
national
കേരളത്തിലേക്ക് മടങ്ങാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മദനി സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡൽഹി: ബെംഗളൂരു സ്ഫോടന കേസിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ നാസർ മദനി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യ സ്ഥിതി മോശമാകുന്നതിനാൽ ജന്മദേശത്തേക്ക് പോകാൻ അനുവദിക്കണം എന്നാണ് ആവശ്യം. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ളു അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
ബെംഗളൂരു സ്ഫോടന കേസിലെ വിചാരണ പൂർത്തിയാകുന്നതു വരെ മദനിക്ക് ജാമ്യത്തിൽ കഴിയാമെന്ന് 2014 ജൂലായിൽ പുറപ്പടിവിച്ച ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രമേഹവും ഹൃദ്രോഹവും ഉൾപ്പടെ നിരവധി അസുഖങ്ങൾ അലട്ടുന്നതിനാൽ ആയിരുന്നു മദനിക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ കാലയളവിൽ ബെംഗളൂരു വിട്ട് മദനി പോകരുതെന്നും നിർദേശിച്ചിരുന്നു.
ബെംഗളൂരു സ്ഫോടന കേസിന്റെ വിചാരണ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് 2014 നവംബർ 14 ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമക്കായിരുന്നതാണ്. എന്നാൽ ആറ് വർഷം കഴിഞ്ഞിട്ടും വിചാരണ പൂർത്തിയായിട്ടില്ല. വിചാരണ കോടതിയിലെ പഴയ ജഡ്ജി സ്ഥലംമാറി പോയതിനുശേഷം പുതിയ ജഡ്ജിയെ നിയമിച്ചിട്ടില്ല. നിലവിൽ വിചാരണ നടപടികൾ ഒച്ച് ഇഴയുന്ന വേഗത്തിലാണ് പോകുന്നതെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ മദനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബെംഗളൂരുവിൽ കോവിഡ് കേസ്സുകളുടെ എണ്ണം കൂടുന്നതിനാൽ ആവശ്യമായ ചികത്സ ലഭിക്കുന്നില്ല. അച്ഛന്റെ ആരോഗ്യ സ്ഥിതിയും മോശമാണെന്ന് മദനി തന്റെ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.