
പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം; വിവാദത്തിന് പിന്നാലെ അദാലത്തിനെത്താതെ എംസി ജോസഫൈന്‍
അയല്‍വാസി മര്‍ദിച്ചുവെന്ന പരാതിയുമായെത്തിയ 87 കാരി ലക്ഷ്മികുട്ടിയമ്മയെ അധിക്ഷേപിച്ച സംഭവത്തിന് പിന്നാലെ ജില്ലയില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കാതെ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പകരം ജില്ലയുടെ ചുമതലയുള്ള കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്.
പരാതിക്കാരിയായി ലക്ഷികുട്ടിയമ്മയും അദാലത്തിനെത്തിയിരുന്നില്ല. എംസി ജോസഫൈന്‍ എത്തുമെന്നറിഞ്ഞ് സംരക്ഷണം നല്‍കുന്നതിന് പഞ്ചായത്ത് പരിസരത്ത് പൊലീസ് നിലയുറപ്പിച്ചിരുന്നു.
മദ്യലഹരിയിലായിരുന്ന അയല്‍വാസി മര്‍ദിച്ചുവെന്ന് കാട്ടി ലക്ഷ്മികുട്ടിയമ്മ നല്‍കിയ പരാതിയില്‍ വിചാരണ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വിളിച്ചപ്പോഴായിരുന്നു ജോസഫൈന്‍ അപമര്യാദയായി പെരുമാറിയത്. പരാതി അദാലത്തില്‍ പരിഗണിച്ചെങ്കിലും ആരും എത്താതിരുന്നതിനാല്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. അതേസമയം ലക്ഷ്മികുട്ടിയമ്മയുടെ പരാതിയുമായി ബന്ധപ്പെട്ടുള്ള കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ വനിതാ കമ്മീഷന് പരിഹരിക്കാന്‍ പറ്റുന്നതല്ലെന്നാണ് ഷാഹിദ കമാല്‍ പറഞ്ഞത്.
89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞുവെന്നായിരുന്നു വിചാരണ മാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ എംസി ജോസഫൈന്‍ ചോദിച്ചതെന്ന് വൃദ്ധയുടെ ബന്ധു ആരോപിച്ചു.പൊലീസില്‍ പറയേണ്ട കേസ് നിങ്ങള്‍ എന്തിനാണ് വനിത കമ്മീഷനോട് പറയുന്നതെന്നാണ് എംസി ജോസഫൈന്‍ ഇവരോട് ചോദിച്ചത്.
വൃദ്ധയുടെ ബന്ധുവുമായി നടത്തിയ ഫോണ്‍ സംഭാഷണം
വനിത കമ്മീഷന്‍ അധ്യക്ഷ: ആരാണ് പരാതിക്കാരി
പരാതിക്കാരിയുടെ ബന്ധു: എന്റെ വല്ല്യമ്മയാണ് പരാതിക്കാരി, ലക്ഷമിക്കുട്ടിയെന്നാണ് പേര്, 89 വയസ്സുണ്ട്.
വനിത കമ്മീഷന്‍ അധ്യക്ഷ: അപ്പോ പിന്നെ എന്തിനാ പരാതി കൊടുത്തത്, അത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ മതിയായിരുന്നല്ലോ ?89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനില്‍ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞു ഇതിലൊക്കെ ആരെയെങ്കിലും ബന്ധപ്പെടുത്തേടേഡോ…
പരാതിക്കാരിയുടെ ബന്ധു: അപ്പോള്‍ ഇതു വനിതാ കമ്മീഷനില്‍ അല്ലേ പരാതി കൊടുക്കേണ്ടത്
വനിത കമ്മീഷന്‍ അധ്യക്ഷ: 89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനില്‍ എത്തിക്ക്, വനിതാ കമ്മീഷനില്‍ പരാതി കൊടുത്താല്‍ വിളിപ്പിക്കും, അപ്പോള്‍ എത്തണം. സുഖമില്ലാത്ത ഇത്രയും വയസ്സുള്ള അമ്മയെ കൊണ്ടു പരാതി കൊടുത്താല്‍ ആളെ ശിക്ഷിക്കാന്‍ പറ്റോ ഇല്ലലോ, കമ്മീഷന്‍ രണ്ടു കൂട്ടരേയും വിളിപ്പിക്കും, കാര്യങ്ങള്‍ ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മയ്ക്ക് വനിതാ കമ്മീഷന്‍ ഓഫീസില്‍ വിളിപ്പിച്ചാല്‍ വരാന്‍ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കട്ടെ
പരാതിക്കാരിയുടെ ബന്ധു: തിരുവല്ലയായിരുന്നേല്‍ വരാമായിരുന്നു, ഇതിപ്പോ അടൂരല്ലേ ഒരുപാട് ദൂരമുണ്ട്
വനിത കമ്മീഷന്‍ അധ്യക്ഷ: അതൊക്കെ നിങ്ങള് തീരുമാനിച്ചോ, വരണോ വേണ്ടയോ എന്നൊക്കെ