Headlines
Loading...
അവർ ആ ബൈക്കിനെ ആംബുലൻസാക്കി; ക്ഷണം നേരം കൊണ്ടു ചികിത്സ ഉറപ്പാക്കി, ജീവശ്വാസമായി അശ്വിനും രേഖയും

അവർ ആ ബൈക്കിനെ ആംബുലൻസാക്കി; ക്ഷണം നേരം കൊണ്ടു ചികിത്സ ഉറപ്പാക്കി, ജീവശ്വാസമായി അശ്വിനും രേഖയും

അമ്പലപ്പുഴ ∙ അവർ ആ ബൈക്കിനെ ആംബുലൻസാക്കി ; കോവിഡ് നിരീക്ഷണത്തിലുള്ളയാൾക്കു ക്ഷണം നേരം കൊണ്ടു ചികിത്സ ഉറപ്പാക്കി. 2 മിനിറ്റ് – അ‌തു മതിയായിരുന്നു അശ്വിനും രേഖയ്ക്കും. കോവിഡ് ബാധിച്ചു  നിരീക്ഷണത്തിൽ കഴിഞ്ഞയാൾക്കു ശ്വാസംമുട്ടൽ അനുഭവപ്പെട്ടപ്പോഴായിരുന്നു ആംബുലൻസ് കാത്തുനിൽക്കാതെയുള്ള രക്ഷാപ്രവർത്തനം. പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ ഡൊമിസിലറി കെയർ സെന്ററിൽ കഴിഞ്ഞ കരൂർ സ്വദേശിയായ യുവാവിന് ഇന്നലെ രാവിലെ ഒൻപതിനാണ് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്. 87 പേർ കഴിയുന്ന അവിടെ വെന്റിലേറ്ററോ ആരോഗ്യ പ്രവർത്തകരോ ആംബുലൻസോ ഉണ്ടായിരുന്നില്ല.

അവിടെ പ്രഭാത ഭക്ഷണവുമായി എത്തിയതാണ് വൊളന്റിയർമാരും ഡിവൈഎഫ്ഐ പ്രവർത്തകരുമായ പറവൂർ പുത്തൻപറമ്പിൽ അശ്വിൻ കുഞ്ഞുമോനും (23) കുതിരപ്പന്തി കന്നിട്ടവെളിയിൽ രേഖയും (21). മുകൾ നിലയിൽ കഴിയുന്നയാൾക്ക് ശ്വാസംമുട്ടലുണ്ടെന്ന് മറ്റൊരു അന്തേവാസി അറിയിച്ചു. അവശനായ യുവാവിനെ ഉടൻ മറ്റൊരു അന്തേവാസിയുടെ സഹായത്തോടെ താഴെയെത്തിച്ചു. ഇതിനിടെ ആംബുലൻസിനായി പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്റെ സഹായം തേടി.

യുവാവിന്റെ നില വഷളാകുന്നെന്നു മനസ്സിലാക്കി അശ്വിനും രേഖയും ആംബുലൻസ് കാത്തുനിന്നില്ല. അശ്വിൻ ബൈക്ക് ഓടിച്ചു. യുവാവിനെ നടുവിലിരുത്തി രേഖ പിന്നിൽ കയറി. സമീപത്തെ സാഗര സഹകരണ ആശുപത്രിയിലേക്കു ബൈക്ക് പാഞ്ഞു. 2 മിനി‌റ്റിനുള്ളിൽ ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നൽകി. രോഗിയെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കോവിഡ് ബാധിതർക്ക് വീടുകളിൽ മരുന്നും ആഹാരവും എത്തിക്കാനും രേഖ സജീവമായിരുന്നു.