Headlines
Loading...
ധര്‍മ്മജന്‍ ബാലുശേരിയില്‍ തന്നെ മത്സരിച്ചേക്കും; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എംഎം ഹസന്‍

ധര്‍മ്മജന്‍ ബാലുശേരിയില്‍ തന്നെ മത്സരിച്ചേക്കും; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യതകളേറുന്നു. ധര്‍മ്മജനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ തന്നെ പറഞ്ഞതോടെയാണ് സാധ്യതയേറിയത്.

ധര്‍മ്മജന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. സ്ഥാനാര്‍ത്ഥിയായേക്കും. ഇക്കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും എംഎം ഹസന്‍ പറഞ്ഞു.

സിപിഐമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്.

രണ്ട് തവണ വിജയിച്ച പുരുഷന്‍ കടലുണ്ടി ഇത്തവണ മത്സരത്തിനുണ്ടായേക്കില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിനെയാണ് സിപിഐഎം ഇവിടേക്ക് പരിഗണിക്കുന്നത്.

ബാലുശ്ശേരിയും സിപിഐയുടെ കൈവശമുള്ള നാദാപുരവും വെച്ചുമാറാമെന്ന നിര്‍ദേശം സിപിഐഎം സിപിഐക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തോട് അനുകൂലമായ നിലപാടല്ല സിപിഐ സ്വീകരിച്ചത്. ഇതോടെയാണ് സിപിഐഎം പുതിയ സ്ഥാനാര്‍ത്ഥി അന്വേഷണങ്ങളിലേക്ക് കടന്നത്.

മുസ്ലിം ലീഗാണ് യുഡിഎഫിന് വേണ്ടി ഇവിടെ മത്സരിക്കാറുള്ളത്. ഇത്തവണ ലീഗില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് ഇവിടെ മത്സരിച്ചേക്കും.