national
ഓല പറമ്പിലിടുന്നതിന് പിഴ; ലക്ഷദ്വീപ് ജനത ഓലമടല്‍ സമരം നടത്തുന്നു; മടല്‍ കൂട്ടിയിട്ട് മുകളില്‍ പ്ലക്കാര്‍ഡുയര്‍ത്തി
ലക്ഷദ്വീപ് അഡ്മനിസ്‌ട്രേറ്ററുടെ വിചിത്ര ഉത്തരവിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ വ്യത്യസ്ത സമരമാര്‍ഗം അവലംബിച്ച് ദ്വീപ് ജനത. തെങ്ങില്‍ നിന്നും വീഴുന്ന ഓലയും മടലും തേങ്ങയും ചിരട്ടയും പറമ്പിലിടരുതെന്ന ഉത്തരവിനെതിരെ ഓലമടല്‍ സമരവുമാാണ് ദ്വീപ് നിവാസികള്‍ പ്രതിരോധം തീര്‍ക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പറമ്പുകളില്‍ മടലും ഓലയും കൂട്ടിയിട്ട് മുകളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഖരമാലിന്യങ്ങള്‍ കൂട്ടിയിടുന്നതിന് അഡ്മിനിസിട്രേഷന്‍ പിഴ ചുമത്തുന്നതിനെതിരെയാണ് ദ്വീപ് ജനതയുടെ ചരിത്രപ്രാധാന്യം നേടുന്ന തരം സമരം.
ദ്വീപ് മലിനമാകുന്നത് ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവെന്നായിരുന്നു അഡ്മിനിസ്‌ട്രേഷന്റെ വാദം. ഖരമാലിന്യങ്ങള്‍ കത്തിക്കരുത്. അവ വാഹനങ്ങള്‍ ഇല്ലാതെ മാറ്റുവാനോ പാടില്ലെന്നും അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ദ്വീപില്‍ രാവിലെ 9 മണി മുതലാണ് സമരം നടന്നത്.
ഓരോരുത്തരുടേയും വീട്ടുപടിക്കല്‍ തന്നെയാണ് ഒരുമണിക്കൂര്‍ നേരം മടല്‍ കൂട്ടിയിട്ട് പ്രതിഷേധം നടന്നത്. ഞങ്ങളുടെ ഭൂമി ഞങ്ങളുടെ സ്വന്തം, ഫൈന്‍ നിര്‍ത്തലാക്കുക, മാലിന്യ സംസ്‌കരണത്തിന് ശരിയായ സംവിധാനങ്ങളൊരുക്കുക മുതലായ മുദ്രാവാക്യങ്ങളാണ് സമരക്കാര്‍ പ്ലക്കാര്‍ഡുകളായി ഉയര്‍ത്തിയത്. ലക്ഷദ്വീപില്‍ മാലിന്യ സംസ്‌കരണത്തിന് ശരിയായ നടപടിയെടുക്കാന്‍ ഭരണകൂടത്തിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നിട്ടും ഓലയും മടലും പറമ്പിലിടുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതിനായി ലക്ഷദ്വീപ് കളക്ടര്‍ അസകര്‍ അലി ശ്രമിച്ചതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്.