kerala
‘ഹൈക്കോടതി ഉത്തരവുണ്ടായാല്‍ 600ലധികം തടവുകാര്‍ക്ക് ജാമ്യം’; നടപടി ജയിലുകളില്‍ രോഗവ്യാപനം ഉണ്ടാവാതിരിക്കാന്‍
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ഹൈക്കോടതി ഉത്തരവുണ്ടായാല്‍ 600-ലധികം വിചാരണ റിമാന്റ് തടവുകാര്‍ക്ക് ജാമ്യം ലഭിച്ചേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലുകളില്‍ രോഗ വ്യാപനം ഉണ്ടാവാതിരിക്കാന്‍ ഈ നടപടികള്‍ സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനായി കേരള സര്‍ക്കാര്‍ 15 ദിവസം പരോള്‍ അനുവദിച്ചതിനാല്‍ 600-ഓളം തടവുകാര്‍ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്. കോവിഡ് -ന്റ ഒന്നാം വ്യാപന ഘട്ടത്തില്‍ ബഹു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ബഹുഹൈക്കോടതി ശിക്ഷ തടവുകാര്‍ക്ക് പരോള്‍, വിചാരണത്തടവുകാര്‍ക്ക് ഇടക്കാല ജാമ്യം എന്നീ ആനുകൂല്യങ്ങള്‍ക്ക് ഉത്തരവ് നല്‍കുകയും 1800-ഓളം തടവുകാര്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്തിരുന്നു. ഇന്ന് സമാനമായ സുപ്രീം കോടതി ഉത്തരവുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജ് ഉള്‍പ്പെടുന്ന സമിതി ഇക്കാര്യത്തില്‍ പരിശോധന നടത്തി വരുന്നതായി അറിവുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടായാല്‍ 600-ലധികം വിചാരണ റിമാന്റ്തടവുകാര്‍ക്ക് ജാമ്യം ലഭിച്ചേക്കാം. ജയിലുകളില്‍ രോഗ വ്യാപനം ഉണ്ടാവാതിരിക്കാന്‍ ഈ നടപടികള്‍ സഹായകരമാകും.”
കൊവിഡ് ആദ്യഘട്ടത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിച്ചത് വാര്‍ഡ്തല സമിതികളായിരുന്നെന്നും എന്നാല്‍ ഈ ഘട്ടത്തില്‍ പലയിടത്തും വാര്‍ഡ്തല സമിതികള്‍ സജീവമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഡ്തല സമിതികള്‍ ഇപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്. അലംഭാവം വെടിഞ്ഞ് മുഴുവന്‍ വാര്‍ഡുകളിലും സമിതികള്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
”കോവിഡ് ആദ്യ തരംഗം ഉണ്ടായപ്പോള്‍ നിയന്ത്രിക്കാനും പ്രതിരോധിക്കാനും നമ്മുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ആ ഇടപെടല്‍ ദേശീയതലത്തില്‍തന്നെ ശ്രദ്ധയാകര്‍ഷിച്ചു. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളും അതിനെ പ്രശംസിച്ചു. രണ്ടാം തരംഗത്തില്‍ നാം കൂടുതല്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. തീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നത്. ആദ്യഘട്ടത്തില്‍ എന്നപോലെ നിര്‍ണായകമായ പങ്കുവഹിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. സംസ്ഥാനത്തെ തദ്ദേശസ്ഥാപന പ്രതിനിധികളുമായി ഇന്ന് ആശയവിനിമയം നടത്തി. ജനങ്ങളെ അണിനിരത്തിയും സര്‍ക്കാരുമായി കൈകോര്‍ത്തും ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന് എല്ലാ കഴിവും ഉപയോഗിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് നിര്‍ദേശിക്കുകയുണ്ടായി. ഒന്നാംഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരും അതിന് നേതൃത്വം നല്‍കിയവരുമായ കുറച്ചുപേര്‍ ഈ ഘട്ടത്തിലും പ്രാദേശിക സ്ഥാപനങ്ങളുടെ പ്രതിനിധികളായി തുടരുന്നുണ്ട്. അവരുടെ അനുഭവ പരിജ്ഞാനം കൂടി ഉപയോഗപ്പെടുത്തി പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങണം എന്നാണ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ”
”രണ്ടാം ഘട്ടത്തില്‍ പ്രതിരോധത്തിന് സഹായകമായി ചില ഘടകങ്ങളുണ്ട് എന്നത് ആശ്വാസകരമാണ്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ഈ അനുകൂല സാഹചര്യം. 45 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷനും ആരംഭിച്ചിരിക്കുകയാണ്. വാക്‌സിന്‍ എടുത്തു എന്നതുകൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ല. കോവിഡിന്റെ തീവ്ര വ്യാപനം തടയുക, രോഗബാധിതര്‍ക്ക് നല്ല ചികിത്സാസൗകര്യം ഉറപ്പാക്കുക, അതോടൊപ്പം എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക – ഇതാണ് സര്‍ക്കാരിന്റെ നയവും അടിയന്തര കടമയും. വലിയതോതില്‍ രോഗവ്യാപനമുള്ള ചില ജില്ലകളും പ്രദേശങ്ങളുമുണ്ട്. ചില തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വളരെ കൂടുതലാണ്. ഒരു ഘട്ടത്തില്‍ ടി.പിആര്‍ 28 ശതമാനം വരെ എത്തിയിരുന്നു. അതില്‍ അല്പം കുറവ് വന്നിട്ടുണ്ടെങ്കിലും ആശ്വസിക്കാവുന്ന നിലയിലേക്ക് നാം എത്തിയിട്ടില്ല. ടി.പി. ആര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടാകണം. ചില തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ ചികിത്സാ സൗകര്യങ്ങളുടെ കുറവ് കാണുന്നുണ്ട്. വേണ്ടത്ര സി എഫ് എല്‍ ടി സികളോ സി എല്‍ ടി സി കളോ വീടുകളില്‍ ചികിത്സിക്കാന്‍ സൗകര്യം ഇല്ലാത്തവര്‍ക്കുള്ള കേന്ദ്രങ്ങളോ ഇല്ല. ഇത്തരം കുറവുകള്‍ അടിയന്തരമായി പരിഹരിക്കണം. കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ ഉടനെ കണ്ടെത്തി മുന്നൊരുക്കങ്ങള്‍ നടത്തണം. ആവശ്യം വന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ കഴിയണം. ഇതിന്റെ ഭാഗമായി ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും ശുചീകരണ പ്രവര്‍ത്തകരെയും കണ്ടെത്തണം. ”
”ആദ്യഘട്ടത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിച്ചത് വാര്‍ഡ്തല സമിതികളായിരുന്നു. ഈ ഘട്ടത്തില്‍ പലയിടത്തും വാര്‍ഡ്തല സമിതികള്‍ സജീവമല്ല. വാര്‍ഡ്തല സമിതികള്‍ ഇപ്പോഴും വന്നിട്ടില്ലാത്ത ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്. അലംഭാവം വെടിഞ്ഞ് മുഴുവന്‍ വാര്‍ഡുകളിലും സമിതികള്‍ രൂപീകരിക്കണം. വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ അവരുടെ വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് പൊതുവായ വിലയിരുത്തല്‍ നടത്തേണ്ടത് അനിവാര്യമാണ്. വ്യാപനത്തിന്റെ ശരിയായ നില മനസ്സിലാക്കി പഞ്ചായത്ത് തലത്തിലോ മുനിസിപ്പാലിറ്റി – കോര്‍പ്പറേഷന്‍ തലത്തിലോ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് റിപ്പോര്‍ട്ട് ചെയ്യണം. ചില കാര്യങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണസംവിധാനത്തിന്റെയോ ഇടപെടലോ സഹായമോ ആവശ്യമായിരിക്കും. അത്തരം കാര്യങ്ങള്‍ അവരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. അവരുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കുകയാണെങ്കില്‍ മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. ബോധവല്‍ക്കരണവും പ്രധാനമാണ്. ഓരോ കുടുംബവും ഓരോ വ്യക്തിയും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമുണ്ട്. ഇതിന്റെ ഉത്തരവാദിത്വവും വാര്‍ഡ് തല സമിതികള്‍ ഏറ്റെടുക്കണം. സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് വളരെ ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയും.”
”രോഗം ബാധിച്ചവര്‍ക്ക് വൈദ്യസഹായം എപ്പോള്‍ വേണം, ആശുപത്രി സേവനം എപ്പോള്‍ വേണം എന്നീ കാര്യങ്ങളില്‍ വാര്‍ഡ് തല സമിതികള്‍ക്ക് വ്യക്തമായ ധാരണ വേണം. അതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലന്‍സിന്റെ പട്ടിക തയ്യാറാക്കണം. ആംബുലന്‍സ് തികയുന്നില്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയും ഉണ്ടാകണം. അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ലിസ്റ്റും കരുതി വെക്കണം. ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. കിട്ടാത്ത മരുന്നുകള്‍ മറ്റിടങ്ങളില്‍ നിന്ന് എത്തിക്കണം. മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിന് ഉണ്ടോ എന്ന് പരിശോധിക്കണം. ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന പ്രശ്‌നമുണ്ടെങ്കില്‍ ജില്ലാ ഭരണസംവിധാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. പള്‍സ് ഓക്‌സിമീറ്റര്‍ , മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തല സമിതികള്‍ക്ക് ആവശ്യമായ സഹായം അപ്പപ്പോള്‍ ലഭ്യമാക്കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനും വാര്‍ഡ് സമിതികള്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിയും. ശവശരീരം മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മറവ് ചെയ്യാനോ സംസ്‌കരിക്കാനോ ഉള്ള സഹായവും വാര്‍ഡ് തല സമിതികള്‍ നല്‍കണം. മുന്‍പ് വാങ്ങിയവരില്‍ നിന്നും പള്‍സ് ഓക്‌സി മീറ്ററുകള്‍ ശേഖരിച്ച് അതിന്റെ ഒരു പൂള്‍ ഉണ്ടാക്കാനും വാര്‍ഡ് തല സമിതികള്‍ നേതൃത്വം കൊടുക്കണം. അനാവശ്യ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെയോ ജില്ലാ ഭരണസംവിധാനത്തെയോ അറിയിക്കണം. ”
”വാര്‍ഡ് തല സമിതി അംഗങ്ങളെ കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പ്രവര്‍ത്തകരായാണ് കാണുന്നത്. 18 – 45 പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ ഇവര്‍ക്ക് മുന്‍ഗണന ഉണ്ടാവും. കാരണം രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് വാര്‍ഡ് സമിതി അംഗങ്ങള്‍. അവര്‍ സ്വയം മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധസേന രൂപീകരിക്കണം. സന്നദ്ധപ്രവര്‍ത്തകര്‍, മെഡിക്കല്‍ രംഗത്തുള്ളവര്‍, പാരാമെഡിക്കല്‍ രംഗത്തുള്ളവര്‍ എന്നിവരുടെ പട്ടിക ആദ്യമേ തയ്യാറാക്കണം. വയോജനങ്ങളുടെ എണ്ണം കേരളത്തില്‍ താരതമ്യേന കൂടുതലാണ്. പലരും മറ്റു വിവിധ രോഗങ്ങള്‍ ഉള്ളവരുമാണ്. അതുപോലെ അശരണരും കിടപ്പുരോഗികളും ഉണ്ട്. ഇവരുടെ പട്ടിക വാര്‍ഡ് തലസമിതികള്‍ തയ്യാറാക്കണം. ഇവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കണം. ഭിന്നശേഷിക്കാരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ ഉണ്ടാകണം. പ്രാദേശിക സ്ഥാപനതലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും ഇന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ് ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളെ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും കണ്‍ട്രോള്‍റൂമില്‍ ഉണ്ടാകണം. ഇതിന്റെ ഭാഗമായി മെഡിക്കല്‍ ടീമിനെ സജ്ജമാക്കണം. സാധിക്കുമെങ്കില്‍ ഒന്നിലധികം മെഡിക്കല്‍ ടീം രൂപീകരിക്കണം. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരെ അതത് പ്രദേശത്തെ മെഡിക്കല്‍ ടീമില്‍ പെടുത്താവുന്നതാണ്. ”