ആശങ്ക ഇരട്ടിയാക്കി മറ്റൊരു ഫംഗസ് ബാധ കൂടി ; ഗുജറാത്തിൽ എട്ട് പേർക്ക് ആസ്പർജില്ലോസിസ് സ്ഥിരീകരിച്ചു
അഹമ്മദാബാദ് : ബ്ലാക്ക്, വൈറ്റ്, യെല്ലോ എന്നീ ഫംഗസുകൾക്ക് പുറമേ രാജ്യത്തെ മുഴുവൻ ആശങ്കയിലാക്കി ആസ്പർജില്ലോസിസ് രോഗം സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ ആസ്പർജില്ലോസിസ് രോഗം ഗുജറാത്തിൽ എട്ട് പേർക്ക് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗബാധ വർദ്ധിച്ചുവരുന്നതിനിടെയാണ് പുതിയ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊറോണ രോഗികളിലും രോഗം ഭേദമായവരിലുമാണ് ഈ പുതിയ രോഗം കൂടുതലായി കണ്ടുവരുന്നത്. എന്നാൽ ഇത് ബ്ലാക്ക് ഫംഗസിന്റെ അത്ര മാരകമല്ല എന്ന് വിദഗ്ധർ പറയുന്നു. രോഗപ്രതിരോധ ശേഷി കുറവുള്ളവരിലാണ് ആസ്പർജില്ലോസിസ് പ്രധാനമായും കണ്ട് വരുന്നത് എന്നാണ് വിവരം. രോഗം ബാധിച്ച എട്ട് പേരും എസ്എസ്ജി ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റിറോയ്ഡുകളുടെ അമിതമായ ഉപയോഗമാണോ ഇതിന് കാരണം എന്നതിൽ വ്യക്തത വന്നിട്ടില്ല.