🔳സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പൊലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി വഴി മാധ്യമങ്ങളെയും നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന ആക്ഷേപം ശക്തം. വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ പൊലീസിന് ഇനി സ്വന്തം നിലയ്ക്ക് കേസെടുക്കാം. മാധ്യമങ്ങള്‍ക്ക് വിലങ്ങിടാനാണ് സര്‍ക്കാര്‍ നീക്കമെന്ന് രമേശ് ചെന്നിത്തല .
🔳ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്.
🔳കെ എം മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും ആ രാഷ്ട്രീയത്തോടൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എല്‍ഡിഎഫ് തീരുമാനമെന്ന് ജോസ് കെ മാണി. തീരുമാനം വന്‍ രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും ജോസ് കെ മാണി.
🔳ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് സാധ്യത വാക്‌സീനായ കൊവാക്‌സിന് മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി ലഭിച്ചു. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നല്‍കി.
🔳56093 സാമ്പിളുകള്‍ പരിശോധിച്ചതില്‍ സംസ്ഥാനത്ത് ഇന്നലെ 7482 പേര്‍ക്ക് കൊവിഡ് 19. ഇതില്‍ 6,448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 844 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേരാണ് രോഗബാധിതരായി മരിച്ചത്. ഇന്നലെ രോഗമുക്തി നേടിയത് 7593 പേരാണ്. 93291 പേരാണ് ചികിത്സയിലുള്ളത്.
🔳കോവിഡ് രോഗികളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ :കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍കോട് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65.
🔳കോവിഡ് മൂലം ഇന്നലെ മരണമടഞ്ഞവരുടെ വിവരങ്ങള്‍ :തിരുവനന്തപുരം കരമന സ്വദേശി ഹരിഹരന്‍ (56), മുട്ടട സ്വദേശി കുട്ടപ്പന്‍ (72), വെമ്പായം സ്വദേശി ശശിധരന്‍ (70), മരുതൂര്‍ സ്വദേശി നാസര്‍ (56), ആറ്റിങ്ങല്‍ സ്വദേശി അനില്‍ (47), കൊല്ലം ആയൂര്‍ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍ (58), ആലപ്പുഴ ചേര്‍ത്തല സ്വദേശി രാമകൃഷ്ണന്‍ പിള്ള (83), കോട്ടയം എരുമേലി സ്വദേശിനി സൈനബ ബിവി (96), എറണാകുളം കൊച്ചി സ്വദേശിനി ട്രീസ ലോനന്‍ (89), ആലുവ സ്വദേശി ബഷീര്‍ (60), എടയാപുരം സ്വദേശിനി കെ.കെ. പുഷ്പ (68), വെങ്ങോല സ്വദേശിനി സല്‍മ സെയ്ദു മുഹമ്മദ് (55), കളമശേരി സ്വദേശിനി സൗദാമിനി അമ്മ (78), തൃശൂര്‍ കുന്നംകുളം സ്വദേശി രാമകൃഷ്ണന്‍ (70), ഏറനല്ലൂര്‍ സ്വദേശി ഷമീര്‍ (41), മലപ്പുറം വള്ളുവാമ്പ്രം സ്വദേശി ഹംസ (58), കല്‍പകഞ്ചേരി സ്വദേശിനി കുഞ്ഞിപാത്തുമ്മ (63), തിരൂര്‍ സ്വദേശിനി ലീല (60), തേഞ്ഞിപ്പാലം സ്വദേശിനി മമ്മദൂട്ടി (65), കോട്ടക്കല്‍ സ്വദേശി നഫീസ (72), കോഴിക്കോട് ചെറുവാത്ത് സ്വദേശി ഇബ്രാഹീം (64), പുതുപ്പാനം സ്വദേശി മജീദ് (73), എന്നിവരാണ് മരണമടഞ്ഞത്.
🔳സംസ്ഥാനത്ത് ഇന്നലെ 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകള്‍ 618 ആയി.
🔳കൊവിഡ് രോഗം ഭേദമായവരില്‍ ഒരു ശതമാനം പേരില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം സാധ്യത നിലനില്‍ക്കുന്നതിനാല്‍ ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടി ക്വാറന്റൈന്‍ തുടരാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി.
🔳കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ ജൂനിയര്‍ ഡോക്ടറുടെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞകാര്യം വസ്തുതയല്ലെന്ന് സമൂഹത്തിന് ഇതിനകം ബോധ്യമായിട്ടുണ്ടെന്നും പക്ഷേ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും ഏറ്റെടുക്കാനും ചിലര്‍ സന്നദ്ധമാകുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳ടൈറ്റാനിയം കേസ് ഏറ്റെടുക്കേണ്ടതില്ലെന്ന സിബിഐ നിലപാട് ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിഷയത്തില്‍ അനില്‍ അക്കരെ എംഎല്‍എ ആവശ്യപ്പെട്ട ഉടനെ സിബിഐ കേസ് ഏറ്റെടുത്തു. ടൈറ്റാനിയം കേസില്‍ സംസ്ഥാന സര്‍ക്കാരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
🔳സിപിഐ നേതാവും നെടുമങ്ങാട് എംഎല്‍എയുമായ സി.ദിവാകരന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🔳കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും പരിശോധനകള്‍ കുറച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, ബീഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് പരിശോധന കുത്തനെ കുറച്ചത്. എന്നാല്‍ യുപി, കേരളം, കര്‍ണാടക, തമിഴ്‌നാട്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഇക്കാലയളവില്‍ പരിശോധനകള്‍ കൂടിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറയുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് പരിശോധനകള്‍ കുറയുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്
🔳ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സംസ്ഥാനത്ത് രണ്ട് കെയര്‍ ഹോമുകള്‍ തുടങ്ങാന്‍ സാമൂഹ്യനീതി വകുപ്പ് 53.16 ലക്ഷം രൂപ അനുവദിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അല്ലെങ്കില്‍ വിഷമഘട്ടത്തില്‍ അകപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്നതിനായാണ് ഇവ തുടങ്ങുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.
🔳സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതായുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റെന്ന് കെസിബിസി. സ്വവര്‍ഗ്ഗ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുടുംബത്തിന് തുല്യമായ നിയമപരിരക്ഷ നല്‍കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞിട്ടില്ലെന്നാണ് കെസിബിസിയുടെ വാദം. ഇത്തരക്കാരുടെ കൂടിത്താമസത്തെ വിവാഹമായി കത്തോലിക്കാ സഭ കരുതുന്നില്ലെന്നും കെസിബിസി.
🔳കുമ്മനം രാജശേഖരനെ കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും എല്ലാം സമാജത്തിന് സമര്‍പ്പിച്ചു സന്ന്യാസ തുല്യമായ ജീവിതം നയിക്കുന്ന അദ്ദേഹത്തെ ചെളിവാരി എറിയാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹാസ്യര്‍ ആകുകയേ ഉള്ളൂവെന്ന ബിജെപി നേതാവ് എംടി രമേശ്
🔳 കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ഈ ഗൂഢാലോചനക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
🔳കുമ്മനം രാജശേഖരനെ സാന്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതില്‍ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'രാഷ്ട്രീയം നോക്കി കേസ് എടുക്കുന്ന രീതി സര്‍ക്കാരിന് ഇല്ല. ആക്ഷേപങ്ങള്‍ വരുമ്പോള്‍ അതിന്റെ ഭാഗമായി പരിശോധന നടത്തി കേസെടുക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി.
🔳കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃകയെ പുകഴ്ത്തിയ രാഹുല്‍ ഗാന്ധിയുടെ നടപടിയെ ചൊല്ലി വിവാദം. രാഹുലിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രാദേശിക വിഷയത്തില്‍ അഭിപ്രായം പറയേണ്ട എന്നാദ്യം പറഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിന്നീട് അത് തിരുത്തി. ദേശീയ തലത്തില്‍ അഭിപ്രായം പറയുമ്പോള്‍ ആ നിലയ്ക്കാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ എടുക്കേണ്ടെതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ചെന്നിത്തല പ്രതികരിച്ചു.
🔳കോഴിക്കോട് കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. നടുവീട്ടീല്‍ രാമചന്ദ്രനാണ് മരിച്ചത്. കണ്ണഞ്ചേരി എല്‍പി സ്‌കൂളിന് സമീപമുള്ള ഇരുനില കെട്ടിടമാണ് രാത്രി 7.30 ഓടെ നിലംപൊത്തിയത്.
🔳ക്രിമിനലുകളെ നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നും പോലിസ് സംവിധാനം പരിഷ്‌കരിക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍.പൂര്‍ത്തിയാകാത്ത 16 ലക്ഷം കേസുകളുണ്ട്. കേരളത്തില്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത് എട്ടര ലക്ഷം കേസുകളാണ്. ഇവ തെളിയിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ കേരളത്തിലില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
🔳വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ പ്രതിഷേധവുമായി സമസ്തയുടെ യുവജനവിഭാഗവും. യുഡിഎഫ് നേതാക്കളെ എസ് വൈഎസ് നേതാക്കള്‍ പ്രതിഷേധം അറിയിച്ചു.
🔳സംസ്ഥാനത്തെ ഉള്ളിയുടെ വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വില നിയന്ത്രണത്തിന് കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട് എല്ലാ നപടികളും സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി.
🔳ഒമ്പത് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനോടൊപ്പം ഒളിച്ചോടിയ അമ്മ അറസ്റ്റില്‍. കാമുകനും പിടിയിലായിട്ടുണ്ട്. മലപ്പുറം ഇരുമ്പിളിയത്താണ് സംഭവം. ഇരിമ്പിളിയം കൊടുമുടി സ്വദേശി ചെമ്പ്രന്മാരില്‍ സുഭാഷും 28 വയസുകാരിയായ യുവതിയുമാണ് ഒളിച്ചോടിയത്.
🔳ബിഹാറില്‍ എല്ലാവര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാകുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിവാദമായി. സംഭവം വിവാദമായതോടെ വിമര്‍ശനവും പരിഹാസവുമായി എതിര്‍ പാര്‍ട്ടികള്‍ രംഗത്ത് എത്തി. വാക്‌സിന്‍ വാഗ്ദാനം തിരിച്ചടിച്ചതോടെ ബിഹാറില്‍ മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ.
🔳ബീഹാറിനു പിന്നാലെ തമിഴ്നാട്ടില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ വാഗ്ദാനം. അതേസമയം, പളനിസ്വാമിയുടെ പ്രസ്താവനക്കെതിരെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്തെത്തി. സൗജന്യ വാക്സിന്‍ നല്‍കേണ്ടത് ജനക്ഷേമ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രത്യേക ഔദാര്യമല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
🔳ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് കൊവിഡ്. തുടര്‍ന്ന് ഇദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
🔳മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ച പിതാവിനെ പതിനാറുകാരിയായ മകള്‍ അടിച്ച് കൊലപ്പെടുത്തി. ഭോപ്പാല്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയ ശേഷം അമ്മയെ ആക്രമിക്കുന്നത് കണ്ട് സ്വന്തം പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പിതാവിനെ കൊലപ്പെടുത്തിയ വിവരം പെണ്‍കുട്ടി തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറയുകയായിരുന്നു.
🔳ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 685 മരണം. 54,218 പേര്‍കൂടി രോഗികളായി. ഇതുവരെ 1,17,336 പേര്‍ മരിച്ചു. 77.59 ലക്ഷം പേരാണു രോഗബാധിതരായത്. 6.94 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 69.46 ലക്ഷം പേര്‍ രോഗമുക്തരായി.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 198 കോവിഡ് മരണം. 7,539 പേര്‍ രോഗബാധരായി. കര്‍ണാടകത്തില്‍ 5,778 പേരും തമിഴ്നാട്ടില്‍ 3,077 പേരും ആന്ധ്രയില്‍ 3,620 പേരും പുതുതായി രോഗികളായി.
🔳ആഗോളതലത്തില്‍ ഇന്നലെയും റെക്കോര്‍ഡ് രോഗികള്‍. ഇന്നലെ രോഗം ബാധിച്ചത് 4,54,007 പേര്‍ക്ക്. പ്രധാന യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ലോകത്ത് ഇന്നലെ കോവിഡ് ബാധിച്ച് 5,900 മരണം. ഇതുവരെ 11,41,597 പേര്‍ മരിക്കുകയും 4.19 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 875 പേരും മെക്‌സിക്കോയില്‍ ബ്രസീലില്‍ 503 പേരും മരിച്ചു.
🔳ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിനെ തോല്‍പിച്ചു. ഇതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെകുറെ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. 48 പന്തില്‍ പുറത്താവാതെ 83 റണ്‍സ് നേടിയ മനീഷ് പാണ്ഡെയുടയും 52 റണ്‍സ് നേടിയ വിജയ് ശങ്കറിന്റേയും ഇന്നിങ്സാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും.
🔳6000 എംഎഎച്ച് ബാറ്ററിയും 20 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗും ഉള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ മോട്ടോറോള ഒരുങ്ങുന്നു. മൂന്ന് ക്യാമറകള്‍, ഒരു എല്‍ഇഡി ഫ്ലാഷ്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയുമായാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. മോട്ടോ ജി 9 പവര്‍ എന്ന പേരില്‍ ഇത് ലോഞ്ച് ചെയ്യുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
🔳വെറും 19 മിനിറ്റിനുള്ളില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വയര്‍ലെസ് ചാര്‍ജിംഗ് സൃഷ്ടിച്ചതായി ഷവോമി. 80വാട്സ് വയര്‍ലെസ് ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്ന് വിളിക്കപ്പെടുന്ന ഈ സിസ്റ്റം ഇതുവരെ ഒരു സ്മാര്‍ട്ട്ഫോണിലും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ അടുത്ത വര്‍ഷത്തോടെ ഇതു രംഗത്തിറങ്ങും. പുതിയ ഗൂഗിള്‍ പിക്സല്‍ 5 ലെ പോലെ തന്നെ ഒരു സ്റ്റാന്‍ഡേര്‍ഡ് 4,000 എംഎഎച്ച് ബാറ്ററി നിറയ്ക്കാന്‍ 20 മിനിറ്റിനുള്ളില്‍ കഴിയുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്.
🔳രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിലെ ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന ഭീം എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയ്ക്ക് അഞ്ച് ഭാഷകളില്‍ ശബ്ദം നല്‍കി നടന്‍ രാം ചരണ്‍. തമിഴ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തിന്റെ അഞ്ച് ഭാഷയിലിറങ്ങിയ വീഡിയോയ്ക്കും ശബ്ദം നല്‍കിയത് രാം ചരണാണ്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന് പുറമേ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും രാം ചരണ്‍ തന്നെ.
🔳കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഏറെ ലളിതമായി ചിത്രീകരിച്ച 'അറിയുന്നു ഞാന്‍ ഈ മൗനം' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടി അനശ്വര പൊന്നമ്പത്താണ് ആല്‍ബം യൂട്യൂബില്‍ പുറത്തിറക്കിയത്. മുഖില്‍ മിക്കി ഗാന രചനയും രാജീവ് കൂത്തുപറമ്പ് സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ആല്‍ബത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രാജീവ് എം പിയാണ്. ആലാപനം സംഗീത് പാറപ്രം. ജോഷി നീലാംബരിയും നര്‍ത്തകിയായ അക്ഷയ സാജനുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.
🔳രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. 5.44 ലക്ഷം രൂപ മുതല്‍ 8.27 ലക്ഷം രൂപ വരെയാണ് ഈ പ്രത്യേക സ്വിഫ്റ്റിന്റെ ദില്ലി എക്‌സ് ഷോറൂം വില. നിലവിലെ മോഡലിനെക്കാള്‍ 24,999 രൂപ അധികം. സ്വിഫ്റ്റിന്റെ ഏഴു വകഭേദങ്ങളും പരിമിതകാല പതിപ്പായി വിപണിയിലുണ്ട്.
🔳കേരളീയ വാദ്യകലകളുടെ അടിസ്ഥാനസ്വഭാവവിശേഷത്തെയും സൗന്ദര്യാനുഭൂതിയെയും പാരമ്പര്യനിഷ്ഠവും നവീനവുമായ ചിന്താപദ്ധതിയോട് ചേര്‍ത്ത് ചര്‍ച്ച ചെയ്യുന്ന മികച്ച പഠനപുസ്തകം. 'കേരളത്തിലെ വാദ്യകലകള്‍'. പി. നമ്പ്യാത്തന്‍ നമ്പൂതിരി. എന്‍ബിഎസ്. വില 190 രൂപ.
🔳ഭംഗി പോലെ തന്നെ, നിരവധി ഗുണങ്ങളുള്ള പച്ചക്കറിയാണ് വഴുതന. വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണിത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് വഴുതന. വഴുതനയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളും പറയുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ വഴുതന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തെ സഹായിക്കും. ഭക്ഷണത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരം ആഗിരണം ചെയ്യാനും വഴുതന സഹായിക്കുന്നു. സ്ഥിരമായി വഴുതന കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞ വഴുതന പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും വഴുതന സഹായിക്കും. വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങള്‍ എല്ലുകള്‍ക്ക് ശക്തി നല്‍കും. ഇവയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യവും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. വഴുതനയില്‍ ഇരുമ്പിന്റെ സാന്നിധ്യം ധാരാളമായുണ്ട് . അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വഴുതനയില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ കലോറിയും കുറവാണ്. ഇതൊക്കെ കൊണ്ടുതന്നെ വഴുതന ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്