പത്തുവര്‍ഷം മുന്‍പ് നാരങ്ങാവെള്ളം വിറ്റുജീവിച്ചു, ഇന്ന് എസ്‌ഐ; ആനി ശിവ പറയുന്നു ‘തോറ്റുപോകരുത്’
ജീവിതത്തെ പിന്നോട്ടുവലിക്കുന്ന പ്രതിസന്ധികളുണ്ടാകുമ്പോള്‍ തോറ്റുപോകരുതെന്നും ഏത് പ്രതിസന്ധിയും നേരിടാനുള്ള കരുത്ത് കാണിക്കണമെന്നുമാണ് വര്‍ക്കല സിഐ ആനി ശിവയുടെ ജീവിതം നല്‍കുന്ന സന്ദേശം. പത്തുവര്‍ഷം മുന്‍പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാനട കാലത്ത് ഐസ്‌ക്രീമും നാരങ്ങവെള്ളവും വിറ്റിരുന്ന ആനി ശിവ ഇന്ന് അതേ സ്ഥലത്ത് സബ് ഇന്‍സ്‌പെക്ടറായാണ് നില്‍ക്കുന്നത്.
2016ല്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച ആനി അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വര്‍ക്കല റൂറല്‍ പോലീസ് സബ് ഡിവിഷന്‍ ആസ്ഥാനത്ത് സബ് ഇന്‍സ്‌പെക്ടര്‍ ആയി ചുമതലയേറ്റു. ഇതിനൊപ്പം നേടിയെടുത്ത എസ്‌ഐ പദവിയെന്ന സ്വപ്നത്തിലേക്കുള്ള പിഎസ്‌സി പഠനകാലത്തെ അനുഭവങ്ങളെക്കുറിച്ച് വിവരിക്കുന്ന ആനിയുടെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്:
2014 ജൂണിലായിരുന്നു തിരുവനന്തപുരത്തെ പ്രമുഖ പി എസ് സി കോച്ചിങ് കേന്ദ്രമായ ലക്ഷ്യയില്‍ എസ് ഐ ക്കു വേണ്ടിയുള്ള ക്രാഷ് കോഴ്‌സിന് ഞാന്‍ ജോയിന്‍ ചെയ്തത്. ആഗസ്റ്റ് 2 ന് നടന്ന എസ്‌ഐ പരീക്ഷ ആയിരുന്നു ലക്ഷ്യം. ഫീസ് കൊടുക്കുവാനുള്ള പൈസ ഒന്നും ഉണ്ടായിരുന്നില്ല, എന്റെ ചങ്ക് ബ്രോ ആയിരുന്നു ഫീസ് അടക്കാന്‍ കാശ് തന്നതും ബുക്കും പേനയും മറ്റ് അത്യാവശ്യ സാധനങ്ങള്‍ മേടിച്ചു തന്നതും പഠിക്കാന്‍ പ്രോത്സാഹനം തന്നതും.
അവിടെ എനിക്ക് രണ്ടു സുഹൃത്തുക്കളെ കംബൈന്‍ഡ് സ്റ്റഡിക്കു കിട്ടി. അഭിയും (അഭിലാഷ് എ അരുള്‍) രാകേഷും (രാകേഷ് മോഹന്‍). നമ്മള്‍ മൂന്നു പേരും ഉച്ച വരെയുള്ള പി എസ് സി ക്ലാസ് കഴിഞ്ഞു പഠിക്കാന്‍ ഇരിക്കും. ഞാന്‍ ആഹാരം കൊണ്ട് പോകാത്ത ദിവസങ്ങളില്‍ അഭിയും രാകേഷും കൊണ്ട് വന്ന ആഹാരം കഴിച്ചു ഞാനും വിശപ്പടക്കിയിരുന്നു. വൈകുന്നേരം മൂന്നര മണി ആകുമ്പോള്‍ അവിടുന്നിറങ്ങി എന്റെ ചങ്ക് ബ്രോയുടെ ഓള്‍ഡ് കാവസാക്കി ബൈക്ക് ഉന്തി തള്ളി സ്റ്റാര്‍ട്ട് ചെയ്തു മോന്റെ സ്‌കൂളില്‍ എത്തുമ്പോള്‍ നാല് മണി ആകും. അവിടെ നിന്നും മോനെ വിളിച്ചു ട്യൂഷന്‍ ടീച്ചറുടെ വീട്ടില്‍ എത്തിച്ചു തിരിച്ചു വീണ്ടും ലക്ഷ്യയിലേക്ക് എന്റെ ലക്ഷ്യം എത്തിപ്പിടിക്കാനായി.