സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍, ഡിജിറ്റല്‍ മീഡിയ കമ്പനികള്‍ എന്നിവയെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്ക് പൂര്‍ണ്ണമായി എത്തിക്കാവുന്ന തരത്തിലുള്ള നിയമങ്ങൾ പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്‌ഫോമുകളേയും ഈ നിയമങ്ങള്‍ വഴി നിയന്ത്രിക്കാന്‍ സാധിക്കും..
പുതിയ നിയമ പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വരുന്ന സന്ദേശത്തിന്റെ (അല്ലെങ്കില്‍ ട്വീറ്റ്) ഉറവിടം വെളിപ്പെടുത്താന്‍ സര്‍ക്കാരിന് പ്ലാറ്റ്ഫോമിനോട് ആവശ്യപ്പെടാം. ഉപഭോക്താവിന് സ്വമേധയ വെരിഫിക്കേഷന്‍ നടത്താനുള്ള സംവിധാനം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സെല്‍, പരാതി സ്വീകരിക്കുന്ന ഓഫീസര്‍ എന്നിവയും ഉണ്ടാകണം എന്നും സര്‍ക്കാരിന് ആവശ്യപ്പെടാം.
മുപ്പത് പേജ് വരുന്ന Guidelines for Intermediary and Digital Media Ethics Code എന്ന ചട്ടം പറയുന്നത് ഇങ്ങനെ:
''നിയമ നിര്‍വ്വഹണ ഏജന്‍സികളുമായും ഉദ്യോഗസ്ഥരുമായും 24X7 ഏകോപനത്തിനായി ഒരു നോഡല്‍ വ്യക്തിയെ നിയമിക്കുക, ആ വ്യക്തി സര്‍ക്കാരിന്റെ ഓര്‍ഡറുകള്‍ അല്ലെങ്കില്‍ നിയമത്തിലെ വ്യവസ്ഥകള്‍ അല്ലെങ്കില്‍ നിയമങ്ങള്‍ക്കനുസൃതമായി ആവശ്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ' ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 2000 ലെ 87-ാം വകുപ്പും ഡോക്യുമെന്റില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് എതിരെ വരുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ത്രിതല സംവിധാനത്തിലുള്ള നിയന്ത്രണങ്ങളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ലെവല്‍ I ബാധകമായ എന്റിറ്റിയുടെ സ്വയം നിയന്ത്രണം. ലെവല്‍ II ബാധകമായ എന്റിറ്റികളുടെ സ്വയം നിയന്ത്രിത ബോഡികളുടെ മേല്‍നോട്ടത്തിലുള്ള നിയന്ത്രണം ലെവല്‍ III കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള നിയന്ത്രണം.
ഇന്ത്യയുടെ osvereignty, integrity എന്നിവയ്ക്ക് ആഘാതം ഉണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ പുതിയ നിയമരേഖയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Guidelines for Intermediaries and Digital Media Ethics Code Rules, 2021 ല്‍ പറഞ്ഞിട്ടുള്ള മറ്റ് പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവയാണ് -
1. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ നിന്നുള്ള കംപ്ലയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണം. അതാത് പ്ലാറ്റ്‌ഫോമില്‍ വരുന്ന ഉള്ളടക്കം നീക്കം ചെയ്യുകയാണെങ്കില്‍, അത് പോസ്റ്റ് ചെയ്ത ഉപയോക്താവിനെ അറിയിക്കണം. അവരുടെ പോസ്റ്റ് എടുത്തു മാറ്റുന്നതിനുള്ള കാരണങ്ങള്‍ നല്‍കുകയും അവര്‍ക്ക് പറയാന്‍ ഉള്ളത് കേള്‍ക്കുകയും ചെയ്യണം.
2. എതെങ്കിലും തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ ഉണ്ടെങ്കില്‍, ആരാണ് ആ സന്ദേശത്തിന് തുടക്കം ഇട്ടതെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വെളിപ്പെടുത്തണം. അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള ഉള്ളടക്കം പ്രചരിപ്പിക്കുന്നവര്‍ മുതല്‍ അതില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന ഉള്ളടക്കം ഇടുന്നവരെ ആണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വെളിപ്പെടുത്തേണ്ടത്.
3. പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം, ഐ & ബി, നിയമം, ഐടി, വനിത, ശിശു വികസന മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയെ ആണ് മൂന്നാം ലെവല്‍ മേല്‍നോട്ട സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നത്. കോഡ് ഓഫ് എത്തിക്‌സ് ലംഘിച്ചതായി പറയപ്പെടുന്ന പരാതികളില്‍ ഹിയറിംഗുകള്‍ വിളിക്കാന്‍ സമിതിക്ക് 'സോ മോട്ടോ അധികാരങ്ങള്‍' ഉണ്ടായിരിക്കും.
4.ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലേക്ക് റാങ്കുള്ള ഒരു ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ''അംഗീകൃത ഓഫീസര്‍'' ആയി നിയമിക്കും. ഉള്ളടക്കം ആവശ്യമെങ്കില്‍ ബ്ലോക്ക് ചെയ്യാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശിക്കാം. ഉള്ളടക്കം നിയമം ലംഘിക്കുന്നുവെന്ന് ഒരു അപ്പീല്‍ ബോഡി വിശ്വസിക്കുന്നുവെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു കമ്മിറ്റിക്ക് ആ ഉള്ളടക്കം അയയ്ക്കാന്‍ അപ്പീല്‍ കമ്മിറ്റിക്ക് അധികാരമുണ്ട്.
5. ലൈംഗികത, വൈലന്‍സ്, നഗ്‌നത എന്നിവയുടെ അടിസ്ഥാനത്തില്‍ 13-പ്ലസ്, 16-പ്ലസ് അല്ലെങ്കില്‍ മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കം എന്നിങ്ങനെ ഉളളടക്കത്തെ അതാത് സ്ട്രീമിംഗ് സര്‍വ്വീസുകള്‍ ക്രമീകരിക്കണം. കുട്ടികള്‍ കാണാന്‍ പാടില്ലാത്ത ഉള്ളടക്കം അവര്‍ ആക്സസ് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങള്‍ കൊണ്ട് വരണം.
6. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമങ്ങള്‍ ഡിജിറ്റല്‍ ന്യൂസ് മീഡിയകള്‍ പാലിക്കണം. പുതിയ വെബ്സൈറ്റുകള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
7. അപകീര്‍ത്തിപ്പെടുത്തുന്നതോ, അസഭ്യമായ, അപവാദംപരത്തുന്ന, വംശീയമായ, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഹാനികരമായ സോഷ്യല്‍ മീഡിയ ഉള്ളടക്കം ഈ നിയമം പ്രകാരം തടയുന്നുണ്ട്. ഇന്ത്യയുടെ ഐക്യം, സമഗ്രത, പ്രതിരോധം, സുരക്ഷ, പരമാധികാരം, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കം നല്‍കാന്‍ പാടില്ല. അത്തരം നിയമവിരുദ്ധമോ കുറ്റകരമായതോ ആയ ഉള്ളടക്കം സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലോ കോടതി ഉത്തരവിന്റെ പുറത്തോ 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം.