kerala
ഉരുൾപൊട്ടൽ ദുരന്തം; രാഹുൽ ഗാന്ധിയും കർണാടക സർക്കാരും 100 വീടുകൾ വീതവും എൻഎസ്എസ് 150 വീടും നിർമിച്ചു നൽകും, മുഖ്യമന്ത്രി kerala
കൽപ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്ന് വീട് നഷ്ടമായവർക്ക് വീട് നിർമിച്ച് നൽകാൻ രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട നൂറുപേർക്കാണ് രാഹുൽ ഗാന്ധി വീട് നിർമിച്ച് നൽകുക. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്ത സമ്മേളനത്തിൽ ഈ വിവരം പങ്കുവെച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽഗാന്ധി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വഴിയാണ് നൂറുവീടുകൾ നിർമിച്ചു നൽകുമെന്ന ഉറപ്പ് മുഖ്യമന്ത്രിക്ക് നൽകിയത്. അതേ സമയം തന്നെ ദുരന്തത്തിൽ വീട് നഷ്ട്ടപ്പെട്ട നൂറോളം കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാൻ കർണാടക സർക്കാരും സന്നദ്ധത അറിയിച്ചു. കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉന്നത വിദ്യാഭ്യാസത്തിൻറെ കീഴിലുള്ള എൻഎസ്എസും 150 വീടുകൾ വച്ച് നൽകാമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി.
ശോഭ റിയാലിറ്റി ഗ്രൂപ്പും കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായുമായ ബിസിനസ് ഗ്രൂപ്പുകളും അമ്പത് വീടുകൾ നിർമിച്ചു നൽകുമെന്ന് വാഗ്‌ദാനം ചെയ്തതായി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഒട്ടേറെ വ്യക്തികളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു