Headlines
Loading...
ബ്ലാക്ക് ഫംഗസ് ബാധ മലപ്പുറത്തും, അറുപത്തി രണ്ടുകാരന്റെ കണ്ണ് നീക്കം ചെയ്തു

ബ്ലാക്ക് ഫംഗസ് ബാധ മലപ്പുറത്തും, അറുപത്തി രണ്ടുകാരന്റെ കണ്ണ് നീക്കം ചെയ്തു

തിരൂർ: കോവിഡ് രോഗികൾക്കു ഭീഷണിയാകുന്ന ബ്ലാക്ക് ഫംഗസ് ബാധ മലപ്പുറം, കോട്ടയം ജില്ലകളിൽ റിപ്പോർട്ട് ചെയ്തു. മലപ്പുറം ജില്ലയിൽ ആദ്യമായാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ അറുപത്തിരണ്ടുകാരനാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസെസ് ബാധിച്ചത്. നേരത്തെ കൊല്ലം ജില്ലയിലും ഫംഗസ് റിപ്പോർട്ട് ചെയ്തിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരൂര്‍ സ്വദേശിയുടെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരമാണെങ്കിലും ഏതുനിമിഷവും മോശമാകാനുള്ള സാധ്യതയുണ്ടെന്നും ബ്ലാക്ക് ഫംഗസ് ചികിത്സ അതീവ വെല്ലുവിളി നിറഞ്ഞതാണെന്നും ആശുപത്രിയിലെ കോവിഡ് നോഡല്‍ ഓഫീസറായ ഡോക്ടര്‍ പറഞ്ഞു.


കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 25നു മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രോഗിയെ ആദ്യം പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധയുണ്ടായിരുന്നു. ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ പോയി സമ്പര്‍ക്ക വിലക്കില്‍ തുടര്‍ന്നു. ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും കാഴ്ചയ്ക്കു മങ്ങലുമുണ്ടായതോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്നു കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

കോഴിക്കോട്ടെ ആശുപത്രിയിലെ മൂന്നാമത്തെ ബ്ലാക്ക് ഫംഗസ് രോഗിയാണിത്. ആദ്യ രണ്ടുപേരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രമേഹം ഗുരുതരമായതും സ്വഭാവിക രോഗപ്രതിരോധ ശേഷി കുറഞ്ഞവരുമായ കോവിഡ് രോഗികളിലാണ് ബ്ലാക്ക് ഫംഗസ് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. തിരൂര്‍ സ്വദേശി പ്രമേഹ രോഗിയാണ്.

ബ്ലാക്ക് ഫംഗസ് ബാധ മലപ്പുറത്തും, അറുപത്തി രണ്ടുകാരന്റെ കണ്ണ് നീക്കം ചെയ്തു