kerala
വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം
തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവർക്ക് കേരളത്തിൽ സൗജന്യമായി കോവിഡ് ആർടിപിസിആർ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പരിശോധന സംസ്ഥാന സർക്കാർ സൗജന്യമായി നടത്തി ഫലം ഉടൻ തന്നെ അയച്ചുകൊടുക്കും.
രാജ്യത്തെ കോവിഡ് കേസുകളിൽ കഴിഞ്ഞ ഒരാഴ്ചകൊണ്ട് 31 ശതമാനം വർധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ എയർപോർട്ട് നിരീക്ഷണം കർശനമാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനത്തിനും സാധ്യതയുണ്ട്. അതിനാലാണ് വിദേശത്ത് നിന്ന് വരുന്നവർക്ക് വീണ്ടും പരിശോധന നിർബന്ധമാക്കിയതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
വിദേശത്ത് നിന്ന് കുഞ്ഞുങ്ങളടക്കം എല്ലാ പ്രായക്കാർക്കും ഇന്ത്യയിലേക്ക് യാത്രചെയ്യണമെങ്കിൽ ഇനിമുതൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പരിശോധനാ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വീണ്ടും സ്വന്തം ചെലവിൽ പരിശോധന നടത്തണമെന്നാണ് ചട്ടം. ഇതിനു പുറമേ 14 ദിവസം ക്വാറന്റീനും നിർബന്ധമാണ്. ഇതിനെതിരെ പ്രവാസികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്താവന.