Breaking News
മക്ക നാളെ മുതല്‍ സുരക്ഷാ വലയത്തില്‍; പെര്‍മിറ്റുള്ളവര്‍ക്ക് മാത്രം പ്രവേശനം. അനുമതിയില്ലാതെ പ്രവേശിച്ചാൽ കനത്ത പിഴ
ഹജ്ജിന് മുന്നോടിയായി മക്കാ നഗരം നാളെ മുതല്‍ സുരക്ഷാ വലയത്തിലാകും. പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി മക്കയിലേക്ക് പ്രവേശനം. കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് കനത്ത പൊലീസ്, സൈനിക വിന്യാസമാണ് മക്കയിലുള്ളത്.
സാധാരണ ഹജ്ജിന് മൂന്ന് ദിവസം മുന്നേയാണ് മക്കയില്‍ പൊലീസ്, സൈനിക വിന്യാസം ഉണ്ടാവുക. ഇത്തവണയിത് 14 ദിവസം മുന്നേ ശക്തമാക്കി. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന മിന, മുസ്ദലിഫ, അറഫ എന്നീ ഭാഗങ്ങളിലേക്കുള്ള എല്ലാ കവാടങ്ങളിലും സുരക്ഷാ വിന്യാസമുണ്ട്. നാളെ മുതല്‍ മക്കയിലേക്ക് പ്രവേശനം പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം 27 ലക്ഷം ഹാജിമാരാണ് മക്കയിലുണ്ടായിരുന്നത്. ഇത്തവണയിത് 10000 പേര്‍ മാത്രമാണ്.
ഏറ്റവും കുറഞ്ഞ പേരെത്തുന്ന ഹജ്ജാണ് ഇത്തവണ. അതിനാല്‍ തന്നെ അതിക്രമിച്ചു കടക്കുന്നവരെ അതിവേഗത്തില്‍ സുരക്ഷാ വിഭാഗത്തിന് കണ്ടെത്താനാകും. വിദേശികളെ പിടികൂടിയാല്‍ നാട് കടത്തലാണ് ശിക്ഷ.
കോവിഡ് 19 പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങളോടെ ഹജ് കർമങ്ങൾ നടത്തുന്ന സാഹചര്യത്തിൽ അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളിൽ പ്രവേശിച്ചാൽ 10,000 റിയാൽ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ദുൽഖഅദ് 28 മുതൽ ദുൽഹജ് 12 വരെ യാണ് ഈ നിയമം ബാധകമാകുക. കുറ്റം ആവർത്തിക്കുന്ന പക്ഷം ശിക്ഷ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ് വേളയിൽ കോവിഡ് വ്യാപനം നടക്കുന്നത് തടയാനും ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാനും സ്വദേശി വിദേശി ഭേദമന്യേ മുഴുവൻ പേരും ശ്രദ്ധിക്കണമെന്നു ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. ഹജ് ദിവസങ്ങളിൽ തീഹ് ഇല്ലാതെ മക്കയിലേക്കും മിനാ, മുസലിഫ, അറഫ എന്നീ പുണ്യ സ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നത് തടയാൻ സുരക്ഷാവിഭാഗങ്ങൾ അതീവ ജാഗ്രതയോടെയാണ് നിലയുറപ്പിക്കുന്നത്. മക്കയിലേക്കുള്ള മുഴുവൻ റോഡുകളും നടപ്പാതകളും കൃത്യമായി നിരീക്ഷിക്കുമെന്നും നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.