kerala
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന സംശയം
അടിമാലി[ Live Today Malayalam ]: കുരിശുപാറയിൽ വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന സംശയത്തിൽ പൊലീസ്. കുരിശുപാറ സ്വദേശി അറക്കൽ ഗോപിയെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിയുടെ മുഖത്തും തലയിലും മുറിപാടുകൾ ഉണ്ടായിരുന്നു.
കുരിശുപാറയിൽ ഏലത്തോട്ടത്തിന് നടുവിലെ വീട്ടിൽ ഒറ്റക്കായിരുന്നു ഗോപിയുടെ താമസം. രാവിലെ ഏറെ വൈകിയിട്ടും ഗോപിയെ പുറത്ത് കാണാതായതോടെ നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. ഗോപിയുടെ വീടിന്റെ മുൻവാതിൽ പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ഗോപിയുടെ മൃതദേഹം കാണപ്പെട്ട മുറിയും അടച്ചിട്ടിരുന്നതായാണ് പൊലീസ് നൽകുന്ന സൂചന. ഒപ്പം ഗോപിയുടെ സ്വർണ മാലയും കാണാനില്ല. മുഖത്തും തലയ്ക്കും സാരമായി മർദ്ദനം ഏറ്റത്തിന്റെ അടയാളങ്ങൾ ഉണ്ട്.