kerala
‘രേഖകളില്‍ കൃത്യതയും വ്യക്തതയും ഇല്ല’; ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം കോടതി മടക്കി
പി.എസ്.സി പരീക്ഷാതട്ടിപ്പു കേസിലെ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതി മടക്കി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകള്‍ വ്യക്തമല്ലെന്നുള്ള ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നടപടി. യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥികളും എസ്.എഫ്.ഐ നേതാക്കളുമായിരുന്ന ശിവരഞ്ചിത്ത്, നസിം, പ്രണവ് എന്നിവരുള്‍പ്പെടെ ആറുപേരാണ് പ്രതികള്‍. അന്വേഷണം തുടങ്ങി നാലുവര്‍ഷം കഴിഞ്ഞ് സമര്‍പ്പിച്ച കുറ്റപത്രമാണ് തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമല്ലെന്നു ചൂണ്ടിക്കാട്ടി കോടതി മടക്കിയത്. രേഖകളില്‍ കൃത്യതയും വ്യക്തതയും വേണമെന്നു കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ഗൂഢാലോചന എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ചുള്ള തട്ടിപ്പില്‍ സൈബര്‍ നിയമങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്.എഫ്.ഐ നേതാക്കളായിരുന്ന ആര്‍.ശിവരഞ്ചിത്ത്, എ.എന്‍. നസിം, പി.പി.പ്രണവ് എന്നിവര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കോപ്പിയടിച്ചാണ് ഒന്നും,രണ്ടും, 28 ഉം റാങ്കുകള്‍ നേടിയതെന്നാണു കണ്ടെത്തല്‍. വാട്സാപിലൂടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയായിരുന്നു കോപ്പിയടി. ഫോണിലൂടെ സന്ദേശങ്ങള്‍ നല്‍കിയ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരും പ്രതികളാണ്. 2019 ല്‍ പി.എസ്.സി സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയിലേക്ക് നടത്തിയ ചോദ്യപേപ്പര്‍ ചോര്‍ത്തിയായിരുന്നു കോപ്പിയടി. യൂണിവേഴ്സിറ്റി കോളജില്‍ നടന്ന കത്തികുത്ത് കേസില്‍ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്കു ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായ ശിവരഞ്ചിത്ത് ഉള്‍പ്പെട്ടതോടെയാണ് പരീക്ഷാ തട്ടിപ്പ് പുറത്തുവന്നത്.