കൊച്ചി [ Live Today Malayalam ]: പാലാരിവട്ടം പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകി. വൈകീട്ട് നാലിന് പൊതുമരാത്ത് വകുപ്പ് ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയറാണ് മേൽപ്പാലം തുറന്നു നൽകിയത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനച്ചടങ്ങുകൾ ഉണ്ടായിരുന്നില്ല. മന്ത്രി ജി.സുധാകരന്റെ വാഹനമാണ് ആദ്യം കടത്തിവിട്ടത്. പാലത്തിന്റെ പണി വേഗത്തിൽ പൂർത്തിയാക്കിയതിൽ ഇ. ശ്രീധരനെ ജി.സുധാകരൻ അഭിനന്ദിച്ചു. ഡിഎം.ആർ.സി. ഇ.ശ്രീധരൻ, ഊരാളുങ്കൽ സൊസൈറ്റി എന്നീ കൂട്ടായ്മയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ചു മാസവും 10 ദിവസവും കൊണ്ടാണ് മേൽപ്പാലത്തിന്റെ പുനർനിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പറഞ്ഞിരുന്നതിലും നേരത്തേ പുനർ നിർമാണം പൂർത്തിയാക്കിയത്. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി.യാണ് നിർമാണ മേൽനോട്ടം നടത്തിയത്. തൊഴിലാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിലൂടെ നന്ദി അറിയിച്ചു. വിപ്ലവ കവിയായ ബർതോൾഡ് ബ്രെഹ്തിന്റെ കവിതാ ഭാഗങ്ങൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി തൊഴിലാളികളെ പ്രശംസിച്ചത്. അതേസമയം അദ്ദേഹത്തിന്റെ പ്രശംസയിൽ ഇ.ശ്രീധരന്റെ പേരില്ല എന്നതും ശ്രദ്ധേയമാണ്.
'തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?'
മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികൾ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തന്റെ വിയർപ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പിണറായി വിജയൻ കുറിച്ചു.
ഈ സർക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങൾ നമ്മൾ സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വൻകിട പദ്ധതികൾ യാഥാർഥ്യമാക്കിയിട്ടുണ്ട്. എന്നാൽ അവയെല്ലാം സാധ്യമായത് സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടെ പ്രയത്നംകൊണ്ടു കൂടിയാണ്.
പൂർത്തീകരിക്കാൻ 18 മാസമെടുക്കുമെന്ന് തുടക്കത്തിൽ കരുതിയ പാലാരിവട്ടം പാലം ആറ് മാസമാകുന്നതിനു മുൻപ് നമുക്ക് പണിതീർക്കാൻ സാധിച്ചെങ്കിൽ, അതിന്റെ കാരണം ആ ലക്ഷ്യത്തിനായി സ്വയമർപ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നത്.
ഈ നാടിന്റെ വികസനത്തിനായി, ഈ സർക്കാർ സ്വപ്നം കണ്ട പദ്ധതികൾ സാക്ഷാൽക്കരിക്കുന്നതിനായി തന്റെ അദ്ധ്വാനം നീക്കിവച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂർവം നന്ദി പറയുന്നു. നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിന്റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.