🔳കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ലെന്നും കഠിന പരിശ്രമത്തിന്റെ ഫലമായാണ് പല അംഗീകാരങ്ങളും കേരളത്തെ തേടിയെത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ അസ്വസ്ഥരായാണ് പലരും അപവാദ പ്രചരണങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് പാളിച്ച പറ്റിയെന്ന കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്റെ വിമര്‍ശനങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.
🔳കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനം മന്ത്രി സ്ഥാനത്തിന് ചേരാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വി മുരളീധരന്റെ ഇടപെടല്‍ തീര്‍ത്തും അപക്വമാണെന്നും പിണറായി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വന്ന പാളിച്ചയുടെ വിലയാണ് കേരളം ഇപ്പോള്‍ നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞതിനെ മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് വി മുരളീധരന്‍ നടത്തിയത്.
🔳ഇന്ത്യയിലെ ശാസ്ത്രസമൂഹത്തെയും മികച്ച സ്ഥാപനങ്ങളെയും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇവരണ്ടും ആയിരുന്നുവെന്നും രാജ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും മോദി
🔳മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ ശിവശങ്കറിന് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്.കസ്റ്റംസ് കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ ശിവശങ്കറിന് താത്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്.
🔳എം.ശിവശങ്കറിനെ സംരക്ഷിക്കുന്നു എന്ന വാദം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിന്റെ പേരില്‍ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സര്‍ക്കാരിനെതിരേ പുകമറ സൃഷ്ടിക്കാന്‍ നീക്കമുണ്ടെന്നും ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടാണെന്നും പിണറായി.
🔳പാലക്കാട് കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസിക്കോളനിയിലേത് വ്യാജമദ്യ ദുരന്തമെന്ന് സംശയം. തലേന്ന് ഒരു മരണാനന്തര ചടങ്ങില്‍ വെച്ച് മദ്യപിച്ചിരുന്ന ബന്ധുക്കളായ അഞ്ചുപേര്‍ മരിച്ചു. രാമന്‍(52), അയ്യപ്പന്‍(55), അയ്യപ്പന്റെ മകന്‍ അരുണ്‍ (22), ശിവന്‍ (45), ശിവന്റെ സഹോദരന്‍ മൂര്‍ത്തി (33) എന്നിവരാണ് മരിച്ചത്.
🔳സംസ്ഥാനത്ത് ഇന്നലെ 36,599 സാമ്പിളുകൾ പരിശോധിച്ചതില്‍ 5022 പേര്‍ക്ക് കോവിഡ്-19. 21 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
🔳രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍കോട് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28.
🔳കോവിഡ് മൂലം മരണമടഞ്ഞവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നയ്ക്കാമുഗള്‍ സ്വദേശിനി സ്‌നേഹലത ദേവി (53), കൊല്ലം വടക്കേവിള സ്വദേശിനി റഹ്മത്ത് (64), പെരുമണ്‍ സ്വദേശി ശിവപ്രസാദ് (70), എറണാകുളം സൗത്ത് വൈപ്പിന്‍ സ്വദേശിനി ഖദീജ (74), ഇടകൊച്ചി സ്വദേശിനി ലക്ഷ്മി (77), മാലിയന്‍കര സ്വദേശിനി ശ്രീമതി പ്രകാശന്‍ (75), തുറവൂര്‍ സ്വദേശി സി.എസ്. ബെന്നി (53), ഫോര്‍ട്ട് കൊച്ചി സ്വദേശി പി.എസ്. ഹംസ (86), തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി ഓമന (63), വടക്കേക്കാട് സ്വദേശി കാദര്‍ഖാജി (86), വെള്ളറകുളം സ്വദേശി അബ്ദുള്‍ ഖാദര്‍ (67), മലപ്പുറം അരീക്കോട് സ്വദേശിനി അയിഷകുട്ടി (72), ആനക്കയം സ്വദേശിനി മറിയുമ്മ (55), കോഴിക്കോട് പുതൂര്‍ സ്വദേശി അബൂബേക്കര്‍ (65), മേലൂര്‍ സ്വദേശി യാസിര്‍ അരാഫത്ത് (35), പായിമ്പ്ര സ്വദേശി രാമകൃഷ്ണന്‍ (73), വടകര സ്വദേശിനി ശ്യാമള (73), കണ്ണൂര്‍ ആലക്കോട് സ്വദേശിനി ക്ലാരമ്മ ജോയ് (63), കാസര്‍കോട് കുമ്പള സ്വദേശി ടി.കെ. സോമന്‍ (63) എന്നിവരാണ് മരണമടഞ്ഞത്..
🔳സംസ്ഥാനത്ത് ഇന്നലെ ആറ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 636 ഹോട്ട് സ്‌പോട്ടുകള്‍.
🔳കവളപ്പാറ ദുരന്തത്തില്‍ ഉറ്റവരും കിടപ്പാടവും നഷ്ടമായ കാവ്യ, കാര്‍ത്തിക സഹോദരിമാര്‍ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം വയനാട് എം.പി. രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു. മലപ്പുറം കളക്ടറേറ്റിലായിരുന്നു ചടങ്ങുകള്‍.
🔳സംസ്ഥാനത്ത് കര്‍ഷക സംരംഭകരുടെ കൂട്ടായ്മകള്‍ ഉണ്ടാക്കി വളര്‍ത്തിയെടുക്കുന്ന ചുമതല ഏജന്‍സികളെ ഏല്‍പ്പിക്കുന്നു. ഇതിനായി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. സംസ്ഥാന കൃഷിവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസനസ് കണ്‍സോര്‍ഷ്യമാണ് ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്.
🔳കശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും പ്രത്യേക സാഹചര്യങ്ങളില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അട്ടിമറിക്കാന്‍ പാകിസ്ഥാന്‍ ശ്രമം. നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത് നിരവധി പുതിയ ടവറുകള്‍ സ്ഥാപിച്ചും നിലവിലുള്ള ടവറുകളുടെ ശേഷി വര്‍ധിപ്പിച്ചും കശ്മീരില്‍ മൊബൈല്‍ സേവനം ലഭ്യമാക്കാനുള്ള പദ്ധതിയാണ് പാക് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളതെന്ന്.
🔳രാജ്യത്ത് പൗരത്വ നിയമം നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ വൈകിയതെന്ന് നഡ്ഡ.
🔳ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം ഇക്കാര്യംവ്യക്തമാക്കിയത്.
🔳മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി.13, ആറ് വയസ്സുള്ള പെണ്‍കുട്ടികളും 11, എട്ട് വയസ്സുള്ള ആണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ മാതാപിതാക്കള്‍ മൂത്ത മകനെയും കൂട്ടി ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു കൊലപാതകം.
🔳ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എല്‍ജെപി നേതാവ് ചിരാഗ് പസ്വാനോട് കാണിച്ചത് അനീതിയാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാറിന്റെ പെരുമാറ്റം വേദനിപ്പിച്ചുവെന്ന ചിരാഗിന്റെ തുറന്നുപറച്ചിലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
🔳ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയ്ക്ക് 18 ലക്ഷം രൂപയുടെ യുഎസ് പാരിതോഷികം. കൊറോണ വൈറസിനെതിരെ നടത്തിയ ഗവേഷണങ്ങള്‍ക്കാണ് അനിക ചെബ്രോലു എന്ന പതിനാലുകാരി അംഗീകാരത്തിന് അര്‍ഹയായത്.
🔳യുഎസ്, ജപ്പാന്‍ എന്നീരാജ്യങ്ങള്‍ക്കൊപ്പമുളള ത്രിരാഷ്ട്ര മലബാര്‍ നാവികാഭ്യാസത്തില്‍ ഓസ്‌ട്രേലിയയും പങ്കെടുക്കും. ഇതോടെ ഈ വര്‍ഷം അവസാനം നടക്കുന്ന നാവികാഭ്യാസത്തില്‍ ക്വാഡ് രാജ്യങ്ങളായ ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിലെ നാവികസേനകള്‍ ഒന്നിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ അണിനിരക്കും.
🔳ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കാന്‍ നാസയും നോക്കിയയും കൈകോര്‍ക്കുന്നു. ചന്ദ്രനിലേക്ക് വേണ്ട നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് നോക്കിയയുടെ ഗവേഷണ വിഭാഗമായ ബെല്‍ ലാബ്സ് പങ്കാളിയാകുമെന്നാണ് നാസയുടെ പ്രഖ്യാപനം.
🔳ശമ്പളം കുറവാണെന്ന കാരണത്താല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ 1,50,402 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം ഒന്നര കോടി രൂപ) ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒരു വര്‍ഷത്തെ ശമ്പളം. പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ടെലിഗ്രാഫില്‍ കോളമിസ്റ്റായിരുന്ന ബോറിസ് ജോണ്‍സണ് ജോലിയിലൂടെയും പ്രസംഗത്തിലൂടെയും ഇപ്പോഴത്തേക്കാള്‍ മൂന്നിരട്ടി വരുമാനം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍.
🔳ചൈനയോട് ചായ്വുള്ള ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍. നവംബര്‍ മൂന്നിന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് ജൂനിയര്‍ ട്രംപ് ആണ്.
🔳ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്.
കോവിഡ് ബാധിച്ച് ഇന്നലെ 589 മരണം. 45,490 പേര്‍കൂടി രോഗികളായി. ഇതുവരെ 1,15236 പേര്‍ മരിച്ചു. 75.94 ലക്ഷം പേരാണു രോഗബാധിതരായത്. 7.47 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 67.30 ലക്ഷം പേര്‍ രോഗമുക്തരായി.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 125 കോവിഡ് മരണം. 5,984 പേര്‍ രോഗികളാകുകയും ചെയ്തു. കര്‍ണാടകത്തില്‍ 5,018 പേരും തമിഴ്‌നാട്ടില്‍ 3,536 പേരും ആന്ധ്രയില്‍ 2,918 പേരും പുതുതായി രോഗികളായി.
🔳ലോകത്ത് ഇന്നലെ കോവിഡ് ബാധിച്ച് 3,830 പേര്‍കൂടി മരിച്ചു. 3,14,065 പേര്‍ കൂടി രോഗികളായി. ഇതുവരെ 11,22,193 പേര്‍ മരിക്കുകയും 4.06 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 397 പേരും ബ്രസീലില്‍ 321 പേരും മരിച്ചു.
🔳ശ്രീലങ്കന്‍ സ്പിന്നിങ്ങ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തില്‍നിന്ന് വിജയ് സേതുപതി പിന്‍മാറി. കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വിജയ് സേതുപതിയോട് ചിത്രത്തില്‍നിന്ന് പിന്‍മാറമെന്ന് മുരളീധരന്‍ അഭ്യര്‍ഥിച്ചിരുന്നു.
🔳ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അര്‍ധ സെഞ്ചുറി നേടിയ ബട്ട്ലര്‍ 48 പന്തില്‍ നിന്ന് രണ്ടു സിക്സും ഏഴ് ഫോറുമടക്കം 70 റണ്‍സോടെ പുറത്താകാതെ നിന്നു. ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി കാപ്പിറ്റല്‍സ് പഞ്ചാബ് കിംഗ്‌സ് ഇലവനോട് ഏറ്റുമുട്ടും.
🔳കോവിഡ് കാലത്ത് ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാക്കി മുന്നേറുകയാണ് രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള ബാങ്കുകളിലൊന്നായ സിഎസ്ബി ബാങ്ക്. സെപ്റ്റംബര്‍ 30-ന് അവസാനിച്ച അര്‍ധ വര്‍ഷത്തില്‍ 301.9 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് ബാങ്കിനുള്ളത്. രണ്ടാം ത്രൈമാസത്തിലെ പ്രവര്‍ത്തന ലാഭം 172.8 കോടി രൂപയുമാണ്. പ്രതിസന്ധി ഘട്ടത്തില്‍ വീട്ടുപടിക്കല്‍ സ്വര്‍ണ വായ്പ എത്തിക്കാനായതിലൂടെ 4,949 കോടി രൂപയുടെ ബിസിനസാണ് നടത്തിയത്. ഈ രംഗത്ത് 47 ശതമാനം വളര്‍ച്ച നേടാനായി.
🔳സ്വര്‍ണ്ണ ഇറക്കുമതി ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 57 ശതമാനം ഇടിഞ്ഞ് 6.8 ബില്യണ്‍ യുഎസ് ഡോളറായി. ഏകദേശം 50,658 കോടി രൂപയാണ് ഇടിവ്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ സ്വര്‍ണ്ണ ഇറക്കുമതി 15.8 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഏകദേശം 1,10,259 കോടി രൂപയുടേത്. വെള്ളിയുടെ ഇറക്കുമതിയിലും വന്‍ ഇടിവുണ്ടായിട്ടുണ്ട്. 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വെള്ളി ഇറക്കുമതി 63.4 ശതമാനം ഇടിഞ്ഞ് 733.57 മില്യണ്‍ ഡോളറിലെത്തി. ഏകദേശം 5,543 കോടി രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
🔳രാഘവ ലോറന്‍സ് നായകനായി അഭിനയിച്ച്, സംവിധാനം ചെയ്ത് വന്‍വിജയം നേടിയ തമിഴ് 'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് 'ലക്ഷ്മി ബോംബി' ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ബുര്‍ജ് ഖലീഫ എന്ന് തുടങ്ങുന്ന ഗാനം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. കിയാര അദ്വാനിയാണ് നായിക . ചിത്രം ദീപാവലിയോടനുബന്ധിച്ച് നവംബര്‍ ഒന്‍പതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.
🔳സംവിധായകന്‍ ഐ.വി. ശശിയുടെയും നടി സീമയുടെയും മകന്‍ അനി ഐ.വി. ശശിയുടെ കന്നി തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. 'നിന്നിലാ നിന്നിലാ' എന്നാണ് ചിത്രത്തിന്റെ പേര്. നിത്യ മേനോന്‍, റിതു വര്‍മ, അശോക് സെല്‍വന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. സിനിമയുടെ തിരക്കഥയും അനി തന്നെയാണ്. ഷെഫിന്റെ വേഷത്തിലാകും അശോക് സെല്‍വന്‍ എത്തുക. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ നാസര്‍, സത്യ എന്നിവരും അഭിനയിക്കുന്നു.
🔳ഇന്നോവ ക്രിസ്റ്റക്ക് ചെറിയ മെയ്ക്ക് ഓവര്‍ നല്‍കിയിരിക്കുകയാണ് ടൊയോട്ട. പുത്തന്‍ ഇന്നോവ ഇന്തോനേഷ്യന്‍ വിപണിയില്‍ കിജാങ് ഇന്നോവ എന്നാണ് അറിയപ്പെടുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യയിലെത്തിയേക്കും. പുത്തന്‍ കിജാംഗ് ഇന്നോവ 139 എച്ച്പി പവര്‍ നിര്‍മ്മിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, 149 എച്ച്പി ഔട്പുട്ടുള്ള 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ആണ് ഇന്തോനേഷ്യന്‍ വിപണിയിലെത്തുക.
🔳രുചിവൈവിധ്യങ്ങള്‍ നിറഞ്ഞ പാനീയങ്ങളുടെ ലോകത്തേക്കൊരു യാത്ര. മനസിനും ശരീരത്തിനും ഒരു പോലെ കുളിര്‍മയേകുന്നതും പോഷകമൂല്യങ്ങളാല്‍ സമ്പുഷ്ടവും എളുപ്പത്തില്‍ തയാറാക്കാവുന്നതുമായ നൂറു സ്വാദിഷ്ട പാനീയങ്ങളുടെ രുചിക്കൂട്ടുകള്‍. '100 ജ്യൂസുകള്‍'. ലില്ലി ബാബു ജോസ്. ഡിസി ലൈഫ്. വില 80 രൂപ.
🔳ഉറക്കമില്ലായ്മ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്‌നമാണ്. ദിവസവും രാത്രി ശരിയായി ഉറങ്ങാന്‍ കഴിയാതെ വരുന്നതിനോടൊപ്പം ഈ അവസ്ഥ പകല്‍ സമയങ്ങളില്‍ ഒരു വ്യക്തിയുടെ ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങളെ പലരീതിയിലും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ഉറക്കം, അതായത് ഒരാള്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ദിവസവും ഉറങ്ങിയില്ലെങ്കില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ദിവസവും ഒരേസമയം ഉറങ്ങാന്‍ ശ്രമിക്കുക. ഉറങ്ങുന്ന സമയം എത്ര നേരത്തേയാകാമോ അത്രയും നല്ലത്. ഉറങ്ങുന്നതിന് കുറഞ്ഞത് നാലുമണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. അതേസമയം, വെള്ളം കുടിക്കുന്നതിന് തടസ്സമില്ല. രാത്രി കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് പാല്‍ കുടിക്കുന്നത് ശീലമാക്കുക. ഉറക്കം കിട്ടാന്‍ പാല്‍ ഏറെ നല്ലതാണ്. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന 'ട്രിപ്‌റ്റോഫാനെ' തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാത്സ്യം ചെയ്യുന്നത്. നല്ല ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് മറ്റൊന്ന്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയില്‍ ലൈറ്റിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നത് നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേള്‍ക്കുന്നതോ ഉറക്കം വരാന്‍ സഹായിക്കും.
ശുഭദിനം
കവിത കണ്ണന്‍
ക്ഷമിക്കുന്നത് എങ്ങനെയെന്നു പഠിക്കാന്‍ അയാള്‍ നാടുമുഴുവന്‍ അലഞ്ഞു. നടന്ന് നടന്ന് അയാള്‍ അടുത്ത ആശ്രമത്തിലെത്തി. അയാള്‍ സന്യാസിയോട് ചോദിച്ചു: എന്നോട് തെറ്റു ചെയ്ത ഒരാള്‍ക്ക് എങ്ങിനെയാണ് മാപ്പ് നല്‍കുന്നത്? നിറയെ മാമ്പഴമുള്ള മാവ് ചൂണ്ടിക്കാട്ടി സന്യാസി പറഞ്ഞു: ആ മാവിലെ ഏറ്റവും നല്ല മാമ്പഴം എറിഞ്ഞു വീഴ്ത്തുക. അയാള്‍ ഉടനെ കല്ലെടുത്തെറിഞ്ഞു. ഏറുകൊണ്ട് ധാരാളം മാമ്പഴങ്ങള്‍വീണു. സന്യാസി പറഞ്ഞു: കല്ലെറിയുന്നവനു പോലും നല്ല മധുരമുള്ള മാമ്പഴങ്ങള്‍ നല്‍കുന്ന പ്രക്രിയ പോലെയാണ് മാപ്പ് നല്‍കുക എന്നത്. മുറിവേല്‍പ്പിക്കുന്നവരോട് ഒന്നുകില്‍ പകരം വീട്ടാം അല്ലെങ്കില്‍ പൊറുക്കാം. പ്രതികാരത്തിന്റെ ചൂണ്ടക്കൊളുത്തില്‍ കുടുങ്ങിയാല്‍ പിന്നെ പ്രതിയോഗികള്‍ വലിച്ചിഴക്കുന്നിടത്തേക്കു പോകുകയേ മാര്‍ഗ്ഗമുള്ളൂ. പൊറുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ആരുടേയും പിറകെ നടക്കേണ്ട ആവശ്യമില്ല. ആരെയും ഒളിഞ്ഞിരുന്ന് ആക്രമിക്കേണ്ടതുമില്ല. സ്വന്തം വഴികളിലൂടെ മാത്രം സഞ്ചരിച്ചാല്‍ മതിയാകും. തുടര്‍ പ്രവര്‍ത്തികളാണ് ക്ഷമയുടെ ആഴവും ഗുണനിലവാരവും തീരുമാനിക്കുന്നത്. ക്ഷമയെ നമുക്ക് ഇങ്ങനെ നിര്‍വ്വചിക്കാം - തുടര്‍ച്ചയായി കല്ലെറിയുന്നവനു തുടര്‍ച്ചയായി മധുരം നല്‍കുന്ന പ്രവൃത്തിയെന്ന്. ക്ഷമയുടെ മധുരം നമുക്കും അനുഭവഭേദ്യമാകട്ടെ - ശുഭദിനം