election 2021
kerala
പാര്‍ട്ടി പറഞ്ഞാല്‍ പിണറായിക്കെതിരെ മത്സരിക്കുമെന്ന് ഷുഹൈബിന്‍റെ പിതാവ്
മട്ടന്നൂർ: പാർട്ടി പറഞ്ഞാൽ ധർമടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് രക്തസാക്ഷി ഷുഹൈബിന്റെ പിതാവ് സിപി മുഹമ്മദ്. അതേസമയം ഇതുവരെ കോൺഗ്രസ് ഇക്കാര്യം താനുമായി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ധർമടത്ത് പിണറായിക്കെതിരെ ഷുഹൈബിന്റെ പിതാവ് യുഡിഎഫ് സ്ഥാനാർഥിയായ മത്സരിക്കുമെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ധർമടത്തോ തലശ്ശേരിയിലോ പാർട്ടി പറഞ്ഞാൽ താനോ തന്റെ കുടുംബത്തിൽ നിന്നുള്ളവരോ എവിടെ വേണമെങ്കിലും മത്സരിക്കാൻ തയ്യാറാണ്. എന്നാൽ മത്സരിക്കണമെന്ന ആവശ്യം ഇതുവരെ ഉയർന്നിട്ടില്ല. തീരുമാനം പാർട്ടിയുടേതാണ്.'
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രവർത്തിക്കും. കൊല്ലപ്പെട്ട ഷുഹൈബിന് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുകയാണ് ഇപ്പോഴും. പിണറായി സർക്കാർ തന്നെ അധികാരത്തിൽ തുടർന്നാൽ നീതി ലഭിക്കില്ല. യുഡിഎഫ് സർക്കാർ ഭരണത്തിലെത്തിയാൽ നീതി നടപ്പിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് കോടതി പറഞ്ഞിട്ടും സർക്കാർ രേഖകൾ കൈമാറാൻ തയ്യാറാവുന്നില്ല. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഷുഹൈബിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവർ ഇപ്പോഴും പുറത്ത് വിലസി നടക്കുന്നുണ്ട്. കേസ് നടത്താൻ ഖജനാവിൽ നിന്ന് പണം മുടക്കി കേസ് നടത്തി സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്നും ഷുഹൈബിന്റെ പിതാവ് പ്രതികരിച്ചു.
ഷുഹൈബിന്റെ പിതാവ് സി പി മുഹമ്മദിനെ സ്ഥാനാർഥിയാക്കുന്നതിലൂടെ ധർമടത്ത് ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. 2016ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മമ്പറം ദിവാകരനെതിരെ 36,905 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പിണറായി വിജയൻ ധർമടത്ത് വിജയിച്ചത്. ഇക്കുറി മത്സരിക്കാനില്ലെന്ന് മമ്പറം ദിവാകരൻ വ്യക്തമാക്കിയിട്ടുണ്ട്.