national
33 ശതമാനം സീറ്റ് വനിതകള്‍ക്ക്; വനിതാസംവരണ ബില്ല് അവതരിപ്പിച്ചു
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യസമ്മേളനം സമാപിച്ചു. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് ബില്‍. പട്ടികവിഭാഗങ്ങള്‍ക്ക് സംവരണംചെയ്ത സീറ്റുകളുടെ മൂന്നിലൊന്ന് വനിതകള്‍ക്കായിരിക്കും. അതേസമയം ഒബിസി ഉപസംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. രാജ്യസഭയിലും നിയമസഭാ കൗണ്‍സിലിലും സംവരണ നിര്‍ദേശമില്ല. ബില്ലിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. രാവിലെ പഴയ മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്തസമ്മേളനം ചേര്‍ന്ന ശേഷമാണ് പ്രധാനമന്ത്രിയും മന്ത്രിമാരും എം.പിമാരും പുതിയ മന്ദിരത്തിലേക്ക് പ്രവേശിച്ചത്.
അതേസമയം വനിതാ സംവരണ ബില്ലിന്‍റെ ക്രെഡിറ്റിനെച്ചൊല്ലി സഭയില്‍ തര്‍ക്കം. തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാസംവരണം കൊണ്ടുവന്നത് രാജീവ് ഗാന്ധിയെന്ന് അധിര്‍ രഞ്ജന്‍ അവകാശപ്പെട്ടു. ബില്ലിന്‍റെ പകര്‍പ്പ് ചര്‍ച്ചയുടെ സമയത്ത് അംഗങ്ങള്‍ക്ക് നല്‍കാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാല്‍ ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.