Headlines
Loading...
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് കുറയാനുള്ള കാരണം കണ്ടെത്തി വിദഗ്ധർ

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് കുറയാനുള്ള കാരണം കണ്ടെത്തി വിദഗ്ധർ

Reason for India's intriguingly low Covid-19 mortality

ന്യൂഡൽഹി: ജീവശാസ്ത്രപരമായ ചില പ്രത്യേകതകളാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കോവിഡ്-19 മൂലമുള്ള മരണനിരക്ക് കുറയാൻ കാരണമെന്ന് ഒരു സംഘം വിദഗ്ധർ. ഇന്ത്യയിലെ പ്രമുഖ അർബുദ വിദഗ്ധഡോക്ടർമാരുടെ സംഘമാണ് ലോകത്തിലെ ശാസ്ത്രജ്ഞരേയും ഗവേഷകരേയും കുഴക്കിയ ചോദ്യത്തിന് വിശദീകരണം നൽകിയിരിക്കുന്നത്.

ഞരമ്പുകളിൽ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിലാകാനുള്ള സാധ്യത ഇന്ത്യാക്കാരിൽ കുറവാണെന്നാണ് വിദഗ്ധർ നൽകുന്ന വിശദീകരണം. ഐസിഎംആറിന്റെ ഇന്ത്യൻ ജേണൽ ഫോർ മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിൽ കോവിഡ് മരണനിരക്ക് ദശലക്ഷക്കണക്കിന്റെ അടിസ്ഥാനത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ താരതമ്യേന കുറവാണെന്ന് ഈ വിഷയത്തിൽ പഠനം നടത്തിയ മുംബൈ ടാറ്റ മെമ്മോറിയൽ സെന്ററിലെ ഡോക്ടർമാർ പറയുന്നു.

ആകെ ജനസംഖ്യയിൽ 10 ലക്ഷം പേരിൽ 25 ആണ് നിലവിൽ ഇന്ത്യയിലെ മരണനിരക്ക്. ഇതുവരെ 34,968 പേരാണ് കോവിഡ് കാരണം ഇന്ത്യയിൽ മരിച്ചത്. രോഗികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്തിൽ കോവിഡ് അതിഗുരുതരമായി ബാധിക്കപ്പെട്ട രാജ്യങ്ങളിലെ മരണനിരക്കിനേക്കാൾ വളരെ കുറവാണ് ഇന്ത്യയിലേത്-2.2 ശതമാനം മാത്രം.

ഇന്ത്യയുടെ നാലിലൊന്ന് മാത്രം ജനസംഖ്യയുള്ള അമേരിക്കയുടെ കോവിഡ് മരണനിരക്ക് ഇന്ത്യയെക്കാൾ അഞ്ച് മടങ്ങോളം കൂടുതലാണ്

ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന ത്രോംബോഎംബോളിസം എന്ന അവസ്ഥ മരണത്തിലേക്ക് നയിക്കുന്നതായി വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ത്രോബോഎംബോളിസം കോശങ്ങളിലെ വാതകവിനിമയം കുറയാനിടയാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഭൂമധ്യരേഖയോടടുത്ത മേഖലയായതിനാൽ ഇന്ത്യയിൽ അനുഭവപ്പെടുന്ന കൂടിയ അന്തരീക്ഷ ഊഷ്മാവ് ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്നത് തടയുമെന്നും മരണനിരക്ക് കുറയ്ക്കുമെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു.

യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ത്യാക്കാരിൽ കോവിഡ് മരണനിരക്ക് കൂടുതലായി കാണുന്നതിന് കാരണം പ്രധാനമായും കാലാവസ്ഥാ വ്യതിയാനമാണെന്നും ജനിതകപ്രത്യേകതകൾക്ക് മരണനിരക്കുമായി ബന്ധമില്ലെന്ന് പഠനം തെളിയിക്കുന്നതായും ടാറ്റാ മെമ്മോറിയൽ സെന്റർ ഡയറക്ടർ ഡോ. രാജേന്ദ്ര എ ബദ്വ പറഞ്ഞു. ഒരേ തരത്തിലെ വൈറസ് തന്നെയാണ് ലോകത്തെല്ലായിടത്തും കാണപ്പെടുന്നതിനാൽ കാലാവസ്ഥാ സവിശേഷതകൾക്ക് വ്യക്തമായ സ്വാധീനമുണ്ടെന്ന് പഠനം കണ്ടെത്തിയതായി ഡോക്ടർമാരുടെ സംഘം അഭിപ്രായപ്പെടുന്നു