Headlines
Loading...
ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ; സോബിക്കെതിരെ കേസെടുക്കും

ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ; സോബിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ. മരണം അപകടത്തെ തുടർന്നാണെന്നും അപകട സമയത്ത് ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചത് ഡ്രൈവർ അർജുൻ ആയിരുന്നുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.


അർജുനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, അപകടത്തിന് മുമ്പ് ബാലഭാസ്കർ ആക്രമിക്കപ്പെട്ടെന്ന തരത്തിലുള്ള വിവരങ്ങൾ നൽകിയ കലാഭവൻ സോബിക്കെതിരെ തെറ്റായ വിവരങ്ങൾ നൽകിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 182,193 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാനും സിബിഐ തീരുമാനിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി സിബിഐ132 സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുകയും 100 രേഖകൾ പരിശോധിക്കുകയും ചെയ്തു. കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ സമർപ്പിച്ചു. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം സമർപിച്ചത്.

അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ക്രൈംബ്രാഞ്ച് റിപ്പോർട്ടും ഇതേ രീതിയിലായിരുന്നു. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസിൽ പ്രതിയായതോടെയാണു ബന്ധുക്കൾ മരണത്തിൽ ദുരൂഹത സംശയിച്ചത്.

തൃശൂരിൽ ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2019 സെപ്റ്റംബർ 25ന് പുലർച്ചെ ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കുകളോടെ രക്ഷപ്പെട്ടു.