Headlines
Loading...
സ്വര്‍ണ്ണക്കടത്ത് സംഘങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധം; ഇന്റലിജന്‍സ്

സ്വര്‍ണ്ണക്കടത്ത് സംഘങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധം; ഇന്റലിജന്‍സ്

തിരുവനന്തപുരം സംസ്ഥാനത്ത് സ്വർണ്ണ കടത്ത് സംഘങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ദൃഢ ബന്ധമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതിലും സ്വര്‍ണ്ണക്കടത്ത് സംഘം ഇടപെടുന്നതായുള്ള റിപ്പോര്‍ട്ട് ഐ ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് റിസോര്‍ട്ടുകളില്‍ സ്വര്‍ണ്ണക്കടത്ത് സംഘം പാര്‍ട്ടി നടത്തിയതിന്റെ തെളിവുകളും ഐബിക്ക് ലഭിച്ചതായാണ് സൂചന.

സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ സ്വര്‍ണ്ണ കടത്ത് സംഘത്തിന് കവചം ഒരുക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഐബി റിപ്പോര്‍ട്ടിലുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതിനും സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ട്. ഡ്യൂട്ടി പട്ടിക പ്രതിദിനം സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനാണ് കൈമാറുന്നതെന്നാണ് ഐ ബി യുടെ മറ്റൊരു കണ്ടെത്തല്‍.സ്വര്‍ണ്ണം കടത്തുന്ന യാത്രികന്റെ പാസ്‌പോര്‍ട്ടും മറ്റ് വിവരങ്ങളും സ്വര്‍ണ്ണക്കടത്ത് സംഘം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സ്വര്‍ണ്ണവുമായി എത്തുന്ന ഈ യാത്രികനെ സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്ത് എത്തിക്കുക എന്നതാണ് കസ്റ്റസ് ഉദ്യോഗസ്ഥരുടെ ചുമതല. സ്വര്‍ണ്ണക്കടത്തിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റാനും ഉന്നത തലങ്ങളില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ട്.

സ്വര്‍ണ്ണക്കടത്തിന് സഹായം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികത്തിന് പുറമേ വയനാട്ടിലും മൂന്നാറിലും പാര്‍ട്ടി നല്‍കിയതിന്റെ തെളിവും ഐബി ശേഖരിച്ചു. സംസ്ഥാനത്തേക്ക് ദിനംപ്രതി കിലോ കണക്കിന് സ്വര്‍ണം കടത്തുന്നു എന്നാണ് ഐ ബിയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങള്‍ വഴിയാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണം എത്തുന്നത്. വിമാനത്തിലെ ക്യാബിന്‍ ക്രൂ മുതല്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വരെ വന്‍ മാഫിയ സംഘമാണ് സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഇടയ്‌ക്കൊക്കെ സ്വര്‍ണ്ണം പിടിക്കപ്പെടുമ്പോള്‍ സംഘത്തലവനും സഹായം നല്‍കുന്നവരും കാണാമറയത്ത് സുരക്ഷിതരാണ്. രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടമുണ്ടാക്കുന്ന സ്വര്‍ണക്കടത്തിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നത്. അതീവ ഗൗരവമുള്ള ഐ ബി റിപ്പോര്‍ട്ടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടന്‍ നടപടി സ്വീകരിച്ചേക്കും എന്നാണ് സൂചന