kerala
ക്ഷേത്ര ഭരണം ഭക്തരെ ഏൽപിക്കും; ശബരിമല നിയമനിർമാണം എന്ന യുഡിഎഫ് വാഗ്ദാനം ബാലിശം-കുമ്മനം
തിരുവനന്തപുരം:നാമജപക്കേസിൽ എൻ.എസ്.എസും ബി.ജെ.പിയും പറയുന്നത് ഒന്നാണെന്ന് കുമ്മനം രാജശേഖരൻ. ശബരിമല സമരകാലത്ത് ജയിലിൽ കിടന്നത് ബി.ജെ.പിക്കാരാണ്. ശബരിമല നിയമനിർമാണം എന്ന യു.ഡി.എഫ്. വാഗ്ദാനം ബാലിശമാണ്. കേരളത്തിലെ ക്ഷേത്ര ഭരണ വ്യവസ്ഥ പൊളിച്ചെഴുതി ഭക്തരെ ഏൽപിക്കുമെന്ന് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാൻ കൂടിയായ കുമ്മനം പറഞ്ഞു.
എൻ.എസ്.എസിന്റെ ശബരിമല വിഷയത്തോടുള്ള നിലപാട് അങ്ങേയറ്റം സ്വാഗതാർഹമാണ്. ബി.ജെ.പിയും എൻ.എസ്.എസും പറഞ്ഞത് ഒരേ കാര്യം തന്നെയല്ലേ. കേസ് പിൻവലിക്കണം എന്നു തന്നെയാണ്. ആരു പറയുന്നു എന്നതല്ല എന്തു പറയുന്നു എന്നതാണ്- കുമ്മനം പറഞ്ഞു.1950 മുതൽ തന്നെ ശബരിമല ക്ഷേത്രം എന്നു പറയുന്നത് രാഷ്ട്രീയ രംഗത്ത് സജീവ ചർച്ചാ വിഷയമാണ്. അന്ന് മന്നവും ശങ്കറും ഒക്കെ ഒറ്റക്കെട്ടായി ശബരിമലയ്ക്കു വേണ്ടി രംഗത്തുവന്നത് ചരിത്രത്തിന്റെ താളുകളിൽ വളരയേറെ ശ്രദ്ധിക്കപ്പെടുന്ന ഏടു തന്നെയാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ ജീവൻ കൊടുത്തവർ, രക്തം കൊടുത്തവർ, കഷ്ടപ്പാടുകൾ സഹിച്ചവർ, ജയിലഴിക്കുള്ളിൽ കിടന്നവർ, പീഡനത്തിന് ഇരയായവർ ഒക്കെ ബി.ജെ.പി. പ്രവർത്തകരാണെന്നും കുമ്മനം പറഞ്ഞു. ക്ഷേത്രത്തോടും ക്ഷേത്രവിശ്വാസികളോടും ഹൈന്ദവ സമൂഹത്തോടും ഭയങ്കര വലിയ രീതിയിലുള്ള അവഗണന ഈ കഴിഞ്ഞകാലമത്രയും ഉണ്ടായിട്ടുണ്ട്. അതിനാൽ ആ സമൂഹം ഇന്ന് ഈ വിഷയത്തിൽ ബോധവാന്മാരായെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ദേവസ്വം ബോർഡിന്റെ 1,300 ക്ഷേത്രങ്ങളിൽ ഒരെണ്ണം മാത്രമാണ്. ആ ഒരെണ്ണത്തിനു വേണ്ടി മാത്രമാണ് പ്രത്യേക നിയമം ഉണ്ടാക്കണമെന്ന് പറയുന്നത്. അത് തന്നെ എത്ര ബാലിശമാണ്. ഇവിടെ ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾ ഭരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ക്ഷേത്രങ്ങൾ മാത്രം എന്തിനാണ് സർക്കാർ കയ്യടക്കിവെച്ചിരിക്കുന്നത്. ഈ മർമപ്രധാനമായ ചോദ്യത്തിന്റെ ഉത്തരം എൽ.ഡി.എഫിനും യു.ഡി.എഫിനും സാധിക്കുമോ എന്നും കുമ്മനം ആരാഞ്ഞു.