assembly election 2021
kerala
പി ജയരാജനെ സിപിഐഎം ഒറ്റപ്പെടുത്തുന്നെന്ന് കെ സുധാകരന്‍; ‘ഒരുകാലത്ത് പാര്‍ട്ടി നൂറുശതമാനം ഉപയോഗിച്ച നേതാവ്, ആര്‍എസ്എസ് ചര്‍ച്ചയില്‍ ജയരാജനെ മാത്രം പ്രതിക്കൂട്ടില്‍ കയറ്റാന്‍ പറ്റില്ല’
കണ്ണൂര്‍ [ Live Today Malayalam ]: കണ്ണൂരിലെ മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജനെ പാര്‍ട്ടി ഒറ്റപ്പെടുത്തുകയാണെന്ന പ്രതീതി പൊതുവിലുണ്ടെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. ആര്‍എസ്എസ് ചര്‍ച്ചയെക്കുറിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍ നിഷേധിച്ച കാര്യം ജയരാജന്‍ തുറന്നുപറഞ്ഞത് സിപിഐഎമ്മില്‍ സംഭവിക്കാറില്ലാത്ത കാര്യമാണ്. ഇവയിലൊന്നും ജയരാജനെ മാത്രം പ്രതിക്കൂട്ടില്‍ കയറ്റാന്‍ കഴിയില്ലെന്നും എന്നാല്‍ അവയൊന്നും കോണ്‍ഗ്രസിനെ ബാധിക്കുന്ന കാര്യങ്ങളല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
‘പി ജയരാജനെ ഒറ്റപ്പെടുത്തുന്ന പ്രതീതിയാണ് പൊതുവിലുള്ളത്. അത് ഞങ്ങളുടെ കാര്യമല്ല. സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. ഇതോടെ സിപിഐഎമ്മിലുണ്ടായിരുക്കുന്ന വിള്ളല്‍ എതിര്‍പാര്‍ട്ടിക്ക് സഹായകരമാകും. അതൊന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ജയരാജനും ജയരാജന്മാരെല്ലാവരും ഒറ്റക്കെട്ടായി മറുഭാഗത്ത് നിന്നാലും കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് ലഭിക്കേണ്ട സീറ്റുകള്‍ യുഡിഎഫ് തന്നെ നേടും’, അദ്ദേഹം പറഞ്ഞു.
‘ആര്‍എസ്എസുമായി ചര്‍ച്ച നടത്തി എന്ന് ജയരാജന്‍ പറഞ്ഞത് സിപിഐഎമ്മില്‍ സാധാരണ ഗതിയില്‍ ഇല്ലാത്ത ഒരു സംഭവമാണ്. ഗോവിന്ദന്‍ മാഷ് നിഷേധിച്ച വസ്തുത ശരിയായിരുന്നെന്ന് പത്രക്കാരോട് പറഞ്ഞത് സിപിഐഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ സംഭവങ്ങളില്‍ ഒന്നാണ്. സ്വാഭാവികമായും അതിനനുസരിച്ച കലാപം പാര്‍ട്ടിക്കകത്ത് നടക്കുന്നുണ്ട്. ഒരുകാലത്ത് പാര്‍ട്ടി നൂറുശതമാനവും ഉപയോഗിച്ച പി ജയരാജനെ ഇപ്പോള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ക്ക് അതില്‍ സന്തോഷവുമില്ല. വേവലാതിയുമില്ല. അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ ദൃക്‌സാക്ഷി എന്ന നിലയ്ക്ക് മനസിനുള്ളിലുണ്ട്. അതവരുടെ ആഭ്യന്തര കാര്യമാണ്. അവര്‍ക്ക് ഒറ്റപ്പെടുത്താം. പുറത്താക്കാം. മത്സരിപ്പിക്കാം. മത്സരിപ്പിക്കാതിരിക്കാം. അതൊക്കെ സിപിഐഎമ്മിന്റെ ആഭ്യന്തരകാര്യം മാത്രമാണ്’, സുധാകരന്‍ വിശദീകരിച്ചു.
എംഎല്‍എയുടെ സാന്നിധ്യത്തില്‍ ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ച സിപിഐഎം തീരുമാനിച്ച് നടത്തിയതാണ്. അതില്‍ ജയരാജനെ മാത്രമൊന്നും പ്രതിക്കൂട്ടില്‍ കയറ്റാന്‍ പറ്റില്ല. അത് നടന്നു എന്ന് സത്യസന്ധമായി പറഞ്ഞതാണ് ജയരാജന്റെ ഭാഗത്തുനിന്നുണ്ടായത്. അത് നിഷേധിച്ചതാണ് താത്വികാചാര്യനായിട്ടുള്ള ഗോവിന്ദന്‍ മാസ്റ്ററുടെ നിഷേധാത്മകമായ മുഖമെന്നും അദ്ദേഹം തുറന്നടിച്ചു.
രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളെ ഇനി പരിഗണ്ിക്കേണ്ട തീരുമാനത്തില്‍ ചില ഇളവുകളുണ്ടാകുമെന്ന സൂചനയും സുധാകരന്‍ നല്‍കി. ‘സിപിഐഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളായ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ദുര്‍ലഭമാകുന്ന സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി കര്‍ക്കശമായി പറഞ്ഞ് മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളുണ്ട്. സതീശന്‍ പാച്ചേനി അങ്ങനെ മൂന്ന് തവണ മത്സരിച്ച സ്ഥാനാര്‍ത്ഥിയാണ്. മലമ്പുഴയില്‍ മത്സരിക്കാന്‍ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ പലരും തയ്യാറാവാത്ത ഘട്ടങ്ങളില്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് രണ്ട് തവണ സതീശന്‍ മലമ്പുഴയില്‍ മത്സരിച്ചത്. അദ്ദേഹത്തിന്റെ ക്വാട്ടിയില്‍ ആ മത്സരങ്ങളെ കൂട്ടുന്നത് ശരിയാണോ? പാര്‍ട്ടി ആവശ്യപ്പെട്ട് ഒരു തവണ കൂത്തുപറമ്പിലും മത്സരിച്ചു. ആ മത്സരമൊന്നും ഈ കണക്കുകളില്‍ വരില്ല. അത് സതീശന് മാത്രമല്ല, കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബാധകമാണ്’.
എവി ഗോപിനാഥനെ പാലക്കാട് ഡിസിസി അധ്യക്ഷനാക്കി പ്രഖ്യാപിക്കാന്‍ കെപിസിസിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.