Headlines
Loading...
വാർത്തകൾ പ്രഭാതത്തിൽ NEWS CLICK 3-NOV-2020

വാർത്തകൾ പ്രഭാതത്തിൽ NEWS CLICK 3-NOV-2020

🔳സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ക്കെതിരെ അന്വേഷണം വ്യാപിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ പ്രഫഷണല്‍ വഴികള്‍ വിട്ട് ചിലരുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ നീങ്ങുന്നതിനാലാണ് ഈ പ്രതികരണമെന്ന് പിണറായി വിജയന്‍ . അന്വേഷണം എങ്ങനെ പോകും എന്നത് അന്വേഷണ ഏജന്‍സിക്ക് പുറത്തുള്ളവര്‍ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവര്‍ എന്താണോ പ്രഖ്യാപിക്കുന്നത് അത് അനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നുവെന്നും മുഖ്യമന്ത്രി.

🔳മുഖ്യമന്ത്രിക്ക് ഹാലിളകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുഖ്യമന്ത്രിയിലെത്തിയതിന്റെ തെളിവാണ് അത്. പിണറായി വിളിച്ച് കൊണ്ട് വന്ന ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

🔳52000 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ പാകി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്നാണ് കെ ഫോണ്‍ പദ്ധതിയിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പദ്ധതിക്ക് തുരങ്കം വെക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

🔳മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടി ഇഡിക്ക് ബിനീഷിനെ കസ്റ്റഡിയില്‍ വെക്കാമെന്നാണ് കോടതി വ്യക്തമാക്കി. ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയില്‍. എന്നാല്‍ കടുത്ത ശാരീരിക അവശത ഉണ്ടെന്ന് ബിനീഷ് കോടിയേരി മജിസ്‌ട്രേറ്റിനെ അറിയിച്ചു

🔳 ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി. 2012 മുതല്‍ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയത് 5,17,36,600 രൂപയാണെന്ന് ഇഡി റിപ്പോര്‍ട്ട് നല്‍കി. ഇത് ലഹരിമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നാണ് നിഗമനം.. 

🔳സംസ്ഥാനത്ത് ഇന്നലെ 33345 സാമ്പിള്‍ പരിശോധിച്ചതില്‍ 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി 21 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1533 ആയി. രോഗബാധിതരില്‍ 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 438 പേരുടെ ഉറവിടം വ്യക്തമല്ല.  47 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്നലെ രോഗം ബാധിച്ചു.7108 പേര്‍ക്കാണ് രോഗമുക്തി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍.
കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂര്‍ 195, ഇടുക്കി 60, കാസര്‍ഗോഡ് 58, വയനാട് 46, പത്തനംതിട്ട 44

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പന്‍ ചെട്ടിയാര്‍ (80), വട്ടിയൂര്‍ക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്‌സണ്‍ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തന്‍കുളങ്ങര സ്വദേശി സുന്ദരേശന്‍ (65), പെരുമ്പുഴ സ്വദേശി സോമന്‍ (81), കൊല്ലം സ്വദേശി അഞ്ജന അജയന്‍ (21), ആലപ്പുഴ സ്വദേശിനി വന്ദന (34), കനാല്‍ വാര്‍ഡ് സ്വദേശി മുഹമ്മദ് കോയ (74), ചേങ്ങണ്ട സ്വദേശി ടി. സുഭദ്രന്‍ (59), കോട്ടയം പുന്നത്തറ വെസ്റ്റ് സ്വദേശിനി ഓമന (46), എറണാകുളം മട്ടാഞ്ചേരി സ്വദേശി എ. രവീന്ദ്രനാഥ് (82), പെരുമ്പാവൂര്‍ സ്വദേശിനി ശ്രീദേവി (34), കീഴ്മാട് സ്വദേശിനി അഞ്ജലി (22), തൃശൂര്‍ കുറ്റൂര്‍ സ്വദേശി എ.കെ. പരീദ് (70), കൊടകര സ്വദേശി ഷാജു (45), പാലക്കാട് മുണ്ടൂര്‍ സ്വദേശിനി ജിതിഷ (16), മലപ്പുറം എടവണ്ണപ്പാറ സ്വദേശി ബാലകൃഷ്ണന്‍ നായര്‍ (86), കോഴിക്കോട് പാറക്കടവ് സ്വദേശിനി ടി.കെ. ആമിന (58), കണ്ണൂര്‍ ഇരിട്ടി സ്വദേശിനി കുഞ്ഞാമിന (55).

🔳സംസ്ഥാനത്ത് ഇന്നലെ 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.  ആകെ 657 ഹോട്ട് സ്‌പോട്ടുകള്‍.

🔳കൊവിഡ് രോഗം ആരോഗ്യ വകുപ്പിന്റെ തട്ടിപ്പ് നാടകമാണെന്ന് ആരോപിച്ച് ഇടുക്കി വട്ടവടയില്‍ കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞു. ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഇവരുടെ സുരക്ഷയ്ക്കായിയെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും മൂന്നുമണിക്കൂര്‍ തടഞ്ഞുവെച്ചു. വട്ടവട പഞ്ചായത്ത് പ്രസിഡന്റിന്റെ  നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ച് നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയശേഷം രോഗിളെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായത്.

🔳ബിജെപി നേതാവ് പി എം വേലായുധന്റെ പരാതി ഗൗരവമായി കാണുന്നുവെന്ന് കെ സുരേന്ദ്രന്‍. പരാതി പരിഹരിക്കാന്‍ ശ്രമിക്കും. പരിഭവം ഉള്ളവരെ നേരിട്ട് കാണും. ശോഭ സുരേന്ദ്രനെ കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളുവെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്താമെന്ന് വാഗ്ദാനം ചെയ്ത് സുരേന്ദ്രന്‍ വഞ്ചിച്ചെന്ന് വേലായുധന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.

🔳പി എസ് സി മുന്നോക്ക സംവരണം അട്ടിമറിക്കുകയാണെന്ന് എന്‍എസ്എസിന്റെ ആരോപണം. ഒക്ടോബര്‍ 23 മുതല്‍ സംവരണം നടപ്പാക്കുമെന്ന തീരുമാനം മേനി നടിക്കലാണ്. നിലവിലെ റാങ്ക് ലിസ്റ്റുകള്‍ക്കും സംവരണം വേണം. മുന്‍കാല പ്രാബല്യം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

🔳ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക് വിഭാഗത്തില്‍ നിന്നും മാറ്റി. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് മരിച്ച കേസിലെ പ്രതിയായ ശ്രീറാമിനെ മാധ്യമവാര്‍ത്തകള്‍ പരിശോധിക്കാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ശ്രീറാമിന് പകരം ആരോഗ്യവകുപ്പ് അഡീഷനല്‍ സെക്രട്ടറി ബിഎസ് ബിജുഭാസ്‌ക്കറിനെ ഉള്‍പ്പെടുത്തി.

🔳നിരത്തുകളില്‍ സ്ഥാപിച്ച സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

🔳നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് കടുവ ചാടിപ്പോയ സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി കെ രാജു. കടുവയെ പാര്‍പ്പിച്ച കൂട് പഴക്കമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. കൂടിന്റെ വെല്‍ഡിങ് പൊട്ടി ആണ് കടുവ പുറത്തു കടന്നത്. കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

🔳കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പരോള്‍ നല്‍കിയ 65 വയസ്സിനും അതിനു മുകളിലുമുള്ള തടവുകാര്‍ക്ക് വീണ്ടും ഇളവ്. 65 വയസ്സിന് മുകളിലുള്ള തടവുകാരുടെ പരോള്‍ ഒരു മാസം കൂടി സര്‍ക്കാര്‍ നീട്ടി നല്‍കി.

🔳പ്രശസ്ത വയലിനിസ്റ്റ് പ്രൊഫ. ടി എന്‍ കൃഷ്ണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വയലിന്‍ സംഗീതത്തിലെ ത്രയങ്ങള്‍ എന്നറിയപ്പെടുന്ന മൂവരില്‍ ഒരാളാണ് അദ്ദേഹം.

🔳പത്തനംതിട്ട നഗരസഭയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തെച്ചൊല്ലി തര്‍ക്കം. പണിതീരാത്ത കെട്ടിടം ഉദ്ഘാടനം ചെയ്യുന്നുവെന്ന് ഇടതുപക്ഷം ആരോപിച്ചതോടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ നഗരസഭാ അധ്യക്ഷ കുഴഞ്ഞ് വീണു.

🔳രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സോളാര്‍ കേസിലെ പ്രതി സരിത നായര്‍ക്ക് പിഴയില്ല. സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെയാണ് സരിതയ്ക്ക് പിഴശിക്ഷയില്ലെന്ന കാര്യം വ്യക്തമായത്. ഹര്‍ജി തള്ളിയതിനൊപ്പം സരിതയില്‍നിന്ന് ഒരു ലക്ഷം രൂപ പിഴയീടാക്കും എന്ന്‌കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പുറത്തുവന്ന ഉത്തരവില്‍ അത് രേഖപ്പെടുത്തിയിട്ടില്ല.

🔳ബീഹാറില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. ബിഹാറിന്റെ രാഷ്ട്രീയഗതി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായ സീമാഞ്ചല്‍ അടക്കമുള്ള മേഖലകള്‍ ചൊവ്വാഴ്ച വിധിയെഴുതും. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.

🔳ഹാഥ്‌റാസില്‍ ദളിത് പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ജില്ലാ മജിസ്‌ട്രേറ്റിനെ എന്തുകൊണ്ട് ഇതുവരെ  സ്ഥാനത്ത് നിന്ന് മാറ്റിയില്ലെന്ന് കോടതി സര്‍ക്കാരിനോട്  ചോദിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച വിഷയത്തില്‍ എസ്പിയുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും വിശദീകരണങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും കോടതി പറഞ്ഞു.

🔳കോടികള്‍ വെട്ടിച്ച് രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ ബ്രിട്ടണ്‍ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. കേസിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് ആറ് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

🔳രാജ്യത്ത് ആശ്വാസം പകര്‍ന്ന് കോവിഡ് കണക്കുകൾ.  കോവിഡ് രോഗകളുടെ എണ്ണം ഇന്നലെ 37,592 ആയി കുറഞ്ഞു . മരണം 497. ഇതോടെ ആകെ മരണം 1,23,139 ആയി, ഇതുവരെ 82.66 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും രാജ്യത്ത് നിലവില്‍ 5.40 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 76.01 ലക്ഷം പേര്‍ രോഗമുക്തി നേടി.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ  4,009 പേര്‍ക്കും ഡല്‍ഹിയില്‍ 4,001 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,957 പേര്‍ക്കും കര്‍ണാടകയില്‍ 2,576 പേര്‍ക്കും ആന്ധ്രയില്‍ 1,916 പേര്‍ക്കും  തമിഴ്നാട്ടില്‍ 2,481 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,42,465 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 75,755 രോഗികള്‍, ഫ്രാന്‍സില്‍ 52,518 . ഇന്നലെ ആകെ മരണം 5043. ഇതോടെ 4.72 കോടി കോവിഡ് രോഗികളും 12.10 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳അമേരിക്കയില്‍ ഇന്ന്  പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 46-ാമത് യു.എസ്. പ്രസിഡന്റ് സ്ഥാനത്തിനായി ട്രംപും ബൈഡനും തമ്മിലുള്ള തീപാറുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ അമേരിക്ക പോളിങ് ബൂത്തിലേക്ക്.
തപാല്‍ വോട്ടുകളുടെ എണ്ണം കൂടിയതിനാല്‍ വോട്ടുകള്‍ എണ്ണുന്നതില്‍ കാലതാമസമുണ്ടാകാനിടയുണ്ട്. അതിനാല്‍, ഫലം എന്നറിയാമെന്ന കാര്യത്തില്‍  തീര്‍ച്ചയില്ല.

🔳നൂറു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഒമാനിലേക്ക് സന്ദര്‍ശനം നടത്തുന്നതിനുള്ള വിസകളില്‍ ഇളവ് അനുവദിച്ചു കൊണ്ട് ധനകാര്യ മന്ത്രാലയം. രാജ്യത്തിന്റെ ദേശീയ സമ്പദ്ഘടനയില്‍ വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് സന്ദര്‍ശന വിസകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നത് കൊണ്ട് സാധിക്കുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ .നിലവില്‍ ജി.സി.സി പൗരന്‍മാര്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വിസയില്ലാതെ പ്രവേശന അനുമതിയുള്ളത്.

🔳പട്ടാപ്പകള്‍ തെരുവില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഒരാള്‍ തന്റെ ഭാര്യയെ അടിച്ചുകൊന്നു. ചൈനയിലാണ് സംഭവം. കൊലപാതകം കണ്ടിട്ടും ആരും ഒന്നും പ്രതികരിക്കാതെ നോക്കി നിന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

🔳അഫ്ഗാനിസ്ഥാനിലെ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ഭീകരാക്രമ.ണം നിരവധി വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 19 പേര്‍ മരിച്ചതായും 22 പേര്‍ക്ക് പരിക്കേറ്റതായും. വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

🔳ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി കാപപ്പിറ്റല്‍സ്  ആറ് വിക്കറ്റിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ തോല്‍പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 19 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മൂന്നാം വിക്കറ്റില്‍ ധവാന്‍- രഹാനെ സഖ്യം കൂട്ടിച്ചേര്‍ത്ത 87 റണ്‍സാണ് വിജയത്തില്‍ നിര്‍ണായകമായത്.

🔳ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവും ഇന്നലത്തെ മത്‌സരത്തോടെ പ്ലേഓഫ് ഉറപ്പിച്ചു. ഇന്നലത്തെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ആറ് വിക്കറ്റിന് ആര്‍സിബിയെ തോല്‍പ്പിച്ചെങ്കിലും മികച്ച റണ്‍റേറ്റ് ഇരുടീമുകള്‍ക്കും തുണയായി. ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനും പ്ലേഓഫ് കടക്കാം. മുംബൈയാണ് ജയിക്കുന്നതെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യ നാലിലെത്തും. മുംബൈ നേരത്തെ പ്ലേഓഫ് ഉറപ്പിച്ചതാണ്.

🔳ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്ട്സണ്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നേരത്തെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച 39-കാരനായ വാട്ട്സണ്‍ വിവിധ ട്വന്റി 20 ലീഗുകളില്‍ കളിച്ചുവരികയായിരുന്നു.

🔳രാജ്യത്തെ വ്യവസായിക മേഖല കഴിഞ്ഞമാസം മികച്ച വളര്‍ച്ച കൈവരിച്ചതായി പര്‍ച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ)വ്യക്തമാക്കുന്നു. ഒക്ടോബറിലെ പിഎംഐ 58.9 ആയി ഉയര്‍ന്നു. സെപ്റ്റംബറില്‍ ഇത് 56.8 ആയിരുന്നു. പിഎംഐ 50ന് മുകളില്‍പോയാല്‍ വളര്‍ച്ചയും അതിന് താഴെപ്പോയാല്‍ തളര്‍ച്ചയുമാണ് സൂചിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതും വിപണിയില്‍ ആവശ്യകത വര്‍ധിച്ചതുമാണ് വ്യവസായിക മേഖലയ്ക്ക് കരുത്തുപകര്‍ന്നത്.

🔳ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ഒമ്പത് കമ്പനികളും കഴിഞ്ഞയാഴ്ച വിപണി മൂല്യനിര്‍ണ്ണയത്തില്‍ 1,63,510.28 കോടി രൂപയുടെ നഷ്ടത്തിന് സാക്ഷ്യം വഹിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് ഏറ്റവും വലിയ ഇടിവുണ്ടായത്.  കോട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂലധനം മാത്രമാണ് 32,570.94 കോടി രൂപ ഉയര്‍ന്ന് 3,06,331.09 കോടി രൂപയിലെത്തിയത്.  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മൂല്യം 39,355.06 കോടി രൂപ ഇടിഞ്ഞ് 13,89,159.20 കോടി രൂപയായി.

🔳കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്' ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു. ശരത് ജി. മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ യുവനടന്‍ ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഫാമിലി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ച് ഗാനങ്ങളാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലുള്ളത്.

🔳നടി നൂറിന്‍ ഷെരീഫ് പ്രധാന കഥാപാത്രമായി എത്തുന്ന 'എന്റെ നാട്-ഫ്രം ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്ന കേരള മ്യൂസിക്കല്‍ കോണ്‍സെപ്റ്റിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു. കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക പൈതൃകമാണ് 'എന്റെ നാട്-ഫ്രം ഗോഡ്സ് ഓണ്‍ കണ്‍ട്രി' പറയുക. നവാഗതരായ ദീപക് കെ. സി യും വിശാല്‍ ബാബുവും സംവിധാനം ചെയുന്ന മ്യൂസിക് വീഡിയോ ന്യൂ ഇന്ത്യ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ഗണേശ് വെങ്കടരമണി ഒരുക്കിയ ഗാനം ഗൗരി ലക്ഷ്മി ആണ് ആലപിക്കുന്നത്.

🔳ഇന്ത്യയിലെ പ്രീമിയം എസ്.യു.വികളിലെ പുത്തന്‍ സാന്നിധ്യമാണ് എംജി മോട്ടോഴ്സ് അവതരിപ്പിച്ച ഗ്ലോസ്റ്റര്‍. അവതരിപ്പിച്ച് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 2000 ബുക്കിങ്ങുകളാണ് ഗ്ലോസ്റ്ററിന് ലഭിച്ചിട്ടുള്ളതെന്ന് എംജി മോട്ടോഴ്സ് അറിയിച്ചു. അതേസമയം, ഗ്ലോസ്റ്ററിന്റെ ആദ്യ 2000 യൂണിറ്റിനായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വില ബാധതമാകുമെന്ന് അവതരണ വേളയില്‍ നിര്‍മാതാക്കള്‍ അറിയിച്ചത് ഗ്ലോസ്റ്ററിന്റെ ബുക്കിങ്ങും ഉയര്‍ത്തിയിട്ടുണ്ട്.

🔳ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടി അസിസ്റ്റന്റ് കലക്ടര്‍ പദവിയിലെത്തിയ ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ള ശ്രീധന്യയുടെ പ്രചോദനാത്മകമായ ജീവിതകഥ. നിസ്സാരകാര്യങ്ങള്‍ക്കുപോലും നിരാശരായി പരാജയത്തിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ശ്രീധന്യയുടെ ജീവിതകഥ വളരുന്ന തലമുറയ്ക്ക് കരുത്തു പകരും. 'ശ്രീധന്യയുടെ വിജയയാത്രകള്‍'. ടി.വി. രവീന്ദ്രന്‍. മാതൃഭൂമി ബുക്‌സ്. വില 102 രൂപ.

🔳കോവിഡ് രോഗികളില്‍ മൂന്നിലൊരാള്‍ക്കും തലച്ചോറിന്റെ മുന്‍ഭാഗത്ത് പ്രശ്നങ്ങളുണ്ടാകുന്നതായി പഠനം. എണ്‍പതിലധികം പഠനങ്ങള്‍ അവലോകനം ചെയ്ത ഗവേഷണ റിപ്പോര്‍ട്ട് കോവിഡിന്റെ നാഡീവ്യൂഹ സംബന്ധമായ ലക്ഷണങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. തലച്ചോറിന്റെ വൈദ്യുത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ഇലക്ട്രോഎന്‍സെഫെലോഗ്രാമില്‍(ഇഇജി) കണ്ടെത്തിയ അസാധാരണത്വങ്ങളിലാണ് പഠനം ഊന്നല്‍ നല്‍കുന്നത്. ഇത്തരത്തില്‍ തലച്ചോറിന്റെ മുന്‍ഭാഗത്ത് പ്രശ്നങ്ങളുണ്ടായ 600ലധികം രോഗികളെ ഗവേഷണത്തില്‍ കണ്ടെത്തി. മന്ദഗതിയിലുള്ള പ്രതികരണം, ചുഴലി പോലുള്ള പ്രശ്നങ്ങള്‍, സംസാരിക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, മയക്കത്തിന് ശേഷം എഴുന്നേല്‍ക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ട കോവിഡ് രോഗികള്‍ക്കാണ് ഇഇജി ടെസ്റ്റ് നടത്തിയത്. മന്ദഗതിയിലുള്ള വൈദ്യുത പ്രവര്‍ത്തനമാണ് ഇവരുടെ തലച്ചോറിന്റെ മുന്‍ഭാഗത്ത് കണ്ടെത്തിയത്. രോഗമുക്തിക്ക് ശേഷവും പൂര്‍വസ്ഥിതിയില്‍ എത്താത്ത സ്ഥിരമായ നാശം തലച്ചോറിന് ഏല്‍പ്പിക്കാന്‍ കോവിഡിന് സാധിക്കുമെന്ന് അമേരിക്കയിലെ ബെയ്ലര്‍ കോളജ് ഓഫ് മെഡിസിന്‍ നടത്തിയ ഈ പഠനം ചൂണ്ടിക്കാണിക്കുന്നു.  കൊറോണ വൈറസ് ശരീരത്തിലേക്ക് കയറുന്ന മുഖ്യ മാര്‍ഗം മൂക്കാണെന്നതാകാം ഇതിനടുത്തുള്ള തലച്ചോറിന്റെ മുന്‍ഭാഗത്തെ ഇത് ബാധിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.  

LIVE TODAY Ⓜ️ALAYALAM 
✍Junaiz wayanad