Headlines
Loading...
മേഴ്‌സിക്കുട്ടിയമ്മ ഒളിച്ചുകളിച്ചാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടും, ജയരാജനും അഴിമതിയിൽ പങ്ക്: ചെന്നിത്തല

മേഴ്‌സിക്കുട്ടിയമ്മ ഒളിച്ചുകളിച്ചാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടും, ജയരാജനും അഴിമതിയിൽ പങ്ക്: ചെന്നിത്തല

കൊല്ലം: ഇ.എം.സി.സി. അഴിമതി ആരോപണത്തിൽ ഫിഷറീസ് വകുപ്പുമന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും വ്യവസായ വകുപ്പുമന്ത്രി ഇ.പി. ജയരാജനും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളതീരത്ത് അമേരിക്കൻ കമ്പനി ഇ.എം.സി.സിക്ക് മത്സ്യബന്ധനത്തിന് അനുമതി നൽകിയതിൽ അഴിമതി നടന്നുവെന്ന് ചെന്നിത്തല ഇന്ന് ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ചെന്നിത്തലയുടെ ആരോപണം മേഴ്സിക്കുട്ടിയമ്മ നിഷേധിച്ചു. ഇതിനു പിന്നാലെയാണ് മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുമായി ചെന്നിത്തല രംഗത്തെത്തിയത്.

കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാൻ വേണ്ടി 400 വിദേശ ട്രോളറുകൾക്കും അഞ്ച് മദർഷിപ്പുകൾക്കും ഇ.എം.സി.സി. കമ്പനിക്ക് കരാർ ഉറപ്പിച്ച മന്ത്രിയാണ് മേഴ്സിക്കുട്ടിയമ്മയെന്ന് ചെന്നിത്തല പറഞ്ഞു. മേഴ്സിക്കുട്ടിയമ്മയുമായി കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രി പദ്ധതി സ്വാഗതം ചെയ്യുന്നുവെന്നും ഇ.എം.സി.സിയുടെ കത്ത് പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപം നടത്താൻ മന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചുവെന്നും ഇ.എം.സി.സിയുടെ കത്തിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ന്യൂയോർക്കിൽ പോയത് യു.എൻ. ചർച്ചയ്ക്കാണെന്ന് മന്ത്രി പറയുന്നു. എന്നാൽ മന്ത്രി തങ്ങളുമായി 2018ൽ ചർച്ച നടത്തിയെന്ന് കമ്പനി പറയുന്നു. ഇനിയും ഒളിച്ചു കളിച്ചാൽ കൂടുതൽ രേഖകൾ പുറത്തുവിടുമെന്ന് മേഴ്സിക്കുട്ടിയമ്മയോടു പറയാൻ ആഗ്രഹിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.


മന്ത്രി ഇ.പി. ജയരാജനും ഈ കാര്യത്തിൽ പങ്കുണ്ട്. ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ചെയർമാൻ ടോം ജോസ് ആണ്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് ചെറിയ സ്ഥാപനത്തിന്റെ ചെയർമാനായി പോകുന്നത് എന്തിനാണെന്ന് ഞങ്ങളൊക്കെ വിചാരിച്ചിരുന്നു. ഇപ്പോഴാണ് മനസ്സിലായത് പോയതിന്റെ ഉദ്ദേശ്യമെന്താണെന്ന്. 5,000 കോടിരൂപയുടെ നിക്ഷേപം കേരളത്തിൽ കൊണ്ടുവരുന്ന പദ്ധതിയാണിത്. ഇതിന്റെ ആത്യന്തികഫലം എന്താകും? കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താൻ കഴിയാത്ത അവസ്ഥയുണ്ടാകും.

ഇ.എം.സി.സി. കമ്പനിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സംസ്ഥാനത്തെ ഫിഷറീസ് നയം തിരുത്തിയെന്നും ചെന്നിത്തല ആരോപിച്ചു. ഇൻലൻഡ് നാവിഗേഷൻ കോർപറേഷൻ ട്രോളറുകൾ നിർമിക്കാനുള്ള കരാറിൽ കഴിഞ്ഞ ദിവസം ഒപ്പിട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും മന്ത്രി പറയുന്നു, ഞാൻ അറിഞ്ഞില്ലെന്ന്- ചെന്നിത്തല വിമർശിച്ചു.

കള്ളത്തരം കയ്യോടെ പിടിച്ചപ്പോൾ എന്റെ മനോനില നഷ്ടപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു. എന്റെ മനോനിലയ്ക്ക് ഒരു കുഴപ്പവുമില്ല. സാധാരണ, മനോനില നഷ്ടപ്പെട്ടവരാണ് മറ്റുള്ളവർക്ക് മനോനില നഷ്ടപ്പെട്ടുവെന്ന് പറയാറുള്ളത്. സത്യം പുറത്തു വരുമെന്ന് ഇവരാരും കരുതിയില്ല. 5000 കോടിയുടെ നിക്ഷേപം നടത്താൻ വേണ്ടി ധാരണാപത്രം ഒപ്പിട്ടു. അസെൻഡ് കേരള കൊച്ചിയിൽ നടന്നു. ചേർത്തല പള്ളിപ്പുറത്ത് ഇ.എം.സി.സിക്ക് നാലേക്കർ സ്ഥലം അനുവദിക്കാൻ തീരുമാനിച്ചു. വ്യവസായ വകുപ്പുമന്ത്രിയും ഇതിനകത്തെ പ്രതിയാണ്. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.