്കി.