national
ചെലവ് 20,000 കോടി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് കടൽ തൊടാനൊരുങ്ങുന്നു
കൊച്ചി: ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് വലിയ മുതൽക്കൂട്ടാവുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. പത്ത് വർഷത്തിന് ശേഷം ഇന്ത്യ ലോകത്തിലെ മൂന്ന് വലിയ സമുദ്ര ശക്തികളിലൊന്നാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനി കപ്പലായ വിക്രാന്ത് കൊച്ചിയിലെ ശാലയിലെത്തി
സമുദ്ര പ്രതിരോധത്തിൽ ആഗോള ശക്തിയാവുകയാണ് ലക്ഷ്യമെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ സേനയെ ശക്തമാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധരാണ്. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായാണ് രാജ് നാഥ് സിംഗ് കേരളത്തിലെത്തിയത്. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ദക്ഷിണ നേവൽ കമാൻഡിൽ എത്തിയിരിക്കുന്നത്.
ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം കമാൻഡിന് കീഴിലെ പരിശീലന കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിച്ചു. കമാൻഡിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. ഇന്നലെ രാത്രി ഏഴരയ്ക്ക് പ്രത്യേക വിമാനത്തിൽ നാവികസേനാ വിമാനത്താവളത്തലെത്തിയ മന്ത്രിയെ ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡിമിറൽ എകെ ചാവ്‌ലയാണ് സ്വീകരിച്ചത്.
കപ്പലിന്റെ സീ ട്രയൽ ആരംഭിക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ സന്ദർശനം. ഈ വർഷം തന്നെ കപ്പൽ പ്രവർത്തന സജ്ജമാക്കി ഇറക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കടലിലേക്ക് കൊണ്ടുപോയി യന്ത്രസംവിധാനങ്ങൾ എല്ലാം പ്രവർത്തിപ്പിച്ച് പരിശോധകൾ നടത്തുകയും കുറ്റമറ്റരീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യാനാണ് സീ ട്രയൽസ് നടത്തുന്നത്.
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ നിർമ്മിച്ച ഈ വിമാനവാഹിനി കപ്പലിന്റെ നിർമ്മാണ ചെലവ് 20,000 കോടിയാണ്. 50 ലധികം ഇന്ത്യൻ കമ്പനികളാണ് ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണം ഏറ്റെടുത്തത്. ഒരേ സമയത്ത് 30 വിമാനങ്ങളാണ് കപ്പലിന് വഹിക്കാൻ കഴിയുന്നത്. 1500 നാവികരേ ഒരേ സമയത്ത് കൊണ്ട് പോകാൻ സാധിക്കും.