Headlines
Loading...
സജി ചെറിയാനെ മന്ത്രിസഭയില്‍ പുനപ്രവേശിപ്പിക്കാനുള്ള നീക്കം; നിയമോപദേശം തേടി ഗവര്‍ണര്‍

സജി ചെറിയാനെ മന്ത്രിസഭയില്‍ പുനപ്രവേശിപ്പിക്കാനുള്ള നീക്കം; നിയമോപദേശം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ സത്യപ്രതിജ്ഞക്ക് സാധുതയുണ്ടോ എന്നതിലാണ് ഗവര്‍ണറുടെ സ്റ്റാന്‍ഡിങ്ങ് കൗണ്‍സിലിനോട് ഉപദേശം തേടിയത്. ഇതോടെ ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്കെത്തുകയാണ്. ഗവര്‍ണര്‍ നാളെ കേരളത്തില്‍ തിരിച്ചെത്തിയിട്ടാകും സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ തീരുമാനമെടുക്കുക.

കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റ് യോഗത്തിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാനുള്ള തീരുമാനമെടുത്തത്. നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. ഗവര്‍ണറുടെ സൗകര്യത്തിനനുസരിച്ച് തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്‌കാരിക വകുപ്പുകള്‍ തന്നെ അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. സജി ചെറിയാനെ എം എല്‍ എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.