Headlines
Loading...
കിടക്കകൾ നിറഞ്ഞു; 4 രോഗികള്‍ ആശുപത്രി മുറ്റത്ത് ചികില്‍സ കിട്ടാതെ മരിച്ചു

കിടക്കകൾ നിറഞ്ഞു; 4 രോഗികള്‍ ആശുപത്രി മുറ്റത്ത് ചികില്‍സ കിട്ടാതെ മരിച്ചു

ചെന്നൈയില്‍ ആശുപത്രി മുറ്റത്തു ചികില്‍സ കിട്ടാതെ നാലു കോവിഡ് രോഗികള്‍ മരിച്ചു. ഏറ്റവും വലിയ കോവിഡ് ആശുപത്രിയായ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രി മുറ്റത്ത് രോഗികള്‍ ചികില്‍സയ്ക്കായി  ആംബുലന്‍സില്‍ കാത്തുകിടന്നതു നാലുമണിക്കൂറിലേറെ സമയം. ആശുപത്രിയില്‍ കിടക്കകള്‍ ഒഴിവില്ലാത്താണു ദുരന്തത്തിനിടയാക്കിയത്. അതിനിടെ ആഗോള ടെണ്ടര്‍ വഴി വാക്സിന്‍ വാങ്ങാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശ്രമം തുടങ്ങി.


തമിഴ്നാട്ടിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായ ചെന്നൈ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് പ്രതിസന്ധി തുടങ്ങിയത്. 1200 കിടക്കളും നിറഞ്ഞു. ഒരാളെ പോലും മാറ്റി പുതിയ ആളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം. അതേ സമയം റഫറല്‍ കേന്ദ്രമായ ജനറല്‍ ആശുപത്രിയിലേക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളായ കാഞ്ചിപുരം, ചെങ്കല്‍പേട്ട്, തിരുവെള്ളൂര്‍ എന്നിവടങ്ങളില്‍ നിന്നും രോഗികളുമായി ആംബുലന്‍സുകള്‍ എത്തികൊണ്ടിരുന്നു. ആശുപത്രി മുറ്റത്ത് ആംബുലന്‍സുകള്‍ ഊഴം കാത്തിരുന്നു. 

നന്ദനം ട്രേഡ് സെന്ററില്‍ തുടങ്ങിയ താൽക്കാലിക ആശുപത്രിലേക്ക് അടക്കം അതീവ ഗുരുതരമല്ലാത്തവരെ മാറ്റാെനടുത്തതു നാലുമണിക്കൂര്‍ സമയം. ഇതിനിടെ ഡോക്ടര്‍മാര്‍ ആംബുലന്‍സുകളിലെത്തി അടിയന്തര ചികില്‍സ നല്‍കിയെങ്കിലും നാലുപേര്‍ മരിച്ചു. ഓക്സിജനും വെന്റിലേറ്ററുകളും ആവശ്യമുള്ള രോഗികളുടെ എണ്ണം പെട്ടെന്നു വര്‍ധിക്കാന്‍ തുടങ്ങിയതാണു പ്രതിസന്ധിക്കിടയാക്കുന്നത്.

അതിനിടെ സി.പി.ഐ.ദേശീയ സെക്രട്ടറി ഡി.രാജയുടെ ഇളയ സഹോദരന്‍ കരുണാകരന്‍ വെല്ലൂരില്‍ കോവിഡ് ബാധിച്ചു മരിച്ചു. മൂത്തസഹോദരന്‍ സെല്‍വനും സഹോദരി പൂവഴങ്ങിയും ആഴ്ചകള്‍ക്കു മുമ്പ് മരിച്ചിരുന്നു. 

രൂക്ഷമായ പ്രതിസന്ധിക്കിടെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റിന്റെ പ്ലാന്റില്‍ നിന്ന് ഓക്സിജന്‍ ഉല്‍പാദനം തുടങ്ങി. ആദ്യ ലോഡ് തിരുനല്‍വേലി ജനറല്‍ ആശുപത്രിയിലേക്ക് അയച്ചതായി തൂത്തുക്കുടി കലക്ടര്‍ അറിയിച്ചു. ഇതോടെ ഓക്സിജനായി അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കഴിയുമെന്നാണ് തമിഴ്നാടിന്റെ പ്രതീക്ഷ. അടിയന്തര സഹായംതേടിയതിനെ തുടര്‍ന്ന് ഇന്നലെ കേരളം ഒരു ടാങ്കര്‍ ലോറി ഓക്സിജന്‍ മധുര മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചിരുന്നു.