kozhikode
'അപകടകരമായ വീഴ്ച മറച്ചുവെക്കാനുള്ള ആസൂത്രിതമായ ശ്രമം'; സ്വാഗതഗാന വിവാദത്തിൽ പരാതി
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ പരാതി. അഡ്വക്കേറ്റ് അനൂപ് വി ആർ ആണ് പരാതി നൽകിയത്. മത സാമുദായിക സ്പർധയും വെറുപ്പും വളർത്തുന്ന തരത്തിലുളള ചിത്രീകരണങ്ങൾ സ്വാഗതഗാനത്തിൽ ഉൾപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്വാഗതഗാനത്തിൽ ഒരു വിഭാഗത്തെ തീവ്രവാദികൾ ആയി ചിത്രീകരിച്ചിട്ടുണ്ടെന്നും, അതിനകത്തെ ഗൂഢാലോചന അന്വേഷിക്കേണ്ടതാണെന്ന് പറഞ്ഞതും പരാതിയിൽ ചൂണ്ടികാണിച്ചിട്ടുണ്ടെന്ന് അനൂപ് വി ആർ ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുളളത്.
ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോൽസവത്തെ നോൺവെജ് വിളമ്പണോ വെജ് വിളമ്പണോ എന്ന ചർച്ചയിൽ പരിമതപ്പെടുത്തിയെന്ന് അനൂപ് വി ആർ വിമർശിച്ചു. സംഘാടനത്തിൽ സംഭവിച്ച അപകടകരമായ വീഴ്ച മറച്ചുവെക്കാനുള്ള ആസൂത്രിതമായ പരിശ്രമം അനുവദിക്കില്ല. ഇക്കാര്യത്തിൽ തുടർനിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും അനൂപ് വി ആർ പറഞ്ഞു.
കഫിയ ധരിച്ചയാളെ ഇന്ത്യൻ സൈന്യം പിടികൂടുന്നതായുളള ദൃശ്യാവിഷ്കാരമാണ് വിവാദത്തിലേക്ക് നയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലിരിക്കെയായിരുന്നു ദൃശ്യാവിഷ്കാരം അവതരിപ്പിച്ചത്. സംഭവത്തിൽ സർക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ മുസ്ലിംലീഗ് വിമർശനവുമായി രംഗത്തുവന്നിരുന്നു. സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്കാരം ഇസ്ലാം എന്നാൽ ഭീകരവാദമാണെന്ന പ്രചരണത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഇതിന് രൂപം നൽകിയ സംഘപരിവാർ പ്രവർത്തകനെ സമിതി ആദരിക്കുകയും ചെയ്തു. ഇത് ഓങ്ങി നിൽക്കുന്ന മഴുവിന് മൂർച്ച കൂട്ടികൊടുക്കുന്ന പ്രവൃത്തിയാണിതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് വിമർശിച്ചിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി ഖേദം പ്രകടിപ്പിക്കണം. ഉത്തരവാദികൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടിരുന്നു.