Headlines
Loading...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരത്തുക എത്രയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ബാധ്യതയുണ്ടെന്ന സുപ്രധാന നിരീക്ഷണവും കോടതി മുന്നോട്ടുവെച്ചു.കൊവിഡ് ബാധിച്ച് മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് എത്രരൂപ വീതമാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണം എന്നാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാണക്കമെന്നും സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. കൊവിഡ് മൂലമുള്ള മരണങ്ങള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ച് മാര്‍ഗരേഖ പുറത്തിറക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കൊവിഡ്മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും പിന്നോട്ടു പോയ ദുരന്തനിവാരണ അതോറിറ്റിയുടെ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. 3.9 ലക്ഷത്തിനടുത്ത് ആളുകളാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നാലുലക്ഷത്തില്‍ താഴെയുള്ള നഷ്ടപരിഹാരത്തുക ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക്‌ തീരുമാനിക്കാമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.