Headlines
Loading...
ലൈവ് ടുഡേ മലയാളം പ്രഭാത വാർത്തകൾ 2020 ഒക്ടോബർ 31

ലൈവ് ടുഡേ മലയാളം പ്രഭാത വാർത്തകൾ 2020 ഒക്ടോബർ 31

🔳രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം. ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ (പി.എ.സി) തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡെക്‌സ് 2020 ലാണ് കേരളം മുന്നിലെത്തിയത്. വലിയ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളത്തിന്റെ നേട്ടം. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്.

🔳കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ഇന്നലെ പതിമൂന്ന് മണിക്കൂര്‍  ചോദ്യം ചെയ്യല്ലിന് വിധേയനാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാവിലെ എട്ട് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകി പതിനൊന്ന് മണിയോടെയാണ് പൂര്‍ത്തിയാക്കിയത്. പണത്തിന്റെ സ്രോതസ്സിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും ബിനീഷ് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

➖➖➖➖➖➖➖➖


🔳മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ അനുവദിച്ചില്ല. ഇഡി ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ച് അയക്കുകയായിരുന്നു. ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിക്കില്ലെന്ന കര്‍ശന മറുപടിയാണ് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍.

🔳ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്ക് സമ്മാനിച്ച ഐ ഫോണുകളില്‍ ഒന്ന് ലഭിച്ചത് ശിവശങ്കറിനാണെന്ന കണ്ടെത്തലുകള്‍ എം.ശിവശങ്കറിന് തിരിച്ചടിയാകുന്നു. ഏറ്റവും വിലകൂടിയ ഫോണ്‍ ആണ് ലൈഫ് മിഷന്‍ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന എം ശിവശങ്കറിനാണ് ലഭിച്ചത്. അതേസമയം കള്ളപ്പണകേസില്‍ ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്നാല്‍ ശിവശങ്കര്‍ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കുന്നില്ലെന്ന് ഇഡി.

🔳ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് അന്വേഷണം 'അഴിമതി'യിലേക്ക് വഴിമാറുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി . എം. ശിവശങ്കറിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാന്‍ സി.ബി.ഐ. യൂണീടാക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പനില്‍നിന്നും സമ്മാനമായി ലഭിച്ച ഐ ഫോണാണ് ശിവശങ്കര്‍ ഉപയോഗിച്ചതെന്ന് തെളിഞ്ഞതാണ് കേസിലെ നിര്‍ണായക വഴിത്തിരിവായത്.

🔳കേരളത്തിലെ വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും സി.പി.എം. കേന്ദ്രകമ്മിറ്റിയുടെ പൂര്‍ണപിന്തുണ. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി. രാഷ്ട്രീയവേട്ട നടത്തുകയാണെന്ന നിലപാടിലാണ് കേന്ദ്രകമ്മിറ്റി.

🔳സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ച കണ്ണികള്‍ കസ്റ്റംസിലുമുണ്ടെന്ന സൂചനനല്‍കി കേന്ദ്രസര്‍ക്കാരിന്റെ രഹസ്യറിപ്പോര്‍ട്ട്. കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ കോഫെപൊസ റിപ്പോര്‍ട്ടിലാണ് പരാമര്‍ശങ്ങള്‍. സ്വര്‍ണംകടത്താനുപയോഗിച്ച നയതന്ത്രബാഗേജ് തടഞ്ഞുവെച്ച നാള്‍മുതല്‍ സ്വപ്നയ്ക്കും സംഘത്തിനും 'ലൈവ് അപ്ഡേറ്റുകള്‍ ലഭിച്ചിരുന്നെന്നും റിപ്പോര്‍ട്ട്.

🔳കേരളത്തില്‍ ഇന്നലെ 53,981 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6638 പേര്‍ക്ക് കൊവിഡ്-19. 28 മരണങ്ങളാണ് ഇന്നലെ കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1457 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍കോട് 133, വയനാട് 90, ഇടുക്കി 76.

🔳കോവിഡ് മൂലം ഇന്നലെ മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തര്‍ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂര്‍ സ്വദേശി ശ്രീനാഥ് (28), കൊല്ലം മുണ്ടക്കല്‍ സ്വദേശി സനാതനന്‍ (82), പുനലൂര്‍ സ്വദേശി ഹംസകുട്ടി (81), പത്തനംതിട്ട താഴം സ്വദേശി ബിജു കെ. നായര്‍ (45), കോട്ടയം അരുവിത്തുറ സ്വദേശി പരീത് റാവുത്തര്‍ (77), ആലപ്പുഴ വലിയമാരം സ്വദേശി ഗോപാലകൃഷ്ണന്‍ (65), എറണാകുളം മട്ടാഞ്ചേരി സ്വദേശി പി.കെ. അലി (65), കുമാരപുരം സ്വദേശിനി ബേബി വര്‍ഗീസ് (57), തൃശൂര്‍ തമ്പാന്‍കടവ് സ്വദേശി പ്രഭാകരന്‍ (63), ഇരിങ്ങാലക്കുട സ്വദേശിനി ഉമാദേവി (57), ചെന്നൈപാറ സ്വദേശി ദേവസി (76), മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശിനി പാത്തുമ്മ (65), മാമ്പാട് സ്വദേശിനി അയിഷ (84), കുഴിമണ്ണ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (43), കോഴിക്കോട് മടവൂര്‍ സ്വദേശിനി മാളു (65), പേരാമ്പ്ര സ്വദേശി കുഞ്ഞിക്കണ്ണന്‍ (65), കൊയിലാണ്ടി സ്വദേശിനി രാധ (78), ചാക്യം സ്വദേശി അബ്ദു റഹ്മാന്‍ (78), പെരുവയല്‍ സ്വദേശിനി ബാലാമണി (59), വയനാട് പടിഞ്ഞാറേത്തറ സ്വദേശിനി ഫൗസിയ (29), കണ്ണൂര്‍ കൊട്ടിള സ്വദേശിനി ഖദീജ (70), എന്നിവരാണ് മരണമടഞ്ഞത്.

🔳സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 6 പുതിയ ഹോട്ട് സ്പോട്ടുകള്‍. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 690 ഹോട്ട് സ്പോട്ടുകള്‍.

🔳ബാര്‍ കോഴക്കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സിബിഐയോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റൊ കേസ് അന്വേഷിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ചാലക്കുടി സ്വദേശി പി എല്‍ ജേക്കബ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

🔳തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്നാണ് പിസി ജോര്‍ജ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

🔳നേതൃത്വത്തിനെതിരായി ശോഭാ സുരേന്ദ്രന്‍ നടത്തിയ പരസ്യവിമര്‍ശനത്തില്‍ പരസ്യപ്രതികരണം നടത്താതെ നേതാക്കള്‍. ശോഭാ സുരേന്ദ്രന്റെ വിമര്‍ശനത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടികാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യും. ജനങ്ങള്‍ നേരിടുന്ന ഗൗരവതരമായ പ്രശ്‌നങ്ങള്‍ മാത്രമേ പരസ്യമായി താന്‍ ഉന്നയിക്കൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

🔳 യുട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയും കൂട്ടാളികളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിശദമായ വാദം കേട്ട ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിവച്ചത്.

🔳കിടപ്പുമുറിയിലേക്ക് ഓടിക്കയറിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറിയ രണ്ടു കാട്ടുപന്നികള്‍ മണിക്കൂറുകളോളം വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. കൂരാച്ചുണ്ട് പൂവ്വത്തുംചോല ആലമല മോഹനന്റെ വീട്ടിലാണ് സംഭവം.

🔳വിവാഹത്തിനുവേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതിമാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഇക്കാര്യം ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി തള്ളി.

🔳സര്‍ക്കാര്‍ ജീവനക്കാര്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതും സിനിമയിലും സീരിയലിലും അഭിനയിക്കുന്നതും വിലക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ജീവനക്കാര്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതിനും വിലക്കുണ്ട്. ഒക്ടോബര്‍ 27ന് ആണ് ഇതു സംബന്ധിച്ച കരട് പുറത്തിറങ്ങിയത്.

🔳മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ആവര്‍ത്തിച്ചതോടെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിന്റെ താരപ്രചാരക പദവി തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. മധ്യപ്രദേശില്‍ അടുത്തയാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ഇനി അദ്ദേഹം എവിടെയെങ്കിലും പ്രചാരണത്തിന് എത്തിയാല്‍ യാത്രയുടെയും താമസത്തിന്റെയും അടക്കം പ്രചാരണ ചെലവുകളെല്ലാം ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ ചെലവില്‍പ്പെടും.

🔳മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കറെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ശിവസേന തീരുമാനിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊര്‍മിളയുമായി സംസാരിച്ചതായും നാമനിര്‍ദേശം ചെയ്യുന്നതിനെ അവര്‍ അനുകൂലിച്ചതായും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

🔳രാജ്യത്ത് ഇന്നലെ 48,117 കോവിഡ് രോഗികള്‍. 550 മരണം. ഇതോടെ ആകെ മരണം 1,21,681 ആയി, ഇതുവരെ 81.36 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും രാജ്യത്ത് നിലവില്‍ 5.83 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 74.30 ലക്ഷം പേര്‍ രോഗമുക്തി നേടി.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ  6,190 പേര്‍ക്കും ഡല്‍ഹിയില്‍ 5,891 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,979 പേര്‍ക്കും കര്‍ണാടകയില്‍ 3,589 പേര്‍ക്കും ആന്ധ്രയില്‍ 2,886 പേര്‍ക്കും  തമിഴ്‌നാട്ടില്‍ 2,608 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ പ്രതിദിന രോഗവ്യാപനം കുതിച്ചുയരുന്നു. 5,63,025 പേര്‍ക്കാണ് ഇന്നലെ രോഗവ്യാപനം. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ഇതിനു കാരണം. അമേരിക്കയില്‍ ഇന്നലെ 98,426 പേര്‍ക്ക് രോഗം ബാധിച്ചു, 966 മരണവും. ഫ്രാന്‍സില്‍ 49, 215 പേര്‍ക്ക് രോഗം ബാധിച്ചു. 545 മരണവും. ആഗോളതലത്തില്‍ ഇന്നലെ 7419 മരണം റിപ്പോര്‍ട്ട് ചെയ്തു.. ആകെ 4.58 കോടി പേര്‍ക്ക് രോഗവ്യാപനവും 11.93 ലക്ഷം മരണവും സംഭവിച്ചു.

🔳ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ചിത്രങ്ങള്‍ റോഡില്‍ ഒട്ടിച്ച നിലയില്‍. തെക്കന്‍ മുംബൈയിലെ തിരക്കേറിയ റോഡിലാണ് ഇമ്മാനുവല്‍ മാക്രോണിന്റെ ചിത്രങ്ങള്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയത്. ഇവ പിന്നീട് പോലീസ് നീക്കം ചെയ്തു.

🔳തുര്‍ക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്പം. തുര്‍ക്കിയില്‍ 14 പേര്‍ മരിച്ചു. ഗ്രീസില്‍ രണ്ടുപേരും. റിക്ടര്‍ സ്‌കെയിലില്‍ 7.തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലും നിരവധി കെട്ടിട്ടങ്ങള്‍ തകര്‍ന്നു വീണു. തുര്‍ക്കിയില്‍ സുനാമി ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

🔳ബെംഗ്‌ളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. ബിനീഷിനെ ജനറല്‍ ബോഡി അംഗത്വത്തില്‍ നിന്ന് ഉടന്‍ മാറ്റില്ല. കേസ് എടുത്താല്‍ മാത്രം നടപടി എടുക്കാനാകില്ലെന്നാണ് ചട്ടമെന്നും സുപ്രീം കോടതി തീരുമാനിച്ച ബൈലോ ആണ് കെസിഎ യ്ക്കുള്ളതെന്നും കെസിഎ സെക്രട്ടറി പ്രതികരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കണ്ണൂരില്‍ നിന്നുള്ള പ്രതിനിധിയാണ് ബിനീഷ് കോടിയേരി.  

🔳ക്രിസ് ഗെയ്ലിന്റെ ബാറ്റിംഗ് വെടിക്കെട്ടിന് ബെന്‍ സ്റ്റോക്‌സും സഞ്ജു സാംസണും ചേര്‍ന്ന് മറുപടി നല്‍കിയപ്പോള്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സിന്റെ വിജയലക്ഷ്യം സ്റ്റോക്‌സിന്റെയും സഞ്ജു സാസണിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി രാജസ്ഥാന്‍ മറികടന്നു. 26 പന്തില്‍ 50 റണ്‍സടിച്ച ബെന്‍ സ്റ്റോക്‌സും 25 പന്തില്‍ 48 റണ്‍സടിച്ച സഞ്ജുവും ചേര്‍ന്നാണ് രാജസ്ഥാന്റെ ജയം അനാസായസമാക്കിത്.

🔳സാമ്പത്തിക വര്‍ഷത്തിലെ സെപ്തംബര്‍ പാദത്തില്‍ വോഡഫോണ്‍-ഐഡിയ അവരുടെ നഷ്ടം വലിയ തോതില്‍ കുറിച്ചിട്ടുണ്ട്. ഇത്തവണ നഷ്ടം 7,220 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ പാദത്തില്‍ വോഡഫോണ്‍-ഐഡിയ കമ്പനികളുടെ മൊത്തം നഷ്ടം 50,922 കോടി രൂപയായിരുന്നു. ജിയോയുടെ കുതിപ്പായിരുന്നു ആ സമയത്ത് ദൃശ്യമായത്. വോഡഫോണ്‍ ഐഡിയയ്ക്ക് കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം 10,844 കോടി രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 10,791 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.

🔳ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗത്തില്‍ ഇപ്പോള്‍ കാണുന്ന പ്രവണത തുടര്‍ന്നാല്‍, 1995നു ശേഷം ഏറ്റവും കുറഞ്ഞ സ്വര്‍ണ ഉപഭോഗം രേഖപ്പെടുത്തുന്ന വര്‍ഷമാകും 2020 എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അനുമാനം. 2020 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യയിലെ ഗോള്‍ഡ് ഡിമാന്റ് 252 ടണ്ണാണ്. കഴിഞ്ഞ വര്‍ഷം ഇത് 496 ടണ്ണായിരുന്നു. 2019ല്‍ 696 ടണ്ണും. 1995ല്‍ ഇന്ത്യയിലെ ഗോള്‍ഡ് ഡിമാന്റ് 462 ടണ്ണായിരുന്നു. അതിനുശേഷം പടിപടിയായി വര്‍ധനയാണ് സ്വര്‍ണ ഉപഭോഗത്തില്‍ ഉണ്ടായിരുന്നത്. ആഗോളതലത്തിലും സ്വര്‍ണ ഉപഭോഗത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനയുണ്ട്. സ്വര്‍ണ ബാര്‍  കോയ്ന്‍ എന്നിവയുടെ ഡിമാന്റില്‍ 48 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

🔳'നിഴല്‍' സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്ത് നയന്‍താര. 25 ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി നയന്‍താര കൊച്ചിയില്‍ ഉണ്ടാവുക. സംസ്ഥാന അവാര്‍ഡ് ജേതാവായാള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവ് ആണ്. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലാല്‍, സുധീഷ്, ഡോ. റോണി, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ഇറോസ് നൗ വെബ് സിരീസിന്റെ രണ്ടാം സീസണ്‍ വരുന്നു.ആദ്യ സീസണിന്റെ പേര് 'മോദി: ജേണി ഓഫ് എ കോമണ്‍ മാന്‍' എന്നായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുംവരെയുള്ള അദ്ദേഹത്തിന്റെ ജീവിതഘട്ടമായിരുന്നു ആദ്യ സീസണില്‍. എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രിപദം മുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള കാലഘട്ടമാണ്  രണ്ടാം സീസണ്‍. 'മോഡി സീസണ്‍ 2: സിഎം റ്റു പിഎം' എന്നാണ് പുതിയ സീസണിന്റെ പേര്. ഉമേഷ് ശുക്ലയും ആഷിഷ് വാഗും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന സിരീസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷത്തില്‍ എത്തുന്നത് മഹേഷ് ഠാക്കൂര്‍ ആണ്.  നവംബര്‍ 12 ന് പുതിയ സീസണ്‍ സ്ട്രീം ചെയ്യും. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി ഭാഷകളിലാണ് സിരീസ് എത്തുക.

🔳ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ എക്സ്ട്രീം 200 എസിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ നിരത്തുകളിലെത്താനൊരുങ്ങുന്നു. ഹീറോയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലായ എക്സ്ട്രീം 200 ആറിന്റെ ഫുള്ളി ഫെയേര്‍ഡ് പതിപ്പാണ് എക്‌സ്ട്രീ 200 എസ്. ബിഎസ്-4 മോഡല്‍ എക്സ്ട്രീം 200 ആറിന് 98,500 രൂപയായിരുന്നു എക്സ്ഷോറും വില.

🔳ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ യുവത്വത്തിനു വേണ്ടി പുനരാവിഷ്‌ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ് ഭഗത് സിങ്ങിന്റെ ജയില്‍ ഡയറി. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളില്‍ കുടുങ്ങി ദിശാബോധം നഷ്ടമാകുന്ന ഒരു യുവതലമുറയല്ല നമുക്കുവേണ്ടത് എന്ന് നമ്മെ ഓര്‍മപ്പിക്കുന്ന കൃതി. 'ഭഗത് സിങ്ങിന്റെ ജയില്‍ ഡയറി'. വിവര്‍ത്തനം - ബിനോയ് വിശ്വം. ഗ്രീന്‍ ബുക്‌സ്. വില 342 രൂപ.

🔳കൊറോണ വൈറസിനെ നിര്‍ജീവമാക്കുന്ന ആന്റി വൈറല്‍ ലെയര്‍ മുഖാവരണവുമായി ശാസ്ത്രജ്ഞര്‍. മാസ്‌കിനായി ഉപയോഗിക്കുന്ന മെറ്റീരിയലില്‍ ആന്റി വൈറല്‍ കെമിക്കലുകള്‍ ഉപയോഗിച്ച് മാറ്റം വരുത്താനാണ് പദ്ധതി. പുറന്തള്ളുന്ന ശ്വാസകണങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ കഴിയുന്നവയാണ് ഇതെന്ന് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ശ്വാസോച്ഛ്വാസവും ചുമയും തുമ്മലുമൊക്കെ ലാബില്‍ അനുകരിച്ച് നടത്തിയ പരീക്ഷണത്തില്‍ നിന്നാണ് പുതിയ കണ്ടെത്തലുകള്‍. പരീക്ഷണങ്ങള്‍ക്കൊടുവില്‍ ആന്റിവൈറല്‍ കെമിക്കലുകളായ ഫോസ്ഫറിക് ആസിഡും കോപ്പര്‍ സോള്‍ട്ടും ആണ് തെരഞ്ഞെടുത്തിട്ടുള്ളത്. സാധാരണ മാസ്‌കുകളില്‍ ഉപയോഗിക്കുന്ന നെയ്യാത്ത തുണിയാണ് ആന്റി വൈറല്‍ ആശയം കൃത്യമായി പ്രദര്‍ശിപ്പിക്കുകയെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത്തരം മാസ്‌കുകള്‍ ശ്വാസോശ്വാസത്തെ എളുപ്പമാക്കുമെന്നും പഠനത്തില്‍ പറയുന്നു. ധരിക്കുന്ന ആളെ മാത്രമല്ല ചുറ്റുമുള്ളവരെയും രോഗത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഒന്നാണ് മുഖാവരണം. എന്നാല്‍ ചിലപ്പോള്‍ മാസ്‌കിനകത്തേക്കും ശ്വാസകണങ്ങള്‍ കടക്കാറുണ്ട്. ഇതുവഴി മാസ്‌ക് ധരിക്കുന്നവരിലും വൈറസ് പിടിമുറുക്കും. ഇത്തരം വൈറസുകളെ കെമിക്കല്‍ മാര്‍ഗ്ഗത്തിലൂടെ നിര്‍ജീവമാക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. 

*ശുഭദിനം*
*കവിത കണ്ണന്‍*
പാലുവിറ്റാണ് അയാള്‍ ഉപജീവനം നടത്തുന്നത്.  പക്ഷേ, പാലില്‍ വെള്ളം ചേര്‍ത്തുമാത്രമേ അയാള്‍ വില്‍ക്കൂ.  ഒരുദിവസം പാലില്‍ വെള്ളം ചേര്‍ക്കുന്നതിനിടെ ദൈവം ചോദിച്ചു : താങ്കള്‍ എന്തിനാണ് പാലില്‍ വെള്ളം ചേര്‍ക്കുന്നത്?  അയാള്‍ പറഞ്ഞു:  കൂടുതല്‍ ലാഭം കിട്ടാന്‍.  അപ്പോള്‍ ദൈവം പറഞ്ഞു:  അങ്ങനെ ചെയ്യുന്നത് വഞ്ചനയാണ്.  ഞാന്‍ ഒരു പാത്രം പാല്‍ കൂടുതല്‍ തരാം..  പാല് കൂടുതല്‍ കിട്ടിയതോടെ അയാള്‍ക്ക് സന്തോഷമായി.  പിന്നെയും എന്തോ ആലോചിച്ചു നില്‍ക്കുന്ന അയാളോട് ദൈവം ചോദിച്ചു: ഇനിയെന്താണ് പ്രശ്‌നം.  അപ്പോള്‍ അയാള്‍ പറഞ്ഞു:  എനിക്ക് ഒരു പാത്രം വെള്ളംകൂടി തന്നിരുന്നെങ്കില്‍ നന്നായേനെ!   താല്‍ക്കാലിക സംതൃപ്തിയ്ക്ക് വേണ്ടിയോ നേട്ടങ്ങള്‍ക്ക് വേണ്ടിയോ തുടങ്ങിയ ദുഃശ്ശീലങ്ങള്‍ പിന്നീട് ദിനചര്യയുടെ ഭാഗമായി മാറും.  നാം ശീലങ്ങളെ നിയന്ത്രിക്കുന്നതിന് പകരം ശീലങ്ങള്‍ നമ്മെ നിയന്ത്രിക്കുന്നതാണ് അടിമത്തം.  ശ്രേഷ്ഠമായ മനസ്സില്‍ നിന്നുമാത്രമേ ശ്രേഷ്ഠമായ പ്രവൃത്തികള്‍ ഉണ്ടാകുകയുള്ളൂ. പ്രവൃത്തികള്‍ നന്നാകണമെങ്കില്‍ പ്രവൃത്തികളുടെ ഉറവിടം നന്നാകണം.  എല്ലാ തിരുത്തലുകളും വേരില്‍ നിന്നോ വിത്തില്‍ നിന്നോ വേണം ആരംഭിക്കാന്‍.  വിളവ് ഒരു ഉത്പന്നം മാത്രമാണ്.  വിളവിനെ മാത്രം പഴിക്കുകയും തിരുത്തുകയും ചെയ്യുന്നത് കൊണ്ടാണ് കൃത്യമായ ഇടവേളകളില്‍ പുഴുക്കുത്തുകള്‍ വീണ്ടും വീണ്ടും തെളിയുന്നത്.  തിരുത്തലുകള്‍ വേരില്‍ നിന്നും ആരംഭിക്കട്ടെ - ശുഭദിനം