Headlines
Loading...
മാതൃദിനത്തില്‍ അമ്മയ്ക്ക് നല്‍കാം ഈ സമ്മാനങ്ങള്‍

മാതൃദിനത്തില്‍ അമ്മയ്ക്ക് നല്‍കാം ഈ സമ്മാനങ്ങള്‍

സ്നേഹത്തോടെ കൊടുക്കുന്ന ഏത് സമ്മാനവും അമ്മമാർക്ക് സന്തോഷം നൽകും. അതൊരു ചെറിയ ചോക്ലേറ്റോ പൂവോ ആണെങ്കിൽ പോലും. അതിനൊപ്പം അമ്മമാർക്ക് നന്നായി ഉപകാരപ്പെടുന്ന സമ്മാനമാണെങ്കിലോ? ചൂടോടെ കാപ്പിയും ചായയും കുടിക്കാൻ ഇൻസുലേറ്റഡ് ട്രാവൽ മഗ്, മാനസികോല്ലാസത്തിന് ക്രോസ് വേർഡ് പസിൽ ബുക്ക്, സ്വസ്ഥമായി ഇരിക്കാൻ എർഗൊണോമിക് ഓഫീസ് ചെയർ...ഇങ്ങനെ അല്പം വ്യത്യസ്തമായ സമ്മാനങ്ങൾ നൽകാം.

എർഗൊണോമിക് ഓഫീസ് ചെയർ
ഒരുപാട് നേരമിരുന്ന് ജോലി ചെയ്യുമ്പോൾ നടുവേദനയും കാലുവേദനയുമുണ്ടാവാൻ സാധ്യത കൂടുതലാണ്. അങ്ങനെയുള്ളവർക്ക് ഈ ഓഫീസ് ചെയർ വളരെ സഹായകമാണ്. വീട്ടിലിരുന്ന് ഓഫീസ് ജോലി കൂടി ചെയ്യുന്ന അമ്മമാർക്ക് ഈ സമ്മാനം ഇഷ്ടപ്പെടും.

ക്രോസ് വേർഡ് പസിൽ ബുക്ക്
ടെൻഷനും മാനസികസമ്മർദവുമെല്ലാം മറികടക്കാൻ സഹായിക്കുന്ന സമ്മാനമാണിത്. ഒരു സെറ്റിൽ, കുറേ പസിലുകളുണ്ടാവും. ചുറുചുറുക്കോടെ ഓരോ പസിലുകളും പരിഹരിക്കാം. അങ്ങനെ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോഴുള്ള വിഷമവും നിരാശയും മറികടക്കാനും കഴിയും.

ടെറേറിയം
ടേബിൾ ടോപ്പിൽ വെക്കാവുന്ന ടെറേറിയവും സമ്മാനമായി നൽകാം. ചെറിയ ഗ്ലാസ് ബൗളിൽ ചെടി പിടിപ്പിച്ചാണ് ടെറേറിയം തയ്യാറാക്കുന്നത്. ഒപ്പം ചെടിച്ചട്ടിയുടെയും മറ്റും മിനിയേച്ചർ രൂപങ്ങളും ഇതിൽ ഉൾക്കൊള്ളിക്കാറുണ്ട്. ചെറിയ പച്ചപ്പ് പോലും അമ്മമാർക്ക് നൽകുന്ന സന്തോഷം വളരെ വലുതായിരിക്കും.


വയർലെസ് ഹെഡ്സെറ്റ്, ബ്ലൂടൂത്ത് ഹെഡ്സെറ്റ്
സൂം കോളോ വാട്സാപ്പ് കോളോ ചെയ്യുമ്പോൾ ഈ വയർലെസ് ഹെഡ്സെറ്റ് ഉപകരിക്കും. ഇഷ്ടമുള്ള പാട്ടുകൾ കേട്ട് മടുപ്പില്ലാതെ അടുക്കളജോലികളും മറ്റും ചെയ്യാനും പറ്റും. ഏറെനേരം നിലനിൽക്കുന്ന ബാറ്ററി നോക്കിവാങ്ങുന്നതാണ് നല്ലത്.

ഇൻസുലേറ്റഡ് ട്രാവൽ മഗ്
യാത്ര ചെയ്യുമ്പോഴും മറ്റും ചൂടുവെള്ളമോ അല്ലെങ്കിൽ കാപ്പിയോ ചായയോ ഇതിലൊഴിച്ച് കൊണ്ടുപോവാം. തണുപ്പുള്ളതും ഇതിലൊഴിച്ച് സൂക്ഷിക്കാം. താപനില അതേപോലെ നിൽക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് അമ്മമാർക്ക് ഏറ്റവും ഉപകാരപ്പെടുന്ന സമ്മാനമായിരിക്കും.

നെക്ക് ട്രാവൽ പില്ലോ
സ്ഥിരമായി യാത്ര ചെയ്യുന്ന അമ്മമാർക്ക് കൊടുക്കാൻ പറ്റിയ സമ്മാനമാണിത്. പ്രത്യേകിച്ചും കഴുത്തുവേദനയുള്ളവർക്ക്. ഓരോരുത്തരുടെയും കഴുത്തിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നവ നോക്കി വാങ്ങാം.

സ്ലീപ് ഐ മാസ്ക്
മുറിയിലെ നേർത്ത വെളിച്ചവും മറ്റും ഉറക്കത്തെ തടസ്സപ്പെടുത്തുന്നുവെന്ന് എന്നെങ്കിലും അമ്മ പരാതി പറഞ്ഞിട്ടുണ്ടോ? എങ്കിൽ സ്ലീപ് ഐ മാസ്ക് വാങ്ങിക്കൊടുക്കാം. പരിചയമില്ലാത്ത സ്ഥലത്തെ ഉറക്കവും പകലുറക്കവുമൊക്കെ സുഗമമാക്കാൻ സ്ലീപ് ഐ മാസ്ക് സഹായിക്കും.

ക്രോസ് സ്റ്റിച്ച് എംബ്രോയ്ഡറി കിറ്റ്
സ്റ്റിച്ചിങ് താത്പര്യമുള്ളവർക്ക് കൊടുക്കാൻ പറ്റിയ സമ്മാനമാണിത്. ഇതിൽ പലതരത്തിലുള്ള പാറ്റേണുകളുണ്ടാവും. അതിഷ്ടമുള്ള തുണിയിലേക്ക് അതേപോലെ പകർത്താം.

ഫോൺ ഹോൾഡർ
ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ കാലമാണിത്. അതിലെല്ലാം ഇഷ്ടംപോലെ സിനിമകളും സീരിസുകളുമുണ്ട്. ഇഷ്ടമുള്ള പരിപാടി കണ്ടുകൊണ്ട് ജോലി ചെയ്യാൻ എന്ത് രസമായിരിക്കും. അതിനായി അമ്മയ്ക്ക് നല്ലൊരു ഫോൺ ഹോൾഡർ സമ്മാനമായി നൽകാം.

ഇൻഡോർ ബോൺസായ് ട്രീ

ചെടികൾ ഇഷ്ടപ്പെടുന്നവർക്ക് ബോൺസായ് ട്രീ വാങ്ങിക്കൊടുക്കാം. അമ്മയുടെ വായനാമുറിയിലോ യോഗാമുറിയിലോ അടുക്കളയിലോ ഓഫീസിലോ വളർത്താൻ പറ്റുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഫോട്ടോ പ്രിന്റ് ചെയ്ത കോഫി മഗ്, കുഷ്യൻകവർ

അമ്മയ്ക്കേറ്റവും ഇഷ്ടമുള്ള ഫോട്ടോ പ്രിന്റ് ചെയ്ത കോഫി മഗ് സമ്മാനമായി കൊടുത്തുനോക്കൂ. അതവർക്ക് സന്തോഷം നൽകും. കുഷ്യൻ കവറിലും ഇങ്ങനെ ഫോട്ടോ പ്രിന്റ് ചെയ്തുകൊടുക്കാം.

ബെർത്ത് മന്ത് ഫ്ളവർ ഗ്ലാസ്

ഓരോ മാസത്തിൽ ജനിച്ചവർക്കും ഭാഗ്യമായി ഓരോ പൂക്കളുണ്ടാവും. ജൂണിൽ ജനിച്ചവർക്ക് റോസ്, ഓഗസ്റ്റിൽ ജനിച്ചവർക്ക് ഗ്ലാഡിയോലസ്...എന്നിങ്ങനെ. ഇവ പതിപ്പിച്ച ഗ്ലാസ് അമ്മമാർക്ക് സമ്മാനമായി നൽകാം. തികച്ചും വ്യത്യസ്തമായിരിക്കും.