Headlines
Loading...
കര്‍ദിനാള്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിഞ്ഞു

കര്‍ദിനാള്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിഞ്ഞു

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനമൊഴിഞ്ഞു. മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന്  വിരമിച്ചെന്ന് മാര്‍ ആലഞ്ചേരി കൊച്ചിയില്‍ പറഞ്ഞു. 2022നവംബറില്‍ നല്‍കിയ രാജി മാര്‍പാപ്പ അംഗീകരിച്ചു. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ് ചുമതലയേല്‍ക്കുംവരെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിക്കും. മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് എന്ന പേരില്‍ ഇനി അറിയപ്പെടും. കര്‍ദിനാള്‍ എന്ന നിലയില്‍ ചുമതലകള്‍ തുടരും. പടിയിറങ്ങുന്നത് സംതൃപ്തിയോടെയാണെന്നും എറണാകുളത്ത് തുടരാനാണ് ആഗ്രഹമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. 2011 ലാണ് മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റത്. എറണാകുളം–അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ക്കും മാറ്റം. മാര്‍ ആന്‍ഡ്രൂസ് താഴത്തിന് പകരം ‌മാര്‍  ബോസ്കോ പുത്തൂര്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കും. 

സിറോ മലബാര്‍ സഭയില്‍ ഐക്യത്തിന് ആഹ്വാനംചെയ്ത് മാര്‍പാപ്പ. എറണാകുളം–അങ്കമാലി അതിരൂപതയില്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ഈ ക്രിസ്മസിന് സിനഡ് തീരുമാനപ്രകാരമുള്ള കുര്‍ബാന അര്‍പ്പിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ദു:ഖത്തോടെയാണ് സംസാരിക്കുന്നത് എന്ന മുഖവുരയോടെയാണ് പാപ്പയുടെ  വിഡിയോ സന്ദേശം.

അതേസമയം, സിറോമലബാര‍് സഭയിലെ സ്ഥാനചലനങ്ങള്‍ കൊണ്ടുമാത്രം  പ്രശ്നപരിഹാരമാവില്ലെന്ന് അല്‍മായ മുന്നേറ്റ സമിതിയും അതിരൂപത സംരക്ഷണസമതിയും പ്രതികരിച്ചു . ഏകീകൃത കുര്‍ബാന ക്രമം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഒഴിവാക്കണം . ഭൂമിയിടപാട് സഭയ്ക്കുണ്ടാക്കിയ നഷ്ടം നികത്താനും നടപടി വേണമെന്നും ഇരുസംഘടനകളുടെയും പ്രതിനിധികള്‍ ആവശ്യപ്പെട്ടു