'സ്നേഹത്തിന് സുഖപ്പെടുത്താനാവാത്തതും ഒരു നേഴ്സിന് സുഖപ്പെടുത്താൻ കഴിയും' എന്നൊരു ചൊല്ലുണ്ട്. ജീവിതത്തിൽ ഡോക്ടറുടെയും നെഴ്സിന്റെയും സേവനം ലഭിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല.
ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുന്ന ജീവിതസന്ധികളെ നേരിടാൻ ചിലപ്പോൾ അവരാണ് തുണയാവുക. അങ്ങനെയാണ് സ്നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് നേഴ്സുമാർ നമ്മുടെ വേദനകളിൽ സാന്ത്വനമാകുന്നത്. ലോകമെമ്പാടുമുള്ള നേഴ്സ് സമൂഹം മെയ് 12 ലോക നേഴ്സസ് ദിനമായി എല്ലാവർഷവും ആചരിക്കുന്നു.
ചരിത്രത്തിൽ ആദ്യമായി നേഴ്സുമാർക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ൽ ആണ്. എന്നാൽ 1974ലാണ് മെയ് 12 ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. ആധുനിക നേഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇത്. നേഴ്സുമാരുടെ സമൂഹം ലോകത്തിന് നൽകിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നേഴ്സസ് ഡേ ആയി ആചരിക്കുന്നത്.
കാനഡ, അമേരിക്ക തുടങ്ങി രാജ്യങ്ങളിൽ മെയ് 6മുതൽ 12 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് നേഴ്സസ് ദിനത്തോടനുബന്ധിച്ച് നടത്താറുള്ളത്. നേഴ്സുമാരുടെ സംഭാവനകളും ത്യാഗങ്ങളും പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനാണ് ഈ ദിനം ഉദ്ദേശിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സെമിനാറുകൾ, സംവാദങ്ങൾ, മത്സരങ്ങൾ ചർച്ചകൾ തുടങ്ങിയ സംഘടിപ്പിക്കുകയും സാധാരണ ജനങ്ങളെക്കൂടി പരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സമ്മാനങ്ങളും പൂക്കളും വിതരണം ചെയ്തും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും രോഗികളും ചേർന്ന് നേഴ്സുമാരുടെ സേവനങ്ങളെ ആദരിക്കുന്നു.
അന്തർദേശീയ നെഴ്സിംഗ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ നേഴ്സസ് ഡേ കിറ്റ് തയ്യാറാക്കി എല്ലാ വർഷവും ഈ ദിനത്തിൽ വിതരണം ചെയ്യുന്നുണ്ട്.
വൈദ്യശാസ്ത്രപരമായി മാത്രമല്ല, മനശ്ശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ സേവനങ്ങളുടെ തൊഴിൽമേഖലയാണ് നേഴ്സിംഗ്. ലോകത്ത് ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും വലിയ വിഭാഗമാണ് ഇത്. പലപ്പോഴും നേഴ്സുമാരുടെ സേവനത്തിന്റെ പ്രാധാന്യം പൊതുസമൂഹം തിരിച്ചറിയാതെ പോകുന്നു എന്നതാണ് സത്യം. ഇത് ഓർമിക്കാനും അംഗീകരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ ലോക നേഴ്സസ് ദിനവും.