Headlines
Loading...
4.34 ലക്ഷം ഇരട്ടവോട്ട്; ഓപ്പറേഷന്‍ ട്വിൻസ്  വെബ്സൈറ്റിലൂടെ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷം

4.34 ലക്ഷം ഇരട്ടവോട്ട്; ഓപ്പറേഷന്‍ ട്വിൻസ് വെബ്സൈറ്റിലൂടെ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷം

4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങള്‍ പ്രതിപക്ഷം പുറത്തുവിട്ടു. ‘ഓപ്പറേഷന്‍ ട്വിന്‍സ് ’ എന്ന വെബ്സൈറ്റിലൂടെയാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഒരു മണ്ഡലത്തിലെ  ഒരേ ഫോട്ടോയുളള ഇരട്ടവോട്ടുകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്ലുണ്ട്. വിവിധ മണ്ഡലങ്ങളില്‍  ഒരു ഫോട്ടോ ഉപയോഗിച്ചുളള ഇരട്ടവോട്ടുകളും www.operationtwins.com സൈറ്റിൽ കൊടുത്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഇരട്ടവോട്ടുകള്‍ നാദാപുരത്ത് – 6171. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് 1600  എണ്ണം. പ്രതിപക്ഷനേതാവിന്റെ മണ്ഡലമായ ഹരിപ്പാട്ട് 1015 ഇരട്ട വോട്ടുകളുണ്ട്. 

നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാർഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡിനമ്പര്‍, അതേ വ്യക്തിക്ക് മറ്റു ബൂത്തുകളില്‍ ഉള്ള  വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പർ, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

വെബ്‌സൈറ്റിലെ ഈ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുമെന്നാണ് വിവരം.  ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്‌ഡേഷനുകളില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്‌സൈറ്റില്‍  ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കും. എല്ലാ പൊതുപ്രവര്‍ത്തകരും   വോട്ടര്‍മാരും ഈ  സൗകര്യം  പ്രയോജനപ്പെടുത്തി കള്ളവോട്ടിനുള്ള സാധ്യതകള്‍ പരമാവധി തടയണമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചു.

ഒന്നിലധികം വോട്ടുള്ളവരുടെ വിവരങ്ങള്‍ രാത്രി 9 മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ഇരട്ടവോട്ടുള്ളവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിര്‍ദേശം തമാശയാണ്. ഒന്നിലധികം വോട്ടുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പോസ്റ്റല്‍ വോട്ട് ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു