
covid update
കോവിഡ് ഭേദമായവർക്ക് ഒരു സന്തോഷവാർത്ത, കൊവിഡ് മുക്തരില്‍ പ്രതിരോധ ശേഷി മാസങ്ങളോളം നിലനില്‍ക്കുമെന്ന് പഠനം
കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്നു പഠനം. അമേരിക്കയിലെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുന്നതായി കണ്ടെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച ആറായിരത്തോളം ആളുകളിലെ ആന്റിബോഡി ഉത്പാദനം അടിസ്ഥാനമാക്കിയാണ് പഠനം. രോഗം പിടിപെട്ട് അഞ്ച് മുതല്‍ ഏഴ് മാസങ്ങള്‍ വരെയും ഉയര്‍ന്ന അളവിലുള്ള ആന്റിബോഡി ശരീരത്തില്‍ ഉത്പാദിക്കപ്പെടുന്നതായി പഠനത്തില്‍ കണ്ടെത്തി. ഏഴ് മാസം മുന്‍പ് വരെ രോഗം സ്ഥിരീകരിച്ചവരെയാണ് പഠനത്തിന് വിധേയമാക്കിയത്.
ഇന്ത്യന്‍ വംശജനും അരിസോണയിലെ അസോസിയേറ്റ് പ്രഫസറുമായ ദീപ്ത ഭട്ടാചാര്യയുടെയും പ്രഫസര്‍ ജാങ്കോ നിക്കോളിച്ച് സുഗിച്ചിന്‍്റെ നേതൃത്വത്തിലായിരുന്നു പഠനം.
'കൊവിഡിനെതിരായ രോഗപ്രതിരോധ ശേഷി ഏറെനാള്‍ നിലനില്‍ക്കില്ലെന്നു നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് കണ്ടെത്താനായി നടത്തിയ പഠനത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും ശരീരത്തില്‍ രോഗപ്രതിരോധ ശേഷി നിലനില്‍ക്കുന്നതായി കണ്ടെത്തി', ദീപ്ത ഭട്ടാചാര്യ വ്യക്തമാക്കി.
ശരീരത്തില്‍ ആദ്യമായി വൈറസ് കടന്നു കൂടുമ്ബോള്‍ രോഗപ്രതിരോധവ്യവസ്ഥ ഹ്രസ്വകാല പ്ലാസ്മ കോശങ്ങള്‍ രൂപപ്പെടുത്തി ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നു. രോഗ ബാധയുണ്ടായി 14 ദിവസത്തിനകം ഇത് രക്തത്തില്‍ കാണപ്പെടുന്നു. ഇത് കൂടാതെ, ശരീരത്തില്‍ ദീര്‍ഘകാല പ്ലാസ്മ കോശങ്ങള്‍ രൂപപെടുമെന്നും ഇവ ഉയര്‍ന്ന അളവിലുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുമെന്നും അങ്ങനെ ദീര്‍ഘ കാല രോഗ പ്രതിരോധശേഷി ഉണ്ടാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് സ്ഥിരീകരിച്ച ആളുകളിലെ ആന്റിബോഡിയുടെ അളവാണ് ഗവേഷകര്‍ പരിശോധിച്ചത്. കുറഞ്ഞത് അഞ്ച് മുതല്‍ ഏഴ് മാസം വരെ രക്തത്തില്‍ സാര്‍സ്- കോവ് 2 ആന്റിബോഡികള്‍ ഉണ്ടാകുമെന്നു ഗവേഷകര്‍ ഇതിലൂടെ കണ്ടെത്തി.
നേരത്തെയുള്ള പഠനങ്ങളില്‍ രോഗ ബാധ ഉണ്ടായശേഷം വേഗത്തില്‍ ആന്റിബോഡിയുടെ അളവ് കുറയുന്നതായിട്ടാണ് കണ്ടെത്തിയത്. എന്നാല്‍ ഇത് ഹ്രസ്വകാല പ്ലാസ്മ കോശങ്ങളെ അടിസ്ഥാനമാക്കിയുള്ള നിഗമനമാണെന്നും ദീര്‍ഘകാല പ്ലാസ്മ കോശങ്ങളെ കണക്കിലെടുത്തിട്ടില്ലെന്നും ദീപ്ത ഭട്ടാചാര്യ വ്യക്തമാക്കി