kerala
ഗര്‍ഭഛിദ്രത്തിനിടെ മരണപ്പെട്ടു; യുവതിയുടെ മൃതദേഹം നദിയില്‍ തള്ളി കാമുകന്‍ kerala
യുവതിയുടെ മൃതദേഹം നദിയില്‍ തള്ളി കാമുകന്‍. പൂനെയിലെ ഇന്ദുരിയിലാണ് സംഭവം. സോലാപൂര്‍ സ്വദേശിയായ 25കാരിയാണു മരിച്ചത്.
ഗര്‍ഭഛിദ്രത്തിനിടെയാണ് യുവതി മരണപ്പെട്ടത്. യുവതിയുടെ മരണവിവരം അറിഞ്ഞ കാമുകന്‍ ഗജേന്ദ്ര ദഗാഡ്‌കൈറെ മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ യുവതിയുടെ ശരീരം നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. അമ്മയുടെ ശരീരം നദിയിലേക്ക് വലിച്ചെറിയുന്നത് കണ്ട 5 വയസ്സും 2 വയസ്സും പ്രായമുള്ള കുട്ടികൾ കരയാൻ തുടങ്ങി. കുട്ടികള്‍ കരച്ചില്‍ നിര്‍ത്താതതിനെ തുടര്‍ന്ന് കുട്ടികളെയും യുവാവ് നദിയില്‍ എറിയുകയായിരുന്നു. സംഭവത്തില്‍ യുവാവിനെയും കൂട്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി തലേഗാവില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ഗജേന്ദ്രയുമായി യുവതി പ്രണയത്തിലായി. കഴിഞ്ഞ ജൂലൈ ആറിന് തലേഗാവ് ധബാഡെയിലെ ബന്ധുവീട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞ് യുവതി വീട്ടില്‍നിന്ന് ഇറങ്ങി. രണ്ടുദിവസത്തിനു ശേഷവും മകളെ കാണാതായതോടെ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഗജേന്ദ്രയെ പിടികൂടിയത്.
ആദ്യ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് താനാണ് കുറ്റകൃത്യം ചെയ്തതെന്ന് പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും കുറച്ചു നാളായി പ്രണയത്തിലായിരുന്നുവെന്നും അതിനിടെ യുവതി ഗര്‍ഭിണിയാകുകയും ചെയ്തു. തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താനായി കലംബോലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി. യുവതിയുടെ രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നു.
ആശുപത്രിയില്‍ എത്തുന്ന സമയത്ത് യുവതിക്ക് കടുത്ത പനിയും ക്ഷീണവും വയറുവേദനയുമെല്ലാം ഉണ്ടായിരുന്നതിനാല്‍, ഗര്‍ഭഛിദ്രം നടത്തരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ നിര്‍ദേശം കൂട്ടാക്കിയില്ല. തുടര്‍ന്നു ഗര്‍ഭഛിദ്രം നടത്താനുള്ള ശ്രമത്തിനിടെ യുവതി മരിക്കുകയായിരുന്നു. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാനായി മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റണമെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍, നാട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞ് ഗജേന്ദ്ര സുഹൃത്തിനെ കൂട്ടി മൃതദേഹവും കുട്ടികളുമായി ആശുപത്രി വിടുകയായിരുന്നു.തുടര്‍ന്ന് തലേഗാവില്‍ മൃതദേഹം എത്തിച്ച ശേഷം നദിയില്‍ തള്ളുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ ഗര്‍ഭഛിദ്രത്തിന് ഉള്‍പ്പെടെ പ്രതിയെ സഹായിച്ച ഒരു യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.