kerala
പക്ഷിപ്പനി: നിരണത്തെ താറാവുകളെ കൊല്ലാൻ തീരുമാനം; ഒരു കി.മീ ചുറ്റളവ് ഇൻഫെക്ടഡ് സോൺ kerala
പത്തനംതിട്ട: സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലെ താറാവുകളെ കൊല്ലാൻ തീരുമാനം. നാളെ താറാവുകളെ കൊല്ലുന്നതിനുള്ള നടപടികൾ ആരംഭിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവ് ഇൻഫെക്ടഡ് സോണായി പ്രഖ്യാപിച്ചു. പത്ത് കിലോമീറ്റർ ചുറ്റളവ് സർവൈവൽ സോൺ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ആലപ്പുഴ ജില്ലയിൽ എച്ച് 1 എൻ 1 പനി പടരുന്നു. 2024 ൽ ജില്ലയിൽ 35 എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ടു ചെയ്തു. പക്ഷിപ്പനി ജില്ലയുടെ വിവിധ മേഖലകളിൽ റിപ്പോർട്ടു ചെയ്തതിന് പിന്നാലെയാണ് എച്ച് 1എൻ 1 പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഇത് ജനങ്ങൾക്ക് ഇടയിൽ ആശങ്കയ്ക്ക് കാരണമായി. മതിയായ ചികിൽസ ലഭ്യമാണെന്നും ഭയപ്പെടാതെ ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ മാസത്തിലും ഈ മാസത്തിലുമാണ് ആലപ്പുഴയിൽ എച്ച് 1 എൻ 1 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. ഏപ്രിലിൽ ഒമ്പത് മുതല്‍ ഈ മാസം ഇതുവരെ ഒമ്പത് കേസും റിപ്പോർട്ട് ചെയ്തു. നിർത്താതെ ഉള്ള തുമ്മൽ, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ഈ വർഷം ഇതുവരെ 35 ഓളം എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.
ഗർഭിണികളും മറ്റ് അസുഖങ്ങൾ ഉള്ളവരും പ്രത്യേക ശ്രദ്ധ പുലർത്തണം. പക്ഷിപ്പനിക്ക് ഇതുമായി ബന്ധമില്ലെന്നാണ് വിദഗ്ധ അഭിപ്രായം. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ താമസിക്കുന്നവർ പനിയുള്ള പക്ഷം ആശുപത്രികളിൽ എത്തി ചികിൽസ തേടണമെന്നും ആരോഗ്യ വകുപ്പ് ആഭ്യർത്ഥിച്ചു