national
നിരോധനജ്ഞ: പരിഭ്രാന്തരാകേണ്ടെന്ന് മുംബൈക്കാരോട് അഭ്യര്‍ഥിച്ച് സെന്‍ട്രല്‍ റെയില്‍വേ
മുംബൈ: നിരോധനജ്ഞ പ്രാബല്യത്തിൽ വരുന്നതിനെ ചൊല്ലി പരിഭ്രാന്തരാകരുതെന്നും റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കണമെന്നും മുംബൈ ജനതയോട് അഭ്യർഥിച്ച് സെൻട്രൽ റെയിൽവേ. ഏപ്രിൽ 14ന് രാത്രി എട്ടുമുതൽ മുതൽ 15 ദിവസത്തേക്ക് മഹാരാഷ്ട്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ റെയിൽവേ സ്റ്റേഷനുകളിൽ പതിവിൽ കവിഞ്ഞ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ഉറപ്പായ ടിക്കറ്റ് ഉളളവരെ മാത്രമേ സ്പെഷ്യൽ ട്രെയിനുകളിൽ കയറാൻ അനുവദിക്കൂവെന്നും ട്രെയിൻ പുറപ്പെടുന്നതിന് ഒന്നരമണിക്കൂർ മുമ്പ് അവർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരണമെന്നും സെൻട്രൽ റെയിൽവേയുടെ മുഖ്യ പബ്ലിക് റിലേഷൻസ് ഓഫീസർ ശിവാജി സുതർ പറഞ്ഞു. അതേസമയം അസാധാരണമായ തിരക്ക് റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെടുന്നില്ലെന്ന് സെൻട്രൽ റെയിൽവേ അവകാശപ്പെട്ടു.
ആളുകൾ ഇരച്ചെത്തുന്ന ലോകമാന്യതിലക് ടെർമിനസിന് പുറത്ത് റെയിൽ സുരക്ഷാസേനയും റെയിൽവേ പോലീസും കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ഏപ്രിൽ 14 മുതൽ മെയ് ഒന്നുവരെ അവശ്യസേവനങ്ങൾക്ക് മാത്രമാണ് മഹാരാഷ്ട്രയിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ദിവസവേതനക്കാരായ തൊഴിലാളികൾ പരിഭ്രാന്തരായതായും ഇവർ ദീർഘദൂര ട്രെയിനുകളിൽ കയറിപ്പറ്റുന്നതിനായി റെയിൽവേ സ്റ്റേഷനുകളിൽ ക്യൂ നിൽക്കുകയാണെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.