Headlines
Loading...
സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി പ്രവീണ്‍ റാണ പൊലീസ് പിടിയില്‍

സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി പ്രവീണ്‍ റാണ പൊലീസ് പിടിയില്‍

കൊച്ചി: സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പ്രവീണ്‍ റാണ പൊലീസ് പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇക്കഴിഞ്ഞ ആറാം തിയ്യതി പ്രവീണ്‍ റാണ സംസ്ഥാനം വിട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് പ്രവീണ്‍ റാണ പിടിയിലായത്. തൃശൂര്‍ ഈസ്റ്റ് സിഐ ലാല്‍കുമാറും കമ്മീഷണറുടെ സ്‌ക്വാഡുമാണ് പ്രവീണ്‍ റാണയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ കൂട്ടാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.റാണയുടെ സ്ഥാപനത്തിലെ അഡ്മിന്‍ മേധാവിയായ വെളുത്തൂര്‍ സ്വദേശി സതീഷാണ് അറസ്റ്റിലായത്. ഒപ്പം നിക്ഷേപ രേഖകളും പിടിച്ചെടുത്തിരുന്നു. പാലാഴിയിലെ വീട്ടില്‍ നിന്നാണ് രേഖകള്‍ കണ്ടെടുത്തത്.'സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി' എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് പ്രവീണ്‍റാണക്കെതിരായ കേസ്. 18 കേസുകളാണ് പ്രവീണ്‍ റാണക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍. 48 ശതമാനംവരെ പലിശയും ഫ്രാഞ്ചൈസി ചേര്‍ക്കാമെന്ന വാഗ്ദാനവും ചെയ്തതിനെ തുടര്‍ന്നാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്

പീച്ചി സ്വദേശിനിയായ ഹണി തോമസിന്റെ പരാതിയിലാണ് റാണക്കെതിരെ ആദ്യം പൊലീസ് കേസെടുത്തത്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നാണ് പരാതി. ആദം ബസാറിലെ സ്ഥാപനത്തിലെ ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിക്കുന്നതിനായി ഒരു ലക്ഷം രൂപയാണ് പ്രതി പരാതിക്കാരില്‍ നിന്നും വാങ്ങിയത്. പ്രതിമാസം 2000 രൂപ സ്‌റ്റൈപന്റും കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപത്തോടൊപ്പം നല്‍കാമെന്ന് പറഞ്ഞിരുന്നു. സ്‌റ്റൈപന്റ് കൈപ്പറ്റിയില്ലെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ രണ്ടര ലക്ഷം രൂപയായി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതായും പരാതിയില്‍ പറയുന്നു.