‘വളരെ വാശിയും വേദനയുമുള്ള കത്ത്, ഭയമില്ല, ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം’; ഭീഷണിക്കത്തിനെക്കുറിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ജയില്‍ തടവുപുള്ളി അയച്ച ഭീഷണിക്കത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വളരെ വാശിയും വേദനയുമുള്ള കത്താണിതെന്നും ആഭ്യന്തരമന്ത്രിയായിരിക്കെ തന്റെ കൃത്യനിര്‍വഹണം മൂലം ജയിലിലാക്കപ്പെട്ട ആളായിരിക്കാം കത്തെഴുതിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘വളരെ വാശിയും വേദനയുമുള്ള കത്താണിതെന്നാണ് മനസ്സിലായത്. എനിക്കങ്ങനെ നിത്യ ശത്രുക്കളൊന്നുമില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ എല്ലാവരുമായിട്ടും നല്ല സൗഹൃദത്തിലും നല്ല സംതൃപ്തിയിലും കഴിഞ്ഞു കൂടുന്ന ആളാണ്. ഉത്തരവാദിത്വം കൃത്യതയോടു കൂടി സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം കണക്കിലെടുത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭയപ്പാടില്ലാതെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആ നടപടികളില്‍ ക്ഷതമേറ്റ ആരെങ്കിലുമായിരിക്കും. അങ്ങനെയെങ്കില്‍ എനിക്കവരോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സംരക്ഷണം വേണമെന്ന് പറയുന്നില്ല. ജീവല്‍ ഭയത്തോടെ കഴിയുന്നെന്ന സന്ദേശമാണ് അതില്‍ നിന്നും നല്‍കുക. പക്ഷെ ഇതിന്റെ ഉറവിടം കണ്ടെത്തണം. കാരണം ഇതുപോലെ എത്രയോ ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണം. കേരളത്തിലെ ജയിലുകളില്‍ നടത്തുന്ന ഓപ്പറേഷനുകളാണിത്. അതാണ് നമ്മള്‍ കണ്ടു കൊണ്ടേയിരിക്കുന്നത്. എങ്ങനെ ആ ജയിലിലിരുന്ന് ഇതൊക്കെ ഓപ്പറേറ്റ് ചെയ്യാന്‍ പറ്റുന്നതെന്നത് വേറൊരു ചോദ്യമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
വധഭീഷണിയില്‍ തനിക്ക് ഭയമൊന്നുമില്ലെന്നും ജനിച്ചാല്‍ ഒരിടത്തു മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഭയപ്പാടൊന്നുമില്ല. ജനിച്ചാല്‍ ഒരിടത്തു മരിക്കണം. അന്തസ്സായി ജീവിക്കുക. സ്വാഭാവികമായിട്ടും അതിന്റെ പ്രതികരണങ്ങള്‍ പലതരത്തിലുണ്ടാവും. ആ പ്രതികരണങ്ങളെ ഭയപ്പെട്ടു കൊണ്ട് കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്ന് പിറകോട്ട് പോവാന്‍ കഴിയുമോ. അങ്ങനെ പിറകോട്ട് പോയാല്‍ പൊതുപ്രവര്‍ത്തനത്തില്‍ നില്‍ക്കാന്‍ കഴിയുമോ,’ മുന്‍ ആഭ്യന്തരമന്ത്രി ചോദിച്ചു.