kerala
'ചൂട് റൊണാള്‍ഡോക്ക് പറ്റുന്നില്ല'; കേരളത്തിലെ ഏറ്റവും വലിയ കട്ടൗട്ട് കാറ്റില്‍ നിലംപൊത്തി; ചിത്രം പങ്കുവെച്ച് എംഎല്‍എ
പാലക്കാട്: ലോക കപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് തകര്‍ന്നു വീണു. പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച കട്ടൗട്ടാണ് ശക്തമായ കാറ്റില്‍ തകര്‍ന്നുവീണത്. സംസ്ഥാനത്ത് സ്ഥാപിച്ചതില്‍ ഏറ്റവും വലിയതെന്ന അവകാശവാദം ഉയര്‍ന്ന കട്ടൗട്ടാണ് തകര്‍ന്നുവീണത്.130 അടി ഉയരമുള്ള കട്ടൗട്ടാണ് പോര്‍ച്ചുഗല്‍ ഫാന്‍സ് സ്ഥാപിച്ചത്. കൊല്ലങ്കോട്-പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ട് മരത്തിന് സമീപത്താണ് ഫിന്‍മാര്‍ട്ട് കമ്പനി കട്ടൗട്ട് സ്ഥാപിച്ചത്. ക്രിസ്റ്റ്യാനോയുടെ ഈ കട്ടൗട്ട് ഇതിനകം ഏഷ്യാ ഗിന്നസ് ബുക്ക് റെക്കോഡിലും ഇടം പിടിച്ചെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
നെന്മാറ എംഎല്‍എ കെ ബാബു കേക്ക് കട്ട് ചെയ്തുകൊണ്ട് രാത്രി പത്ത് മണിക്ക് ആഘോഷങ്ങളോടെയായിരുന്നു കട്ടൗട്ട് സ്ഥാപിച്ചത്. ഇന്ന് കട്ടൗട്ട് തകര്‍ന്നതും എംഎല്‍എ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ സത്യപാല്‍, മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, മറ്റ് ജനപ്രതിനിധികള്‍, ഫിന്‍ഗ്രൂപ്പ് എം ഡി രജിത, ജനറല്‍ മാനേജര്‍ വൈശാഖ്. എന്നിവരും ക്രിസ്റ്റിയാനോയുടെ ആരാധകരുമായ നൂറുകണക്കിന് പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കട്ടൗട്ട് വീണതോടെ പോര്‍ച്ചുഗല്‍ ആരാധകര്‍ നിരാശയിലാണ്. എംഎല്‍എയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. 'ഇത് പോലത്തെ സംഭവങ്ങള്‍ തുടര്‍ന്നും ഉണ്ടാവും. ഇത്രവലിയ സ്റ്റേക്ച്ചറുകള്‍ പൊതു സ്ഥലങ്ങളില്‍ വെക്കാന്‍ എന്തെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഏര്‍പെടുത്തിയിട്ടുണ്ടോ, എങ്കില്‍ അവ പാലിക്കപ്പെടുന്നുണ്ടോ?'യെന്ന് ഒരാള്‍ ചൂണ്ടികാട്ടി.'നിങ്ങള്‍ക്ക് ബാനറേ വീഴ്ത്താനെ കഴിയു CR 7 ന് തൊടാന്‍ കഴിയില്ല', എത്ര വലിയ കാറ്റ് വീശിയാലും CR 7 എന്നും തലയുയര്‍ത്തി തന്നെ നില്‍ക്കും. അതിന് ഉദാഹരണമാണ് വീണിട്ടും തലയുയര്‍ത്തി തന്നെ നില്‍ക്കുന്നത്', തുടങ്ങി കമന്റുകള്‍ നിറയുകയാണ്.