Headlines
Loading...
സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്ന് വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു

സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്ന് വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു

ഒഡീഷമന്ത്രി നബ കിഷോര്‍ ദാസ് വെടിയേറ്റുമരിച്ചു. സുരക്ഷാ സംഘത്തിലുണ്ടായിരുന്ന എഎസ്െഎ ആണ് നെഞ്ചിലേക്ക് വെടിയുതിര്‍ത്തത്. ബിജെഡിയുടെ പൊതു പരിപാടിക്കിടെ ത്സര്‍സുഗുഡയില്‍ വച്ചായിരുന്നു ആക്രമണം. എഎസ്ഐക്ക് മാനസീകാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഭാര്യ പറഞ്ഞു. ക്രൈംബ്രാഞ്ച് െഎജിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ബിജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംഘര്‍ഷസാഹചര്യം നിലനില്‍ക്കുന്നുണ്ട്.

ഒഡീഷ ആരോഗ്യമന്ത്രിയും ബിജുജനതാദളിന്‍റെ മുതിര്‍ന്ന നേതാവുമായ നബ കിഷോര്‍ ദാസിന് ജന്മനാടായ ഝര്‍സുഗുഡയില്‍ പൊതുപരിപാടിക്കിടെയാണ് വെടിയേറ്റത്. ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ബ്രജ്‍രാജ്നഗറിലെ ഗാന്ധി ചൗക്കില്‍ പാര്‍ട്ടി ഓഫീസും പൊതുപരാതി പരിഹാര ഓഫീസും ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു. ഉദ്യോഗികവാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ നെഞ്ചില്‍ വെടിയേറ്റു. ഗാന്ധി ചൗക്ക് ഔട്ട് പോസ്റ്റിലെ എഎസ്ഐ ഗോപാല്‍ ദാസാണ് സര്‍വീസ് തോക്കുകൊണ്ട് ക്ലോസ് റേഞ്ചില്‍ വെടിവച്ചത്. മന്ത്രിക്കുനേരെ രണ്ടുതവണ വെടിവച്ചതായാണ് റിപ്പോര്‍ട്ട്. ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്. പ്രതിയെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. 

നബ കിഷോര്‍ ദാസിനെ ഭുവനേശ്വര്‍ അപ്പോളോ ആശുപത്രിയിലേയ്ക്ക് എയര്‍ലിഫ്റ്റ് ചെയ്തു. മുഖ്യമന്ത്രി നവീന്‍ പട്നായിക് ആശുപത്രിയിലെത്തി. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. എഎസ്െഎ ഗോപാല്‍ ദാസിനെ സമ്പല്‍പുര്‍ പൊലീസ് നോര്‍ത്ത് ഡിവിഷന്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തു. ഗോപാല്‍ ദാസ് മാനസീക സമ്മര്‍ദത്തിലായിരുന്നുവെന്നും മന്ത്രിയുമായി ശത്രുതയുള്ളതായി അറിയില്ലെന്നും ഭാര്യ പറഞ്ഞു.