Headlines
Loading...
ലൈവ് ടുഡേ മലയാളം പ്രഭാത വാർത്തകൾ 2020 ഒക്ടോബർ 21

ലൈവ് ടുഡേ മലയാളം പ്രഭാത വാർത്തകൾ 2020 ഒക്ടോബർ 21

🔳നവരാത്രിയും ദീപാവലിയും ദസറയുമടക്കം നിര്‍ണായക ആഘോഷങ്ങള്‍ വരാനിരിക്കവേ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പ്രതിരോധത്തില്‍ പലയിടത്തും പലരും വേണ്ടത്ര ജാഗ്രത പാലിക്കാത്ത അവസ്ഥയുണ്ടെന്നും ആഘോഷങ്ങളുടെ നാളുകള്‍ വരാനിരിക്കേ ജനങ്ങള്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി.  ഉത്സവങ്ങളുടെ കാലത്ത് ജാഗ്രത കൈവിടരുത്. വൈറസ് ഇല്ലാതായിട്ടില്ല എന്ന് ഓര്‍ക്കണമെന്നും പ്രധാനമന്ത്രി.

🔳സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേരളത്തില്‍ മാത്രമാണ് നാലര വര്‍ഷം കുടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടത്തുന്നതെന്നും സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാര്‍ നീക്കമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി..

➖➖➖➖➖➖➖➖


🔳ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. രമേശ് ചെന്നിത്തല, കെ.ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് പരാതിയില്‍ പറയുന്നു. ആലപ്പുഴ സ്വദേശിയായ അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് പരാതി നല്‍കിയത്.

🔳ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിനീഷ് കോടിയേരി. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിനീഷ് കോടിയേരി ഹാജരായില്ല.

🔳53,091 സാമ്പിളുകള്‍ പരിശോധിച്ചതില്‍ സംസ്ഥാനത്ത് ഇന്നലെ 6591 പേര്‍ക്ക് കോവിഡ്-19. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

🔳കോവിഡ് രോഗികളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ :
തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72

🔳24 മരണങ്ങള്‍ ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശി ജെ. നേശയ്യന്‍ (85), പൂഴനാട് സ്വദേശി ശ്രീകുമാരന്‍ നായര്‍ (56), കുളത്തൂര്‍ സ്വദേശി ശിവപ്രസാദ് (25), വെടിവച്ചാന്‍ കോവില്‍ സ്വദേശി കെ. കുഞ്ഞുശങ്കരന്‍ (80), വലിയതുറ സ്വദേശി ലൂഷ്യസ് (50), പത്തനംതിട്ട കോന്നി സ്വദേശി പുഷ്പാഗദന്‍ (64), ആലപ്പുഴ പാണ്ടനാട് സ്വദേശി ഫിലിപ് എബ്രഹാം (50), വണ്ടാനം സ്വദേശി മുഹമ്മദ് കുഞ്ഞ് (85), എറണാകുളം ഇടകൊച്ചി സ്വദേശിനി കാര്‍മലി (68), തൃപ്പുണ്ണിത്തുറ സ്വദേശി ബേബി (86), തൃശൂര്‍ കൊടകര സ്വദേശിനി റോസി (65), ഇരിങ്ങാലക്കുട സ്വദേശിനി ബേബി രാജന്‍ (57), കൈപറമ്പ് സ്വദേശി സരോജാക്ഷന്‍ (82), ചെന്നൈപാറ സ്വദേശി വരദരാജ് (76), പരവട്ടാനി സ്വദേശി കെ.കെ. പോള്‍ (70), മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് (97), വാളാഞ്ചേരി സ്വദേശിനി ബീയുമ്മ (85), ചീനിക്കല്‍ സ്വദേശി മരക്കാര്‍ (80), പുല്‍പ്പറ്റ സ്വദേശി ജിഷ്ണു (37), കരുവാരകുണ്ട് സ്വദേശി കറുപ്പന്‍ (75), കണ്ണൂര്‍ പുള്ളൂക്കര സ്വദേശി സുലൈന്‍മാന്‍ (63), മുഴിപ്പിലങ്ങാട് സ്വദേശി പി. അലി (69), താന സ്വദേശി മുഹമ്മദ് അഫ്സല്‍ (59), കരിവെള്ളൂര്‍ സ്വദേശി സുരേഷ് (42) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1206 ആയി.

🔳കേരളത്തില്‍ ഇന്നലെ  6 പുതിയ ഹോട്ട് സ്പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ  ഹോട്ട് സ്പോട്ടുകളുടെ എണ്ണം 628 ആയി.

➖➖➖➖➖➖➖➖

🔳മെഡിക്കള്‍ കോളേജില്‍ കോവിഡ് ബാധിതനായ ഹാരിസ് മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നും ചികിത്സയിലും പരിചരണത്തിലുമുണ്ടായ പിഴവ് മൂലമാണെന്ന ആരോപണം തെറ്റാണെന്നും കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍. ഇപ്പോള്‍ നടക്കുന്നത് തീര്‍ത്തും വ്യാജപ്രചരണങ്ങളാണെന്നും ആശുപത്രിയെ തകര്‍ക്കാനുള്ള സംഘടിത ശ്രമമാണിതെന്നും  മെഡിക്കല്‍ കോളേജ് അധികൃതര്‍.

🔳പാലത്തായി കേസ് പുതിയ അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്ന് കോടതി. നിലവിലെ അന്വേഷണസംഘത്തെ മാറ്റാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.കേസിലെ അന്വേഷണം തൃപ്തികരമല്ലെന്നും പുതിയ സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്.

🔳ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന തുകയുടെ പരിധി ഉയര്‍ത്തി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് കേന്ദ്ര സര്‍ക്കാരാണ് പ്രചാരണ ചെലവിന്റെ പരിധി പത്ത് ശതമാനം ഉയര്‍ത്തിയത്.

🔳കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ മറികടക്കാന്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസാക്കി പഞ്ചാബ് സര്‍ക്കാര്‍. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ കേന്ദ്ര നിയമത്തിനെതിരായ പ്രമേയവും സഭ പാസാക്കി. ഇതോടെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ പൂര്‍ണമായും തള്ളിക്കളയുന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ് മാറി.

🔳കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ ഐറ്റം പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയെന്ന് രാഹുല്‍ ഗാന്ധി. വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.. എന്നാല്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും താന്‍ ആരേയും അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലയെന്നും കമല്‍നാഥ്.

🔳കോവിഡ് മൂലമുണ്ടാകുന്ന മരണ നിരക്ക് കുറയ്ക്കുന്നതില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന അനുമാനത്തില്‍ ഐ.സി.എം.ആര്‍. കോവിഡ് 19നു വേണ്ടിയുളള ദേശീയ ആരോഗ്യ ക്ലിനിക്കല്‍ പ്രോട്ടോക്കോളില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കാന്‍ ആലോചിക്കുന്നതായും ഐ.സി.എം.ആര്‍.

🔳മാധ്യമലോകത്ത് കോളിളക്കം സൃഷ്ടിച്ച ടിആര്‍പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. കേസില്‍ മുംബൈ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിബിഐയുടെ വരവ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശുപാര്‍ശയിലാണ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നത്.

🔳സംസ്ഥാനത്തുടനീളം വോഡഫോണ്‍ ഐഡിയ (വി) നെറ്റ് വര്‍ക്കുകള്‍ തകരാറിലായത് മണിക്കൂറുകളോളം. ഒന്നിലധികം സ്ഥലങ്ങളില്‍ ഫൈബര്‍മുറിഞ്ഞതാണ് തകരാറിന് കാരണമായതെന്ന് കമ്പനി പറയുന്നു. പ്രശ്‌നം പരിഹരിച്ചുവെന്നും ഫൈബര്‍ മുറിയാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും  വോഡഫോണ്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

🔳ബിഹാര്‍ സെക്രട്ടറിയേറ്റിലും വന്‍ തീപ്പിടുത്തം. നിരവധി ഫയലുകള്‍ കത്തി നശിച്ചു. ഗ്രാമ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്. എന്‍ഡിഎ ഭരണകാലത്തെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു.

🔳ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ സര്‍വ്വേ. 43 ശതമാനം പേര്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഭരണത്തില്‍ തുടരുന്നതിനെ എതിര്‍ക്കുന്നുവെന്ന് ലോക്‌നീതി-സിഡിഎസ് സര്‍വ്വേ.

🔳ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കൊലക്കേസില്‍ പ്രതിക്കും അഭിഭാഷകനുമെതിരേ കോടതി. കുറ്റകൃത്യം നടന്ന സമയത്ത് പ്രതിയും അഭിഭാഷകനും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന് രേഖകളുണ്ടെന്നും ഇത് വിചിത്രമാണെന്നും ഡല്‍ഹി കോടതി. ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലായിരുന്നു കോടതിയുടെ പരാമര്‍ശം.

🔳ഔറംഗാബാദില്‍ ആര്‍.ജെ.ഡിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തേജസ്വി യാദവിനെതിരെ ചെരിപ്പേറ്. കുടുമ്പ മണ്ഡലത്തിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആര്‍.ജെ.ഡി നേതാവിന് നേരെ സദസ്സില്‍ നിന്നും ഒരാള്‍ ചെരിപ്പെറിഞ്ഞത്.

🔳കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി അയര്‍ലന്‍ഡ്. രണ്ടാമതും ലോക്ക്ഡൗണില്‍ പ്രവേശിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് അയര്‍ലന്‍ഡ്. ആറ് ആഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍.

🔳ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഇന്നലെ 714 മരണം. 54,404 പേര്‍കൂടി രോഗികളായി. ഇതുവരെ 1,15,950 പേര്‍ മരിച്ചു. 76.49 ലക്ഷം പേരാണു രോഗബാധിതരായത്. 7.39 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 67.92 ലക്ഷം പേര്‍ രോഗമുക്തരായി.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 213 കോവിഡ് മരണം. 8151 പേര്‍ രോഗബാധരായി. കര്‍ണാടകത്തില്‍ 6,297 പേരും തമിഴ്നാട്ടില്‍ 3,094 പേരും ആന്ധ്രയില്‍ 3,503 പേരും പുതുതായി രോഗികളായി.

🔳ലോകത്ത് ഇന്നലെ കോവിഡ് ബാധിച്ച്  6,033മരണം.  3,78,789 പേര്‍ കൂടി രോഗികളായി.  ഇതുവരെ 11,28,792 പേര്‍ മരിക്കുകയും 4.10 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 831 പേരും ബ്രസീലില്‍ 662 പേരും മരിച്ചു. ഫ്രാന്‍സിലും സ്‌പെയിനിലും ഇംഗ്ലണ്ടിലും രോഗവ്യാപനവും മരണസംഖ്യയും വീണ്ടും കൂടുന്നു.

🔳യുഎഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാര്‍ക്ക് വിസ ഒഴിവാക്കികൊണ്ടുള്ള തീരുമാനം ഇരുരാജ്യങ്ങളും അംഗീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വെച്ച് യുഎഇ ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പുവെച്ചിരുന്നു.

🔳ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി കമല ഹാരിസിനെ ദുര്‍ഗ ദേവിയായി ചിത്രീകരിച്ചു കൊണ്ടുളള ചിത്രം ട്വീറ്റ് ചെയ്ത കമലയുടെ അനന്തരവള്‍ മീന ഹാരിസിനോട് ക്ഷമാപണം നടത്താനാവശ്യപ്പെട്ട് യു.എസിലെ ഹിന്ദു സംഘടനകള്‍. ചിത്രം വിവാദമായതിനെ തുടര്‍ന്ന് മീന ട്വീറ്റ് നീക്കം ചെയ്തു.

🔳ഓപ്പണര്‍ ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടിയിട്ടും ഡല്‍ഹിക്ക് തോല്‍വി. ഐപി എല്ലില്‍ ടൂര്‍ണമെന്റിലെ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 53 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെ ബാറ്റിങ് മികവിലാണ് അനായാസ വിജയം സ്വന്തമാക്കിയത്. ഒരോവര്‍ ബാക്കി നില്‍ക്കെയാണ് പഞ്ചാബിന്റെ ജയം.

🔳കൊടാക് മഹീന്ദ്ര ബാങ്കില്‍ കൂടുതല്‍ ഓഹരികള്‍ ഏറ്റെടുത്ത് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. 0.73 ശതമാനം കൂടുതല്‍ ഓഹരികളാണ് എല്‍ഐസി ഏറ്റെടുത്തത്. ഇതോടെ സ്വകാര്യ ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മൂന്ന് ശതമാനം വര്‍ധന രേഖപ്പെടുത്തി. നേരത്തെ ബാങ്കില്‍ 2.45 ശതമാനം ഓഹരിയാണ് എല്‍ഐസിക്ക് ഉണ്ടായിരുന്നത്. ഇന്നത് 3.18 ശതമാനമായി ഉയര്‍ന്നു. 1,45,23,574 (ഒരു കോടി നാല്‍പ്പത്തിയഞ്ച് ലക്ഷത്തി  ഇരുപത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി നാല്) ഓഹരികളാണ് എല്‍ഐസി അധികമായി വാങ്ങിയത്.

🔳രാജ്യവ്യാപകമായ ലോക്ക്ഡൌണ്‍ സമയത്ത് രാജ്യത്ത് ബിസ്‌ക്കറ്റിന്റെ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ വളര്‍ച്ച. വരുമാനത്തിന്റെ 80 ശതമാനം വരെ ലഭിക്കുന്നത് ബിസ്‌ക്കറ്റുകളില്‍ നിന്നാണെന്ന് ബ്രിട്ടാനിയ വ്യക്തമാക്കി. ബിസ്‌ക്കറ്റ് വില്‍പ്പന സെപ്റ്റംബര്‍ അവസാനിച്ച പാദത്തില്‍ ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ കമ്പനിയെ സഹായിച്ചതായി വിശകലന വിദഗ്ധര്‍ പറയുന്നു. 2020 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഏകീകൃത ലാഭത്തില്‍ 23.2 ശതമാനം വളര്‍ച്ച നേടി 498.13 കോടി രൂപ നേട്ടം കൈവരിച്ചു.

🔳പാലക്കാടുള്ള ഒരുകൂട്ടം സിനിമാപ്രേമികള്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം 'മള്‍ട്ടല്‍' ശ്രദ്ധേയമാകുന്നു. 'മള്‍ട്ടല്‍' എന്ന പേരു കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും പാലക്കാട് ടൗണിലുള്ള കടകളിലെ മോഷണമാണ് സംഭവം. നിത്യജീവിതത്തിലെ മനുഷ്യരുടെ അശ്രദ്ധയും, ചെറിയ തുകകള്‍ ആരും മോഷ്ടിക്കില്ല എന്ന ചിന്തയെയും വ്യാപാരികള്‍ക്കിടയിലുള്ള വിശ്വാസത്തെയും മുന്‍നിര്‍ത്തിയുള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം. 37 മിനിറ്റു ദൈര്‍ഘ്യമുള്ള മള്‍ട്ടല്‍ ഹെയ്സ്റ്റ് കോമഡി വിഭാഗത്തില്‍ പെടുത്താവുന്നതാണ്.  ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണി ആണ്.

🔳കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന 'ബാക്ക് പാക്കേഴ്സ്' ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. ''ജനലിലാരോ'' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജയരാജിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് സംഗീതം ഒരുക്കിയത്. സൂരജ് സന്തോഷ്, അഖില ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മഹാരോഗത്തിന് അടിമപ്പെട്ട് മരണം കാത്തു കിടക്കുന്ന രോഗിയായാണ് കാളിദാസ് അഭിനയിക്കുന്നത് എന്നാണ് ടീസറില്‍ നിന്നുള്ള സൂചനകള്‍. കാര്‍ത്തിക നായരാണ് കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്.

🔳ഹൈ-ഡിസ്പ്ലേസ്മെന്റ് മാക്സി സ്‌കൂട്ടര്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോര്‍സ 750 എന്നു പേരുള്ള പുതിയ മോഡല്‍ നിലവിലെ നിര്‍മ്മാതാക്കളുടെ മുന്‍നിര മോഡലായി ഇന്റഗ്രയ്ക്ക് പകരക്കരനായിട്ടാവും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ഇലഞ്ഞിത്തറ മേളം കേള്‍ക്കുന്നതിനേക്കാള്‍ സുഖം, പലപ്പോഴും ഒരു ഒറ്റത്തായമ്പക നല്‍കും. അതുപോലെയാണ് പ്രദീപ് കുമാറിന്റെ കഥകള്‍. 'നറുമണം പോലൊരു പകല്‍'.  ലോഗോസ് ബുക്‌സ്. വില 114 രൂപ.

🔳കൊവിഡ് 19 ഭേദമായാലും മാസങ്ങളോളം അതിന്റെ തുടര്‍ പ്രശ്നങ്ങള്‍ ശരീരത്തിലും മനസിലും കാണപ്പെടുമെന്നാണ് പഠനം വിശദമാക്കുന്നത്. ടെസ്റ്റ് ഫലം നെഗറ്റീവായവരില്‍ പലരിലും മാസങ്ങളോളം ശ്വാസതടസം, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നിവയെല്ലാം കണ്ടെത്തിയതായാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ എല്ലാം എല്ലാവരിലും കാണപ്പെട്ടെന്ന് വരില്ല. ചിലത്- ചിലരില്‍ എന്ന തരത്തിലാണ് ഇവ കാണപ്പെടുന്നതത്രേ. കൊവിഡ് ശരീരത്തിലെ പല അവയവങ്ങളുടേയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവരുന്നതായും പഠനം വിലയിരുത്തുന്നു. നേരത്തെ ബ്രിട്ടനിലെ 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ച്' (എന്‍ഐഎച്ച്ആര്‍) പുറത്തിറക്കിയ റിപ്പോര്‍ട്ടും സമാനമായ വിവരങ്ങള്‍ തന്നെയാണ് പങ്കുവച്ചിരുന്നത്. 'ലോംഗ് കൊവിഡ്' എന്നാണ് ഇങ്ങനെയുള്ള കൊവിഡിന്റെ തുടര്‍ പ്രശ്നങ്ങളെ എന്‍ഐഎച്ച്ആര്‍ റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. ശരീരത്തേയും മനസിനേയും ബാധിക്കുന്ന വ്യത്യസ്തമായ വിഷമതകളാണ് 'ലോംഗ് കൊവിഡി'ല്‍ ഉള്‍പ്പെടുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊവിഡ് ഭേദമായവരില്‍ 64 ശതമാനം പേര്‍ക്ക് അടുത്ത മൂന്ന് മാസത്തില്‍ ശ്വാസതടസം അനുഭവപ്പെട്ടതായും 55 ശതമാനം പേര്‍ക്ക് ക്ഷീണം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്തായാലും കായികമായും, സാമൂഹികമായും, പാരിസ്ഥിതികമായും വരുന്ന വ്യത്യാസങ്ങള്‍ തീര്‍ച്ചയായും ഈ വിഷയത്തിലും വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഓരോ രാജ്യങ്ങളിലും ഇതിന്റെ തോത് വ്യത്യാസപ്പെട്ടിരിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ലെന്ന് പറയാം.  

ശുഭദിനം
കവിത കണ്ണന്‍
നമുക്കിന്ന് യാഷ് അവദേഷ് ഗാന്ധിയെ പരിചയപ്പെടാം.  മുബൈയാണ് യാഷിന്റെ സ്വദേശം. പലപ്പോഴും പഠനത്തിനും ജോലിക്കുമെല്ലാമുള്ള മത്സരപരീക്ഷകളില്‍ നമുക്ക് മത്സരിക്കേണ്ടിവരുന്നത് മറ്റുള്ളവരുമായിട്ടായിരിക്കും.  എന്നാല്‍ യാഷിന് പൊരുതേണ്ടിവന്നത് ഇവരോട് മാത്രമല്ല.  സ്വന്തം ശരീരത്തോട്, പരിമിതികളോട്, പ്രശ്‌നങ്ങളോട്.    ജനനത്തിന് മുന്‍പുള്ള തലച്ചോറിന്റെ ക്രമം തെറ്റിയ വളര്‍ച്ച, സെറിബ്രല്‍ പാഴ്‌സി എന്ന ജന്മനാ ഉളള വൈകല്യം യാഷിന്റെ അംഗചലനത്തേയും പേശികളുടെ ടോണിനെയും അംഗവിന്യാസത്തേയും ബാധിച്ചു.  പഠനവൈകല്യമായ ഡിസ്ലക്‌സിയ വായിക്കാനും സംസാരിക്കാനുമുളള കഴിവിനെ മന്ദീഭവിപ്പിച്ചു. സംസാരിക്കാന്‍ ഉപയോഗിക്കുന്ന വായിലെ പേശികളുടെ ശക്തിക്ഷയത്തിന് കാണമായ രോഗമാണ് ഡിസ്ആര്‍ത്രിയ. ഇത് മൂലം യാഷിന്റെ സംസാരം അത്ര സ്പഷ്ടമായിരുന്നില്ല.  ഈ വൈകല്യങ്ങള്‍ക്കിടയിലും തളരാത്ത മനസ്സും വിജയിക്കാനുള്ള ത്വരയും യാഷിനെ ഉയരങ്ങളിലേക്ക് നയിച്ചു.  രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്നിറങ്ങുന്ന യാഷ് , ക്ലാസ്സും കോച്ചിങ്ങുമെല്ലാം കഴിഞ്ഞ് രാത്രി എട്ടുമണിയോടെയായിരുന്നു വീട്ടില്‍ മടങ്ങിയെത്തിയിരുന്നത്.  ചിലപ്പോഴൊക്കെ വലിയ നിരാശയും വേദനയുമൊക്കെ തോന്നിയിട്ടുണ്ടെങ്കിലും യാ്ഷ് ഓരോ തവണയും ശക്തമായി തിരിച്ചു വന്നു.  സഹായിയെ ഉപയോഗിച്ചാണ് യാഷ് പരീക്ഷകള്‍ എഴുതിയിരുന്നത്.  മുംബൈ മിതിഭായ് കോളജില്‍ നിന്ന് അക്കൗണ്ടിങ്ങ് ആന്റ് ഫിനാന്‍സില്‍ യാഷ് ബിരുദം നേടി.  സെറിബ്രല്‍ പാഴ്‌സിയും. ഡിസ്ലക്‌സിയയും ഡിസ്ആര്‍ത്രിയയും ബാധിച്ച യാഷ് ഇവയോടെല്ലാം പോരാടി ക്യാറ്റ് പരീക്ഷയില്‍ നേടിയത് 92.5 ശതമാനം മാര്‍ക്കാണ്.  ഇപ്പോള്‍ ലഖ്‌നോ ഐഐഎം വിദ്യാര്‍ത്ഥിയാണ് യാഷ്.  തളരാത്ത മനസ്സും വിജയിക്കാനുള്ള ത്വരയുമാണ് യാഷിനെ ഉയരങ്ങളിലേക്ക് എത്തിച്ചത്.  വൈകല്യങ്ങളെ തോല്‍പ്പിച്ച് മുന്നേറുന്ന യാഷിന്റെ ജീവിതം നമുക്കും പ്രചോദനമാകട്ടെ - ശുഭദിനം