assembly election 2021
kerala
പോസ്റ്റൽ വോട്ടിംഗ് തുടങ്ങി, ചിലയിടങ്ങളിൽ മുടങ്ങി
തിരുവനന്തപുരം: പ്രായം ചെന്നവർ, ഭിന്നശേഷിക്കാർ, കൊവിഡ് രോഗികൾ തുടങ്ങിയവർക്കുള്ള പാേസ്റ്റൽ വോട്ടിംഗ് ഇന്നലെ ആരംഭിച്ചെങ്കിലും പോളിംഗ് സാമഗ്രികൾ എത്താത്തതിനാൽ ചില ഭാഗങ്ങളിൽ മുടങ്ങി. അതേസമയം പലയിടത്തും വോട്ടിംഗ് കൃത്യമായി നടക്കുകയും ചെയ്തു. ഏപ്രിൽ 2 വരെയാണ് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള സൗകര്യം.
പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചവരുടെ വീട്ടിൽ പോളിംഗ് ഉദ്യോഗസ്ഥരെത്തി ബാലറ്റ് നൽകി വോട്ട് രേഖപ്പെടുത്തുന്ന സംവിധാനമാണ്. ഇതിനായി സ്പെഷ്യൽ പോളിംഗ് ഓഫീസർമാർ അതത് ബ്ളോക്ക് ഓഫീസുകളിൽ എത്തണമെന്നായിരുന്നു അറിയിപ്പ്. വോട്ട് രേഖപ്പെടുത്തേണ്ട രീതിയെപ്പറ്റി ഉദ്യോഗസ്ഥർക്ക് പരിശീലനവും നൽകിയിരുന്നു.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ഓച്ചിറ തുടങ്ങിയ ബ്ളോക്കുകൾ ബാലറ്റ് ഉൾപ്പെടെ എത്താത്ത സ്ഥലങ്ങളിൽപ്പെടുന്നു. സ്പെഷ്യൽ പോളിംഗ് ഓഫീസർമാർ ഇന്നലെ രാവിലെ ബ്ളോക്ക് ഓഫീസുകളിലെത്തിയപ്പോഴാണ് ഇക്കാര്യമറിയുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പോലും ഉണ്ടായിരുന്നില്ലെന്ന് ആരോപണവുമുണ്ട്. ഇനി എന്ന് വരണമെന്ന് അറിയിപ്പും നൽകിയില്ല. പോളിംഗ് സാഗ്രികൾ എത്താത്തിടത്ത് ഇന്ന് എത്തിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.സ്പെഷ്യൽ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ അഞ്ച് പേർ അടങ്ങുന്ന ടീമാണ് വീടുകളിലെത്തുന്നത്. പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നവരാണ് മറ്റുള്ളവർ. സ്ഥാനാർത്ഥികളുടെ പ്രതിനിധികളെയും അറിയിക്കും. ബൂത്തുകളിലേതു പോലെ രഹസ്യമായാണ് പോസ്റ്റൽ വോട്ടും രേഖപ്പെടുത്തേണ്ടത്. വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് പേപ്പർ വോട്ടറുടെ മുന്നിൽ വച്ച് കവറിലിട്ട് സീൽ ചെയ്ത് കൊണ്ടു പോകും.