Headlines
Loading...
ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് എഎപി; ജയിലിൽ നിന്ന് ഭരിക്കുമെന്ന് കെജ്‌രിവാൾ first ever cm on jail

ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് എഎപി; ജയിലിൽ നിന്ന് ഭരിക്കുമെന്ന് കെജ്‌രിവാൾ first ever cm on jail

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഏഴു ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ആംആദ്മി പാർട്ടി. ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് ആംആദ്മി പാർട്ടി അപലപിച്ചു. ജനാധിപത്യത്തെ കൊലചെയ്യുന്നതിന് ജനങ്ങൾ സാക്ഷിയാണെന്ന് മന്ത്രികൂടിയായ അതിഷി മർലേന പറഞ്ഞു. ജയിലിൽ നിന്ന് ഭരിക്കുമെന്ന് കെജ്‌രിവാളും പ്രതികരിച്ചു. ഒന്നിനേയും പേടിയില്ല. എന്തും നേരിടാൻ തയ്യാറാണ്. കഴിഞ്ഞ ദിവസം രാത്രി ഇഡി ചോദ്യംചെയ്തില്ലെന്നും കെജ്‌രിവാൾ പ്രതികരിച്ചു. ഇത്ര പെട്ടെന്ന് ഇഡി അറസ്റ്റ് ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്ത കെജ്‌രിവാളിനെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. ഇ ഡി ആസ്ഥാനത്ത് നിന്നും റോസ് അവന്യൂ കോടതിവരെയുള്ള ഇടങ്ങളിലെല്ലാം പ്രതിഷേധ സാധ്യതകണക്കിലെടുത്ത് പൊലീസുകാരെ വിന്യസിച്ചിരുന്നു. കോടതി പരിസരത്തും കനത്ത പൊലീസ് വലയമാണ് തീർത്തിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിൻ്റെ സെക്ഷന്‍ പത്തൊമ്പത് പ്രകാരമാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് വാദത്തിനിടെ ഇ ഡി കോടതിയെ അറിയിച്ചിരുന്നു.

അറസ്റ്റ് വിവരം കുടുംബത്തെ അറിയിച്ചെന്നും റിമാന്‍ഡ് അപ്ലിക്കേഷൻ്റെ കോപ്പി നല്‍കിയെന്നും കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റിൻ്റെ പശ്ചാത്തലം അരവിന്ദ് കെജ്‌രിവാളിന് എഴുതി നല്‍കിയെന്നും ഇഡി കോടതിയില്‍ അറിയിച്ചു. സുപ്രീം കോടതി സെന്തില്‍ ബാലാജി കേസില്‍ പുറപ്പെടുവിച്ച വിധിപകര്‍പ്പും ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. അരവിന്ദ് കെജ്‌രിവാളാണ് ഡല്‍ഹി മദ്യനയകേസിലെ സൂത്രധാരൻ ഇ ഡി കോടതിയില്‍ വാദിച്ചു. സൗത്ത് ഗ്രൂപ്പിന് അനുകൂലമായി ഡല്‍ഹി മദ്യനയം ആവിഷ്‌കരിക്കുന്നതില്‍ അരവിന്ദ് കെജ്‌രിവാള്‍ നേരിട്ട് ഇടപെട്ടെന്നും ഇ ഡി കോടതിയില്‍ വാദിച്ചു.

അധികാരമുണ്ടെന്ന് പ്രയോഗിക്കാനുള്ള അവകാശമല്ല അറസ്റ്റെന്ന് അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്ങ്‌വി വാദിച്ചു. അടിസ്ഥാന വിവരങ്ങൾ കൈവശമുണ്ടെങ്കിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമെന്തെന്നും അഭിഷേക് സിങ്ങ്‌വി ചോദിച്ചു. ഒന്നാം സാക്ഷി മൊഴിനല്‍കി അതില്‍ കെജ്‌രിവാളിനെതിരായി പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല. പിന്നെയും മൊഴി നല്‍കി അപ്പോഴും കെജ്‌രിവാളിനെതിരായി ഒന്നുമുണ്ടായിരുന്നില്ല. അടുത്തഘട്ടം ഒന്നാം സാക്ഷിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാംഘട്ടം അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുക എന്നതായിരുന്നു. നാലാം ഘട്ടം സുപ്രഭാതത്തില്‍ ആയളെ മാപ്പുസാക്ഷിയാക്കി മാറ്റുകയെന്നതായിരുന്നു. അഞ്ചാംഘട്ടം ഇയാള്‍ കെജ്‌രിവാളിനെതിരെ ബുദ്ധിപരമായ മൊഴിയുമായി വരികയായിരുന്നുവെന്നും അഭിഷേക് സിങ്ങ്‌വി ചൂണ്ടിക്കാണിച്ചു