national
അഴിമതി ആരോപണം; ഇരുപത് മില്ല്യണ്‍ കൊവാക്‌സിന്‍ വാങ്ങാനുള്ള കരാര്‍ നിര്‍ത്തിവെച്ച് ബ്രസീല്‍
ഇരുപത് മില്ല്യണ്‍ കൊവാക്‌സിന്‍ വാങ്ങാനുള്ള കരാര്‍ നിര്‍ത്തിവെച്ച് ബ്രസീല്‍. ഭാരത് ബയോടെക്കിന്റെ കൊവിഡ് 19 വാക്‌സിന്‍ കൊവാക്‌സിന്റെ 20 മില്ല്യണ്‍ ഡോസ് വാങ്ങാനുള്ള ബ്രസീല്‍ സര്‍ക്കാരിന്റെ കരാറാണ് താല്ക്കാലികമായി നിര്‍ത്തിവെക്കപ്പെട്ടത്.
കരാറില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൊവാക്‌സിന്‍ വാങ്ങുന്നതിനുള്ള തീരുമാനത്തില്‍ നിന്ന് ബ്രസീല്‍ പിന്‍വാങ്ങിയത്. കൊവാക്‌സിന്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി ആരോപണം ഉയര്‍ന്നത് ബ്രസീലില്‍ വന്‍ വിവാദം ഉര്‍ത്തിയിരുന്നു. തുടര്‍ന്ന് ബ്രസീല്‍ അറ്റോര്‍ണി ജനറല്‍ കരാറുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കരാര്‍ താല്ക്കാലികമായി നിര്‍ത്തിവെക്കപ്പെട്ടത്.
അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൊവാക്‌സിനുവേണ്ടിയുള്ള കരാര്‍ താല്ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് ബ്രസീല്‍ ആരോഗ്യമന്ത്രി മാര്‍സെലോ ക്യൂറിഗോ അറിയിച്ചു. കരാറില്‍ അഴിമതിയില്ലെന്നും എന്നാല്‍ കരാര്‍ സംബന്ധിച്ച് കൂടുതല്‍ വിലയിരുത്തലുകള്‍ ആവശ്യമായതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും ബ്രസീല്‍ മന്ത്രി സൂചിപ്പിച്ചു.
ബ്രസീല്‍ സര്‍ക്കാര്‍ കൊവാക്‌സിന്‍ വാങ്ങുന്നത് നിര്‍ത്തിവെച്ചത് വലിയ ശ്രദ്ധ വിളിച്ചുവരുത്തുന്ന വസ്തുതയല്ലെന്നും രാജ്യത്തെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും കരാര്‍ നിര്‍ത്തിവെച്ചത് ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി."